15 October Tuesday

ദേശീയപാതയിലെ പുനലൂർ കോട്ടവാസൽ കുരുതിക്കളം

വെബ് ഡെസ്‌ക്‌Updated: Sunday Jun 16, 2019

 

പുനലൂർ
അപകടങ്ങളുടെ കേന്ദ്രമായി ദേശീയപാതയിലെ പുനലൂർ–-കോട്ടവാസൽഭാഗം. ആറു മാസത്തിനിടെ ഉണ്ടായത് ഇരുപതിൽ അധികം അപകടങ്ങൾ. ദേശീയപാതയുടെ തകർച്ചയും വാഹനങ്ങളുടെ അമിതവേഗതയുമാണ‌് പ്രധാനമായും അപകടങ്ങൾക്ക‌് കാരണം. ശനിയാഴ്ച ഇടമണിൽ ബൈക്കും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടമാണ് ഒടുവിലത്തേത്.
അപകടത്തിൽ ബൈക്ക് യാത്രക്കാരൻ അശോ‌ക‌്കുമാർ മരിച്ചു. മാസങ്ങൾക്ക‌് മുമ്പ് ഇടമണിൽ അമിതവേഗത്തിൽ എത്തിയ കാറിടിച്ച് ലോട്ടറി വിൽപ്പനക്കാരൻ മരിച്ചിരുന്നു. ഒരുവർഷം മുമ്പാണ‌് വാളക്കോട് വലിയ വളവിൽ സ്കൂട്ടറിൽ അമിതവേഗതയിൽ എത്തിയ ചരക്കുലോറി ഇടിച്ചുകയറി സിപിഐ എം ഈസ്റ്റ് ലോക്കൽ സെക്രട്ടറി എ പ്രകാശ‌് മരിച്ചത‌്. ഒരാഴ്ച മുമ്പ് ഇടമൺ എൽപിഎസിനു സമീപം നിയന്ത്രണംവിട്ട ചരക്കുലോറി നാലു കടകളിൽ ഇടിച്ചുകയറി. വെള്ളിമല, ഇടമൺ 34, ഒറ്റക്കൽ, ഉറുകുന്ന്, കഴുതുരുട്ടി, ഇടപ്പാളയം, ആര്യങ്കാവ് എന്നിവിടങ്ങളിലും അടുത്തിടെ നിരവധി അപകടങ്ങൾ ഉണ്ടായി. ഈഭാഗത്ത‌് അമിതവേഗത നിയന്ത്രിക്കാൻ നടപടിയില്ല. കൊടുംവളവുകൾക്ക‌് മുമ്പ് മുന്നറിയിപ്പ് ബോർഡുകളോ സിഗ്നൽ സംവിധാനങ്ങളോ സ്പീഡ് ബ്രേക്കറുകളോ ഇല്ല. കൊടുംവളവിൽ എതിരെയുള്ള വാഹനങ്ങൾ കാണാൻ കോൺവെക്സ് ലെൻസ് സ്ഥാപിക്കണമെന്ന ആവശ്യവും അവഗണനയിലാണ‌്.
ദേശീയപാതയിൽ നിരവധി സ്ഥലങ്ങളിൽ കൈയേറ്റവും വ്യാപകമാണ‌്. റോഡിന്റെ വീതി നഷ്ടമാകും വിധമാണ്  കൈയേറ്റങ്ങൾ. വെള്ളിമല, കലയനാട്, കമ്പനിക്കട ഭാഗങ്ങളിൽ റോഡിന്റെ വശങ്ങൾ ഇടിഞ്ഞു താണിട്ടുണ്ട്. ആഴ്ചകൾക്ക് മുമ്പ് കമ്പനിക്കട ഭാഗത്ത് റോഡിന്റെ തകർച്ചയെ തുടർന്ന് കാർ നിയന്ത്രണംവിട്ട് മറിഞ്ഞു. അമിതഭാരവുമായി പകലും ചരക്ക് വാഹനങ്ങൾ അപകട ഭീഷണിയായി പായുന്നു. പൊലീസൊ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോ കാര്യമായ നടപടികൾ എടുക്കാറില്ലെന്നാണ‌് നാട്ടുകാരുടെ പക്ഷം. പുനലൂർ മുതൽ ആര്യങ്കാവ് വരെ ദേശീയപാതയിൽ മിക്കയിടത്തും ഗട്ടറുകളാണ‌്. അറ്റകുറ്റപ്പണി നടത്താൻ ദേശീയപാത അധികൃതർ തയ്യാറാകുന്നില്ല. മഴക്കാലത്ത് അപകട സാധ്യത കൂടുതലുള്ള പാതയിൽ മുൻകരുതൽ സ്വീകരിക്കാൻ അധികൃതർ തയ്യാറാകണമെന്ന ആവശ്യം ശക്തമാണ‌്.
പ്രധാന വാർത്തകൾ
 Top