25 September Saturday
പുനർഗേഹം പദ്ധതി ഉദ്‌ഘാടനം നാളെ നീണ്ടകരയിൽ

തീരത്ത്‌ സന്തോഷത്തിര ഉയരും

വെബ് ഡെസ്‌ക്‌Updated: Wednesday Sep 15, 2021

പുനര്‍ഗേഹം പദ്ധതിയിൽ പൂർത്തിയായ നീണ്ടകര ഫിഷിങ് വില്ലേജിലെ വടക്കേത്തോപ്പിൽ മേരി ലൂസിയുടെ വീട്

സ്വന്തം ലേഖകന്‍
ചവറ 
കടല്‍ക്കയറ്റത്തില്‍ തീരമേഖലയില്‍ വീടും ജീവനും നഷ്ടമാകുന്നത് ഒഴിവാക്കാൻ ഷിഷറീസ് വകുപ്പ് നടപ്പാക്കുന്ന പുനര്‍ഗേഹം പദ്ധതിക്ക്‌ ജില്ലയിൽ വ്യാഴാഴ്‌ച തുടങ്ങും. സര്‍ക്കാരിന്റെ 100-ദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച 303- കെട്ടിടങ്ങളുടെ താക്കോല്‍ നല്‍കലും സ്വന്തം നിലയില്‍ ഭൂമി കണ്ടെത്തി സര്‍ക്കാര്‍ സഹായത്തോടെ നിര്‍മിച്ച 308- വീടുകളുടെ ഉദ്ഘാടനവുമാണ് ആദ്യഘട്ടം. 
വൈകിട്ട്‌ നാലിന് നീണ്ടകര പരിമണം ശ്രീശക്തി സ്വതന്ത്രനായര്‍ കരയോഗ ഓഡിറ്റോറിയത്തില്‍ മന്ത്രി ജെ ചിഞ്ചുറാണി ഉദ്‌ഘാടനംചെയ്യും.  സുജിത് വിജയന്‍പിള്ള എംഎല്‍എ അധ്യക്ഷനാകും. സംസ്ഥാന തല ഉദ്ഘാടനം ഓണ്‍ലൈനിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.  
വേലിയേറ്റ രേഖയിൽനിന്ന്‌ 50 മീറ്ററിനുള്ളില്‍ താമസിക്കുന്നവര്‍ക്കായി 2480- കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. പദ്ധതിക്കായി 1398 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് അനുവദിച്ചിട്ടുണ്ട്. ബാക്കി 1052 കോടി  ഫിഷറീസ് വകുപ്പിന്റെ  ബജറ്റ് വിഹിതത്തിൽ നിന്നാണ്‌. തീരമേഖലയിലെ മത്സ്യത്തൊഴിലാളി  കുടുംബങ്ങൾക്ക്‌ പദ്ധതി പ്രയോജനപ്പെടും.  താമസിക്കാന്‍ തയ്യാറാകുന്നവര്‍ക്ക് വസ്തുവിനും വീടുപണിക്കുമായി 10- ലക്ഷം രൂപ സഹായം ലഭിക്കും. വസ്തു സ്വന്തമായി കണ്ടെത്താൻ കഴിയാത്തവർക്ക്‌ സർക്കാർ നിർമിത ഫ്ലാറ്റിൽ താമസിക്കാം. 
ജില്ലയിലെ തീരദേശ മേഖലയില്‍ നടത്തിയ സര്‍വേ പ്രകാരം 1580- കുടുംബങ്ങള്‍ തീരത്തോട് ചേര്‍ന്നു താമസിക്കുന്നുണ്ട്‌.  ഇതില്‍ 422- കുടുംബം മാറിത്താമസിക്കാന്‍ മുന്നോട്ടു വന്നിട്ടുണ്ടെന്ന് സുജിത് വിജയന്‍പിള്ള എംഎല്‍എ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ സുഹൈര്‍ എന്നിവര്‍ വാർത്താസമ്മേളനത്തിൽ  അറിയിച്ചു. 136 പേർ ഭൂ രജിസ്ട്രേഷൻ പൂർത്തീകരിച്ചു. 90 ഗുണഭോക്താക്കൾ വീട്‌ പൂർത്തിയാക്കി. കൊല്ലം പള്ളിത്തോട്ടത്ത് ക്യുഎസ്എസ് കോളനി ഫ്ലാറ്റിന്റെ പണി അവസാനഘട്ടത്തിലാണ്. 114- കുടുംബാംഗങ്ങള്‍ക്ക് ഇത് പ്രയോജനംചെയ്യും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top