22 October Tuesday

ശക്തികുളങ്ങരയിൽ വള്ളവും ഇന്ധനവും മോഷ്ടിച്ചു

സ്വന്തം ലേഖകന്‍Updated: Sunday Sep 15, 2019

മോഷണശ്രമത്തിനിടെ ചെളിയിൽ പുതഞ്ഞതിനാൽ ഉപേക്ഷിച്ച വള്ളങ്ങൾ

ചവറ
ശക്തികുളങ്ങരയിൽ മത്സ്യബന്ധന വള്ളവും എട്ടു ടാങ്ക് ഇന്ധനവും മോഷണംപോയി. കടത്താൻ ശ്രമിച്ച  രണ്ടുവള്ളങ്ങൾ മണ്ണിൽ ഉറച്ചതുമൂലം ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. ശനിയാഴ്ച പുലർച്ചെ നാലിനായിരുന്നു സംഭവം. ശക്തികുളങ്ങര പൊയ്കയിൽ വീട്ടിൽ ജേക്കബിന്റെ വള്ളമാണ് മോഷണംപോയത്. മത്സ്യബന്ധനത്തിനുശേഷം കായലിൽ കെട്ടിയിട്ടിരുന്നതായിരുന്നു. കടൽമാർഗം തീവ്രവാദി നുഴഞ്ഞുകയറ്റം ഉണ്ടെന്ന റിപ്പോർട്ടുകളുടെ  പശ്ചാത്തലത്തിൽ തീരദേശ പൊലീസ് അന്വേഷണം ഊർജിതമാക്കി. 
കടത്തിക്കൊണ്ടുപോയ വള്ളത്തിനുവേണ്ടി പൊലീസ് സംഘം അഷ്ടമുടിക്കായലിൽ തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. നീണ്ടകര കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്‌മെന്റ് വിഭാഗവും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. 
ശക്തികുളങ്ങര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടർച്ചയായി 24 മണിക്കൂർ ഓടിക്കാനുള്ള ഇന്ധനമാണ് മോഷ്ടിക്കപ്പെട്ടത്.  അതേസമയം എട്ട് ടാങ്ക് ഇന്ധനം അപഹരിച്ചതിൽ  ദുരൂഹതയുണ്ടോയെന്ന്‌ പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. 
വിഷയം അടിയന്തരമായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് സ്ഥലം സന്ദർശിച്ച  എൻ വിജയൻപിള്ള എംഎൽഎ പറഞ്ഞു. നാലു വർഷം മുമ്പും ഇവിടെനിന്ന് ബോട്ടും എൻജിനുകളും നഷ്ടപ്പെട്ടിരുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top