25 August Sunday

കറുമ്പിയുടെ വയറ്റിലായിരുന്ന മാല കിട്ടി, പക്ഷേ കറുമ്പിയെവിടെ?

കെ ബി ജോയ‌്Updated: Sunday Jun 16, 2019

 

കെ ബി ജോയ‌്
കൊല്ലം
മൂന്ന‌ുവർഷം മുമ്പ‌് കറുമ്പിയുടെ വയറ്റിലകപ്പെട്ട സ്വർണത്താലിമാല തിരികെ ലഭിച്ചപ്പോഴും ഇല്യാസും ഭാര്യ ഷീജയും കറുമ്പിയെ അന്വേഷിക്കുകയാണ‌്. തുടയന്നൂർ തേക്കിൽ സ്വദേശി ഇല്യാസിന്റെ കറുമ്പിപ്പശു കാലിത്തീറ്റയ‌്ക്കൊപ്പം അകത്താക്കിയ സ്വർണമാല കറുമ്പി എവിടെയെന്ന‌് അറിയാതെ അവർ ഏറ്റുവാങ്ങി. 
സാമൂഹ്യമാധ്യമത്തിലൂടെയാണ‌് കറുമ്പിയുടെയും കാലിത്തീറ്റയ‌്ക്കൊപ്പം അകത്തായ താലിമാലയുടെയും കഥ ലോകമറിഞ്ഞത‌്.  ഇല്യാസിന്റെ ഭാര്യയുടെ നാല‌ുപവന്റെ താലിമാല വയ്യാനം ഫസ്ജാൻ വില്ലയിൽ അധ്യാപക ദമ്പതികളായ ഷൂജ ഉൾ മുൾക്കിനും ഷാഹിനയ‌്ക്കും മുരിങ്ങത്തൈക്കിടാൻ വാങ്ങിയ ചാണകത്തിൽനിന്നാണ‌് ലഭിച്ചത‌്. ശനിയാഴ്ച രാവിലെ 10ന് കടയ‌്ക്കൽ പൊലീസ് സ്റ്റേഷനിൽ എസ്ഐയുടെ സാന്നിധ്യത്തിൽ അധ്യാപക ദമ്പതികൾ ഇല്യാസിനും ഷീജയ‌്ക്കും മാല തിരിച്ചുനൽകി. 
നിറവയറുമായി നിന്ന കറുമ്പിയെ മൂന്ന‌ുവർഷം മുമ്പ‌് വിറ്റതിൽ ഇല്യാസിന‌് ഇപ്പോഴും സങ്കടമുണ്ട‌്. വളർത്താനാകാത്തതിനാലായിരുന്നു ഇല്യാസ‌് കറുമ്പിയെ അടക്കം അഞ്ച‌് പശുക്കളെയും രണ്ട‌് മാടുകളെയും വിറ്റത‌്. പക്ഷേ, കറുമ്പിക്ക‌് ബന്ധം അങ്ങനെ അവസാനിപ്പിക്കാവുന്ന ഒന്നായിരുന്നില്ല. പഴയ യജമാനന്റെ പ്രിയപ്പെട്ട താലിമാല മൂന്ന‌ുവർഷം കറുമ്പി വയറ്റിൽ സൂക്ഷിച്ചു. സ്വർണമാല തിരികെ ലഭിച്ച ഇല്യാസിന്റെ മനസ്സിൽ അതിശയവും ആഹ്ലാദവും അലതല്ലുമ്പോഴും മാല അറിയാതെ അകത്താക്കിയ കറുമ്പിപ്പശുവിനെ അന്ന് വിറ്റുകളഞ്ഞതിലുള്ള വിഷമം അലട്ടുകയാണ‌്. കറുമ്പി എവിടെയുണ്ടായാലും കണ്ടെത്തി സ്വന്തമാക്കാനുള്ള പരക്കംപാച്ചിലിലാണ് ഇല്യാസ് ഇപ്പോൾ. ചാണകത്തിൽനിന്നു ലഭിച്ച മാലയ‌്ക്ക‌് ഉടമസ്ഥനെ തേടി ഇറങ്ങിയ ഷൂജയെയും ഷാഹിനയെയും സാമൂഹ്യമാധ്യമങ്ങൾ വാഴ‌്ത്തുകയാണ‌്. ചാണകം വാങ്ങിയ കച്ചവടക്കാരനെ ബന്ധപ്പെട്ടിട്ടും ഉടമസ്ഥനെ കിട്ടാത്തതിനാലാണ‌് അധ്യാപകർ സാമൂഹ്യമാധ്യമത്തിൽ പോസ്റ്റിട്ടത‌്. 
മാല ലഭിച്ചത‌് താലിയുടെയും കറുമ്പിപ്പശുവിന്റെയും പവിത്രത കൊണ്ടാണെന്നാണ് ഇല്യാസിന്റെ വിശ്വാസം. മറ്റൊരാളിന് ജീവിതവഴി തുറന്നുകൊടുത്ത നന്മയുടെ ചരിത്രം കൂടിയുണ്ട് ഈ താലിമാലയ‌്ക്ക്. മുമ്പൊരിക്കൽ വിറ്റ താലിമാലയുടെ പണം നൽകിയാണ് സഹോദരനെ ഗൾഫിൽ അയച്ചത്. പകരം സഹോദരൻ നാട്ടിൽ വന്നപ്പോൾ ഷീജയ‌്ക്ക് കൊണ്ടുകൊടുത്ത നാലുപവന്റെ 916 കാരറ്റ് മാലയാണ് പശു അകത്താക്കിയത്. രാവിലെ നമസ‌്കാരത്തിന‌് എഴുന്നേറ്റ ഷീജ മാല ഊരി ചങ്ങഴിയിൽവച്ചു. ഇതിൽ ഇല്യാസ‌് കറുമ്പിക്ക‌് കാലിത്തീറ്റ കലക്കി നൽകി. അങ്ങനെയാണ‌് മാല പശുവിന്റെ വയറ്റിലെത്തിയത‌്. ഇപ്പോൾ മാല മാത്രമല്ല നല്ല മനുഷ്യരായ അധ്യാപക കുടുംബവും തങ്ങളുടെ ചങ്കായി മാറിയെന്ന് ഇല്യാസ് പറഞ്ഞു. 
നിലമേൽ വേക്കൽ ഐപിഎം യുപിഎസ് അധ്യാപകനാണ് ഷൂജ ഉൾ മുൾക്ക്. ഭാര്യ ഷാഹിന ചടയമംഗലം കീഴുതോണി ഗവ. എൽപിഎസ് അധ്യാപികയാണ്. ഐടിഐ വിദ്യാഭ്യാസം കഴിഞ്ഞ് കുറച്ചുകാലം ഗൾഫിൽ ജോലിചെയ്ത ശേഷമാണ് ഇല്യാസ് നാട്ടിലെത്തി പശുവളർത്തലും കൃഷിയും തുടങ്ങിയത്.

 

പ്രധാന വാർത്തകൾ
 Top