05 December Thursday

അടുത്തമാസം കണ്ടെയ്‌നര്‍ കപ്പലുകളെത്തും: മന്ത്രി

സ്വന്തം ലേഖകൻUpdated: Saturday Nov 16, 2019
 
കൊല്ലം
ഡിസംബർ രണ്ടാംവാരത്തോടെ കൊല്ലം തുറമുഖത്ത് കണ്ടെയ്‌നർ കപ്പലുകൾ എത്തുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ പറഞ്ഞു. സൗകര്യങ്ങൾ പരിശോധിക്കാൻ തുറമുഖത്ത് എത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. തുടർച്ചയായി ഇത്തരം കപ്പലുകൾ കൊണ്ടുവരാനാണ്‌ ശ്രമം. ഇതോടെ കൊല്ലം തിരക്കുള്ള തുറമുഖമായി മാറുമെന്നും മന്ത്രി പറഞ്ഞു. എസ് എസ് മാരിടൈം കമ്പനിയുടെ കണ്ടെയ്‌നർ കപ്പലുകളാണ് എത്തുന്നത്. കപ്പൽ അടുക്കുന്നതിന് ആവശ്യമായ കൂടുതൽ സൗകര്യങ്ങൾ തുറമുഖ വകുപ്പ് ഒരുക്കും. ആവശ്യമായ രേഖകളുടെ കാലതാമസം ഇല്ലാതാക്കാനും നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.  
ടൈൽ, സിമന്റ്, വളം, പഞ്ചസാര എന്നിവയാണ് ആദ്യഘട്ടത്തിൽ കമ്പനി തുറമുഖത്ത് എത്തിക്കുന്നത്‌. ഗുജറാത്ത്, മഹാരാഷ്ട്ര, തൂത്തുക്കുടി കേന്ദ്രീകരിച്ച് ചരക്കുനീക്കം നടത്തുന്ന കമ്പനിക്ക് കൊല്ലം തുറമുഖത്തെ സെൻട്രൽ ഹബ്ബായി ഉപയോഗപ്പെടുത്താനാകും. കൊല്ലത്ത് എത്തുന്ന ചരക്ക് കപ്പലിൽ കൊൽക്കത്തയിൽ എത്തിക്കാനും പദ്ധതിയുണ്ട്. 
വളത്തിന് പത്തനംതിട്ട, തെങ്കാശി, ചെങ്കോട്ട എന്നിവിടങ്ങളിൽ ആവശ്യക്കാരുണ്ട്. നഗരത്തിലെ വ്യാപാരികളുടെ ആവശ്യത്തിനനുസരിച്ച് പഞ്ചസാര വിൽപ്പനയ്ക്കും സാധ്യതയേറെയാണ്. 
കമ്പനി പ്രതിനിധി മഹാദേവൻ, കേരള മാരിടൈം ബോർഡ് ചെയർമാൻ വി ജെ മാത്യു, ബോർഡ് അംഗം വി മണിലാൽ, എം പി ഷിബു, എം കെ ഉത്തമൻ, സിഇഒ 
കെ ആർ വിനോദ്, പോർട്ട് ഓഫീസർ ക്യാപ്റ്റൻ എബ്രഹാം വി കുര്യാക്കോസ് തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായി.
പ്രധാന വാർത്തകൾ
 Top