18 October Friday
വള്ളവും ഇന്ധനവും കവർച്ച

അന്വേഷണം ഊർജിതം; തീരത്ത്‌ ജാഗ്രത

സ്വന്തം ലേഖകന്‍Updated: Monday Sep 16, 2019
 
 
ചവറ
ശക്തികുളങ്ങരയിൽ മീൻപിടിത്ത വള്ളവും എട്ട് ടാങ്ക് ഇന്ധനവും മോഷണംപോയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. തീരപ്രദേശത്ത്‌  ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്‌. ശക്തികുളങ്ങര പൊയ്കയിൽ വീട്ടിൽ ജേക്കബിന്റെ വള്ളമാണ്‌ മോഷണംപോയത്. 
  കടത്താൻ ശ്രമിച്ച മറ്റു രണ്ട് വള്ളങ്ങൾ മണ്ണിൽ ഉറച്ചതിനാൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയിരുന്നു. 
ഇവ  കടലിൽ എവിടെയെങ്കിലും ഉപേക്ഷിക്കപ്പെട്ടതായുണ്ടോ എന്ന്‌ അന്വേഷിക്കാൻ കോസ്റ്റ്ഗാർഡ്, മറൈൻ, നേവി, കടലോര ജാഗ്രതാ സമിതി എന്നിവയ്ക്ക്‌ നിർദേശം നൽകിയിട്ടുണ്ട്‌.   
ശക്തികുളങ്ങര പൊലീസാണ്‌ കേസ്‌ അന്വേഷിക്കുന്നത്‌.  കടൽമാർഗം തീവ്രവാദി നുഴഞ്ഞുകയറ്റമുണ്ടെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ സംഭവം പൊലീസ്‌ ഗൗരവതരമായാണ്‌ അന്വേഷിക്കുന്നത്‌. മത്സ്യബന്ധനത്തിനുശേഷം കായലിൽ കെട്ടിയിട്ടിരുന്ന വള്ളമാണ് മോഷ്ടിച്ചത്. 
പൊലീസ് സംഘം അഷ്ടമുടിക്കായലിൽ തെരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല.  നീണ്ടകര കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്‌മെന്റ് വിഭാഗവും കടലിൽ തെരച്ചിൽ നടത്തി. അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. 
തുടർച്ചയായി 24  മണിക്കൂർ ഓടിക്കാനുള്ള ഇന്ധനമാണ് മോഷ്ടിക്കപ്പെട്ടത്.
 
പ്രധാന വാർത്തകൾ
 Top