19 May Sunday

അനധികൃത മണ്ണെടുപ്പ്: 14 വാഹനം പൊലീസ് പിടികൂടി

വെബ് ഡെസ്‌ക്‌Updated: Thursday May 16, 2019

 

ശൂരനാട് 
ശൂരനാട് തെക്ക് കക്കാക്കുന്നിൽ  അനധികൃതമായി മണ്ണെടുത്തുകൊണ്ടിരുന്ന വാഹനങ്ങൾ  പൊലീസ് പിടികൂടി . മണ്ണ് കയറ്റിയ 13 ടിപ്പർ ലോറിയും ഒരു ജെസിബിയുമാണ് പിടികൂടിയത്.  കക്കാക്കുന്ന് ഇട്ടിയേക്കൽ ജങ‌്ഷനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലായിരുന്നു മണ്ണെടുപ്പ‌്. വൻതോതിൽ മണ്ണ് ഇടിച്ചുകടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ബുധനാഴ്ച വൈകിട്ടോടെ  ശൂരനാട്  എസ്ഐ പി ശ്രീജിത്തിന്റെ  നേതൃത്വത്തിലാണ് റെയ്ഡ് നടത്തി വാഹനങ്ങൾ കസ്റ്റഡിയിലെടുത്തത്. 
നിർമാണപ്രവൃത്തി നടത്തണമെന്നു കാട്ടി മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ 25 പാസ‌്  മണ്ണെടുപ്പുസംഘം തരപ്പെടുത്തിയിരുന്നു. ഇതുപയോഗിച്ച് വൻ തോതിൽ മണ്ണ് കടത്തുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തുമ്പോൾ മൂന്നു പാസ‌് മാത്രമേ മണ്ണെടുപ്പുസംഘത്തിന്റെ പക്കൽ ഉണ്ടായിരുന്നുള്ളൂ. ഇവ ടിപ്പറുകൾക്കു നൽകിയിരുന്നില്ല . 
250 ലോഡിലധികം മണ്ണ് ഇവിടെനിന്നു കടത്തിയിട്ടുണ്ട്. ഏതാനും മാസം മുമ്പും ഇതേസ്ഥലത്ത് അനധികൃതമായി മണ്ണെടുപ്പു നടത്തിയത് നാട്ടുകാർ തടഞ്ഞിരുന്നു. ശൂരനാട് സ്റ്റേഷനിലെ എഎസ്ഐമാരായ അജി ശാമുവേൽ, ജോൺസൺ, തുളസി, എസ്‌സിപിഒമാരായ ഹരിലാൽ, പ്രകാശ് എന്നിവർ അടങ്ങുന്ന സംഘമാണ് വാഹനങ്ങൾ പിടികൂടിയത്. ടിപ്പറുകൾ ശൂരനാട് സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചിരിക്കുകയാണ്.  തുടർ നടപടികൾക്കായി ജിയോളജി വകുപ്പിന് പൊലീസ് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്.
പ്രധാന വാർത്തകൾ
 Top