18 June Friday

ദുരിതം വിതച്ച്...

വെബ് ഡെസ്‌ക്‌Updated: Sunday May 16, 2021

കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് വിളയിൽ വീട്ടിൽ ഫസലുദീന്റെ വീട് കാറ്റിൽ തകർന്നപ്പോൾ

 സ്വന്തം ലേഖകൻ

കൊല്ലം
കോവിഡ്‌ വ്യാപനത്തിൽ ആശങ്കയിലായ ജനങ്ങൾക്കു രണ്ടുദിവസമായി പെയ്യുന്ന തീവ്രമഴ നൽകിയത്‌ കടുത്ത ആഘാതവും നാശനഷ്ടവും.  കിഴക്കൻമേഖലയിൽ കൃഷിയും വീടുകളും തകർന്നപ്പോൾ പടിഞ്ഞാറൻ മേഖലയിൽ കടലോരത്ത്‌ സർവനാശമാണ്‌ വിതച്ചത്‌. മൂന്നുമീറ്റർ വരെ ഉയരത്തിലാണ്‌ കടൽ ഇരച്ചുകയറിയത്‌. കരുനാഗപ്പള്ളി വട്ടക്കായലിൽ ചൂണ്ടയിടാൻ പോയ യുവാക്കളുടെ വള്ളം മറിഞ്ഞ്‌ ഒരാളെ കാണാതായി. രണ്ടുപേർ രക്ഷപ്പെട്ടു.  
മൺറോതുരുത്ത്‌ പട്ടംതുരുത്തിൽ റെയിൽവേ പാളത്തിലേക്ക്‌ മരം വീണു. നാട്ടുകാർ മരം മുറിച്ചുമാറ്റി. കെഎസ്‌ഇബിക്ക്‌  വൻ നഷ്ടമാണുണ്ടായത്‌. വൈദ്യുത തുണുകൾ  തകർന്നതോടെ ഇല്ലാതായ വൈദ്യുതി ബന്ധം പലയിടത്തും  പുനഃസ്ഥാപിച്ചിട്ടില്ല. ലക്ഷങ്ങളുടെ  നഷ്ടമാണ്‌ കെഎസ്‌ഇബിക്ക്‌ ഉണ്ടായിട്ടുള്ളത്‌.  നിലച്ച വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാൻ ജീവനക്കാർ കഠിനപരിശ്രമത്തിലാണ്‌. 
 ഇതുവരെ ഒമ്പത് ദുരിതാശ്വാസ‌ ക്യാമ്പാണ്‌ ആരംഭിച്ചത്‌. കരുനാഗപ്പള്ളി താലൂക്കിൽ ഏഴും കൊല്ലത്ത്‌ രണ്ടും ക്യാമ്പുകളാണ്‌ തുറന്നത്‌. ദുരിതമേറിയാൽ വിവിധ താലൂക്കിലായി 150 ക്യാമ്പ്‌ ഏതുസമയവും തുറക്കാൻ സജ്ജമാണ്‌. 129 വീട്‌ ഭാഗികമായും ആറു വീട്‌ പൂർണമായും തകർന്നു. തൊഴുത്ത്‌, മതിൽ, കിണർ എന്നിവയും വിവിധ പ്രദേശങ്ങളിൽ തകർന്നിട്ടുണ്ട്‌. വിവിധയിടങ്ങളിൽ റോഡുകൾ തകർന്ന്‌ ഗതാഗതം തടസ്സപ്പെട്ടു. ആലപ്പാട്ടും പരവൂർ പൊഴിക്കരയിലും റോഡ്‌ മുറഞ്ഞുപോയി. തീരദേശങ്ങളിലാണ്‌ ദുരിതം കൂടുതലും. മൺറോതുരുത്തിൽ ഇരുന്നൂറിലധികം വീട്‌ വെള്ളത്തിലായി. റോഡുകളും തകർന്നിട്ടുണ്ട്‌.  എംസി റോഡിൽ വെള്ളം കയറി ഗതാഗതം സ്‌തംഭിച്ചു. 
 
ആലപ്പാട്ട്‌ കടൽ 
ഇരമ്പിക്കയറി
ആലപ്പാട്‌ മേഖലയിൽ കടൽ ഇരമ്പി വെള്ളം കയറിയത്‌ നൂറുകണക്കിനു വീടുകളിലാണ്‌. ജില്ലയിൽ ഏറ്റവും കൂടുതൽ ദുരിതമുണ്ടായ പ്രദേശമാണ്‌ ഇവിടം. പായിക്കാട്‌, ചെറിയഴീക്കൽ, വെള്ളനാതുരുത്ത്‌, സ്രായിക്കാട്‌ എന്നിവിടങ്ങളിൽ ഉണ്ടായത്‌ സർവനാശം. ഏറ്റവും ശക്തമായ കടലാക്രമണം സ്രായിക്കാടും ചെറിയഴീക്കലുമാണ്‌. അഴീക്കൽ, കുഴിത്തുറ, ചെറിയഴീക്കൽ എന്നിവിടങ്ങളിലാണ്‌ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുള്ളത്‌. 
അഴീക്കൽ–- വെള്ളനാതുരുത്ത്‌ റോഡ്‌ പായിക്കാട്ടും ചെറിയഴീക്കലും മുറിഞ്ഞു. വൈദ്യുതി പോസ്റ്റുകളും തകർന്നിട്ടുണ്ട്‌. എ എം ആരിഫ്‌ എംപി ശനിയാഴ്‌ച കടലാരകമണമുണ്ടായ പ്രദേശങ്ങൾ സന്ദർശിച്ചു. 
 
135 വീടുകൾക്ക്‌ നാശം
കനത്തമഴയിൽ മൂന്നുദിവസമായി ജില്ലയിൽ 129 വീടുകൾ ഭാഗികമായും ആറു വീട്‌ പൂർണമായും നശിച്ചു. 
കുന്നത്തൂർ താലൂക്കിൽ 13, കരുനാഗപ്പള്ളി 19, കൊല്ലം 40, പത്തനാപുരം നാല്‌, കൊട്ടാരക്കര 33, പുനലൂർ 20 വീടുകൾ ഭാഗികമായും കൊട്ടരക്കരയിൽ മൂന്ന്‌, പത്തനാപുരം രണ്ട്‌, പുനലൂർ ഒന്ന്‌ വീടുകൾ പൂർണമായും തകർന്നു. കിണറുകളും തൊഴുത്തും വിവിധയിടങ്ങളിൽ നശിച്ചിട്ടുണ്ട്‌. പൂർണ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top