26 July Monday
പത്തനാപുരത്ത്‌ സ്ഫോടക വസ്തുശേഖരം

അന്വേഷണം ഊർജിതം

സ്വന്തം ലേഖകൻUpdated: Wednesday Jun 16, 2021

പത്തനാപുരത്ത് സ്ഫോടകവസ്തു ശേഖരം കണ്ടെത്തിയ സ്ഥലം ദക്ഷിണമേഖലാ ഡിഐജി സഞ്ജയ്കുമാർ ഗുരുഡിൻ 
സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഡിവൈഎസ്‌പി ജോസ് എന്നിവർ സന്ദർശിക്കുന്നു

പത്തനാപുരം
പത്തനാപുരം പാടം വനമേഖലയിൽ സ്ഫോടകവസ്തു ശേഖരം കണ്ടെത്തിയ സംഭവത്തിൽ പൊലീസും സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡും അന്വേഷണം ഊർജിതമാക്കി. എൻഐഎയും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും അന്വേഷിക്കുന്നു. തമിഴ്നാട് ക്യൂ ബ്രാഞ്ച്‌ സംഘം അടുത്തദിവസം സ്ഥലത്ത്‌ പരിശോധന നടത്തും. ദക്ഷിണമേഖലാ ഡിഐജി സഞ്ജയ്കുമാർ ഗുരുഡിൻ ചൊവ്വാഴ്ച രാവിലെ സ്ഥലം സന്ദർശിച്ചു. സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഡിഐജി അനൂപ് കുരുവിളയുടെ നിർദേശപ്രകാരം ഡിവൈഎസ്‌പി ജോസ്‌ സ്ഥലത്തെത്തി. ബോംബ് സ്ക്വാഡും വനം വകുപ്പ് ഉദ്യോഗസ്ഥരും പരിശോധന നടത്തി. 
പൊലീസ്‌ സംശയിക്കുന്ന തീവ്രവാദ സ്വഭാവമുള്ള സംഘടനകളിലുള്ളവരെ കേന്ദ്രീകരിച്ചും അന്വേഷണം വ്യാപിച്ചിട്ടുണ്ട്‌.  വനം വകുപ്പിന്റെ  അധീനതയിലുള്ള ഫോറസ്റ്റ് ഡെവലപ്മെന്റ്‌ കോർപറേഷന്റെ കശുമാവിൻ തോട്ടത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പതിവ് പരിശോധനയ്ക്കിടെ തിങ്കളാഴ്ച രാവിലെയാണ്‌ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്. ജലാറ്റിൻ സ്റ്റിക്ക്, ഡിറ്റണറേറ്റർ, നട്ടുകൾ, വയറുകൾ എന്നിവ ചിതറിക്കിടക്കുന്ന നിലയിലായിരുന്നു.   
ജലാറ്റിൻ സ്റ്റിക്‌ 
നിർമിച്ചത്‌ തൃച്ചിയിൽ
ജലാറ്റിൻ സ്റ്റിക്കിന്റെയും ബാറ്ററിയുടെയും ഉറവിടം കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ്‌ പൊലീസ്‌. ജലാറ്റിൻ സ്റ്റിക്ക്‌ തമിഴ്‌നാട്‌ തൃച്ചിയിലെ ഫാക്ടറിയിൽ നിർമിച്ചതാണെന്ന് ശാസ്‌ത്രീയ പരിശോധനയിൽ പൊലീസ്‌ കണ്ടെത്തി. ജലാറ്റിൻ സ്റ്റിക്കിൽ ‘സൺ 19’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്‌. ബാച്ച് നമ്പർ ഇല്ലാത്തതിനാൽ ഇവയുടെ കാലപ്പഴക്കം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. 
പാടത്ത്‌ ആയുധ 
പരിശീലനം നടന്നെന്ന്‌  മൊഴി 
തീവ്രവാദ പ്രവർത്തനവുമായി ബന്ധപ്പെട്ട്‌ ആറുമാസം മുമ്പ്‌ ഉത്തർപ്രദേശിൽ പിടിയിലായ രണ്ടു മലയാളികളിൽ പന്തളം സ്വദേശി പത്തനാപുരം പാടത്ത്‌ ആയുധ പരിശീലനം നേടിയതായി യുപി പൊലീസിന് മൊഴി നൽകിയിരുന്നു. ജനുവരിയിലും ഫെബ്രുവരിയിലും പാടം വനമേഖലയിൽ  ഇരുന്നൂറോളം പേർക്ക്‌ ആയുധ പരിശീലനം ലഭിച്ചെന്നും  വനത്താൽ ചുറ്റപ്പെട്ട പ്രദേശത്തിന് നടുവിലുള്ള മൈതാനത്തായിരുന്നു പരിശീലനമെന്നും മൊഴിയിലുണ്ട്‌. തുടർന്ന് എൻഐഎയും കേരള പൊലീസിന്റെ സ്പെഷ്യൽ ബ്രാഞ്ച്, തമിഴ്നാട് ക്യൂ ബ്രാഞ്ച് അടക്കമുള്ള രഹസ്യാന്വേഷണ വിഭാഗങ്ങൾ പാടത്ത്‌  പരിശോധന നടത്തിയിരുന്നു.   ഇതിനിടെയാണ് ഇവിടെ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. 
11 വർഷം മുമ്പും ഈ മേഖലയിൽ നിരോധിത സംഘടനയുടെ നേതൃത്വത്തിൽ ആയുധപരിശീലനം നൽകിയിരുന്നെന്ന  സൂചനയുടെ അടിസ്ഥാനത്തിൽ  പൊലീസ് അന്വേഷണം നടത്തിയിരുന്നു. പാടത്തിനു സമീപം കൂടൽ വനമേഖലയിലും തീവ്രവാദ  സംഘടനയിൽപ്പെട്ടവർ  എത്തിയിരുന്നതായും തമിഴ്നാട് ക്യൂ ബ്രാഞ്ചിനു സൂചന ലഭിച്ചിട്ടുണ്ട്‌. അപരിചിതരായവരെ  ഇവിടെ കണ്ടിരുന്നതായി നാട്ടുകാർ അന്വേഷക സംഘത്തെ അറിയിച്ചിട്ടുണ്ട്‌. 
 തീവ്രവാദ പരിശീലനം നൽകിയ സംഘടന ഏതെന്ന നിഗമനത്തിൽ എത്താൻ കൂടുതൽ തെളിവുകൾ ലഭിക്കേണ്ടതുണ്ടെന്നും സുപ്രധാന വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും പൊലീസ്‌ പറയുന്നു. സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡിന് നേതൃത്വം നൽകുന്ന ഡിഐജി അനൂപ് കുരുവിളയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. അതിനിടെ ഉൾവനങ്ങളിൽ വനംവകുപ്പിന്റെ സഹകരണത്തോടെ പൊലീസ് തെരച്ചിൽ നടത്തിവരുന്നു. വനമേഖലയ്‌ക്കു സമീപമുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top