24 July Saturday

വ്യാജ ഫെയ്‌സ്‌ബുക്ക്‌ ഐഡിയിലൂടെ തട്ടിപ്പ്‌: യുവതിക്കെതിരെ കേസ്‌

സ്വന്തം ലേഖകന്‍Updated: Wednesday Jun 16, 2021
ശൂരനാട്
 ഫെയ്‌സ്ബുക്കിൽ മറ്റുള്ളവരുടെ ഫോട്ടോ ഉപയോഗിച്ച് നിർമിച്ച വ്യാജ ഐഡികളിലൂടെ നാലുവർഷം തട്ടിപ്പു നടത്തിയ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. ശൂരനാട് തെക്ക് പതാരം മാവിനാൽത്തറ കോളനിയിൽ അശ്വതി (32)യ്‌ക്കെതിരെയാണ്‌ ശൂരനാട് പൊലീസ് കേസെടുത്തത്. എറണാകുളം കാക്കനാട് സ്വദേശികളും സഹോദരങ്ങളുമായ പ്രഭ, രമ്യ എന്നിവരുടെ ഫോട്ടോ ഉപയോഗിച്ചാണ്‌ ഐഡി നിർമിച്ചത്‌. 
പരാതിക്കാരുടെ ഫോട്ടോ സാമൂഹ്യ മാധ്യമത്തിൽനിന്ന്‌ സംഘടിപ്പിച്ച്‌ ഫെയ്‌സ്ബുക്കിൽ അശ്വതി അച്ചു, അനുശ്രീ അനു എന്നീ പേരുകളിൽ  ഐഡി ഉണ്ടാക്കി. തുടർന്ന് നിരവധി പേരുമായി സൗഹൃദം സ്ഥാപിച്ചു. ചാറ്റിങ്ങിനിടെ പലവർക്കും പരാതിക്കാരുടെ കൂടുതൽ ഫോട്ടോ അയച്ചു നൽകി. ചിലരിൽനിന്ന് പണം തട്ടിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പണം നഷ്ടമായവർ പരാതി നൽകാൻ തയ്യാറായിട്ടില്ല. പരാതിക്കാരുടെ ഫോട്ടോ കൈമാറി വിവാഹാലോചനയും നടത്തി. അശ്ലീല ചാറ്റുകൾ അടക്കം നടത്തിയ പ്രതിയുടെ ലക്ഷ്യം സാമ്പത്തിക തട്ടിപ്പ് ആണെന്നു കരുതുന്നു. രണ്ടുകുട്ടികളുടെ അമ്മയായ അശ്വതിയുടെ  തട്ടിപ്പ്‌ ഭർത്താവ് പോലും അറിഞ്ഞില്ല. മൂന്നു ബാങ്ക് അക്കൗണ്ടുള്ള ഇവരുടെ  പണമിടപാടുകൾ പൊലീസ് പരിശോധിക്കുന്നുണ്ട്.  
ഫെയ്‌സ്ബുക്കിൽ മറ്റു പേരുകളിൽ പരാതിക്കാരുടെ ഐഡികൾ കണ്ട ചിലർ ശ്രദ്ധയിൽപ്പെടുത്തിയിനെ തുടർന്നാണ് പ്രഭയും രമ്യയും പരാതി നൽകിയത്‌. ഫെയ്‌സ്ബുക്കിൽനിന്ന്‌ ഫോൺ നമ്പർ കരസ്ഥമാക്കിയ പരാതിക്കാർ കൂടുതൽ അന്വേഷിച്ച് പ്രതിയുടെ താമസസ്ഥലം മനസ്സിലാക്കുകയായിരുന്നു. തുടർന്നാണ് ശൂരനാട്ട് എത്തി പരാതി നൽകിയത്. ശൂരനാട് എസ്എച്ച്‌ഒ ശ്യാമിന്റെ നേതൃത്വത്തിലാണ് അന്വേഷണം.  അശ്വതിയെ വനിതാ എസ്ഐ മഞ്ജു വി നായരുടെ നേതൃത്വത്തിൽ ചോദ്യംചെയ്ത്‌ വിട്ടയച്ചു. സൈബർ സെല്ലിൽനിന്നടക്കം കൂടുതൽ തെളിവുകൾ ലഭിച്ച ശേഷമേ അറസ്റ്റ് ഉണ്ടാവുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top