22 October Tuesday
റെയിൽവേ പുറമ്പോക്ക് ഒഴിപ്പിക്കല്‍

തീയതി നീട്ടിയത്‌ മന്ത്രിയുടെ ഇടപെടലിനെ തുടർന്ന്‌

സ്വന്തം ലേഖകന്‍Updated: Sunday Sep 15, 2019
കൊല്ലം
ആര്യങ്കാവിലും തെന്മലയിലും  റെയിൽവേ പുറമ്പോക്കിൽ താമസിക്കുന്നവരെ  ഒഴിപ്പിക്കുന്നത്‌ 23 വരെ നീട്ടിയത്‌ തന്റെ ഇടപെടൽ കാരണമാണെന്ന എൻ കെ പ്രേമചന്ദ്രൻ എംപിയുടെ അവകാശവാദം വാസ്തവവിരുദ്ധം. താൻ  ആവശ്യപ്പെട്ട പ്രകാരമാണ്‌ മധുര  ഡിവിഷണൽ മാനേജർ തീരുമാനമെടുത്തതെന്നായിരുന്നു പ്രേമചന്ദ്രന്റെ  പ്രസ്താവന. എന്നാൽ, സെപ്തംബർ ആറിന്  കലക്ടറേറ്റിൽ മന്ത്രി കെ രാജു വിളിച്ചുചേർത്ത യോഗത്തിന്റെ  തീരുമാനവും തുടർനടപടികളുമാണ് റെയിൽവേ തീരുമാനത്തിന് അടിസ്ഥാനമായത്.
തലമുറകളായി പ്രദേശത്ത് താമസിക്കുന്നവരെ ഒരു പരിഗണനയും കൂടാതെ ഒഴിപ്പിക്കാനുള്ള റെയിൽവേ തീരുമാനം  പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പുനലൂർ എംഎൽഎ കൂടിയായ മന്ത്രി കെ രാജു യോഗം  വിളിച്ചുചേർത്തത്. കെ സോമപ്രസാദ് എംപി,  പ്രദേശത്തെ തദ്ദേശഭരണപ്രതിനിധികൾ, കലക്ടർ ബി അബ്ദുൽ നാസർ, വകുപ്പുമേധാവികൾ എന്നിവർ  പങ്കെടുത്തു. എൻ കെ പ്രേമചന്ദ്രൻ എംപിയെ യോഗവിവരം അറിയിച്ചിരുന്നെങ്കിലും പങ്കെടുത്തില്ല. 
പുറമ്പോക്കുഭൂമിയിൽ വനം, റവന്യൂ വകുപ്പുകൾ, റെയിൽവേ എന്നിവയുടെ സംയുക്ത പരിശോധന നടത്താൻ മന്ത്രി കെ രാജു അന്ന് നിർദേശിച്ചു. റെയിൽവേ ഭൂമിയുടെ അവകാശവാദം ഉന്നയിച്ച്  നോട്ടീസ് നൽകുന്നതടക്കം എല്ലാ നടപടികളും  നിർത്താനും  നിർദേശിച്ചു. 
14നകം ഒഴിഞ്ഞുപോകണമെന്ന നോട്ടീസ്  കാലാവധി പുനഃപരിശോധിക്കാൻ റെയിൽവേ അധികൃതരുമായി ബന്ധപ്പെടാൻ കലക്ടറെ ചുമതലപ്പെടുത്തി. ഈ ആവശ്യം ദക്ഷിണമേഖലാ ജനറൽമാനേജർ പരിഗണിച്ചാണ്‌  നോട്ടീസ് കാലാവധി 23 വരെ നീട്ടാൻ മധുര ഡിവിഷൻ  തീരുമാനിച്ചത്. 
ഭൂമിയുടെ അവകാശം സംബന്ധിച്ച രേഖകളുടെ പരിശോധനയ്‌ക്ക്‌  റവന്യൂ അധികൃതരെയാണ്  യോഗം ചുതമലപ്പെടുത്തിയത്. വനം വകുപ്പിന്റെ അധീനതയിലുള്ള പ്രദേശങ്ങളുടെ വിവരം തിട്ടപ്പെടുത്താനും  ഇവിടെയുള്ള കുടുംബങ്ങളുടെ കൈവശമുള്ള ഭൂരേഖകൾ പരിശോധിക്കാനും  തീരുമാനിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top