24 October Thursday
വടിയെടുത്ത്‌ എക്സൈസ്

ഓണക്കാല പരിശോധന: ഒറ്റദിവസം 49 കേസ്‌

സ്വന്തം ലേഖകന്‍Updated: Sunday Sep 15, 2019
കൊല്ലം
എക്സൈസ് നടത്തുന്ന ഓണക്കാല പ്രത്യേക പരിശോധനയുടെ ഭാഗമായി ജില്ലയിൽ വെള്ളിയാഴ്ച 49 കേസ്‌ രജിസ്റ്റർ ചെയ്തു. 
എൻഡിപിഎസ് നിയമപ്രകാരം മൂന്ന്, അബ്കാരി നിയമപ്രകാരം മൂന്ന്‌, കോട്പ നിയമപ്രകാരം 43 എന്നിങ്ങനെയാണ്‌ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം. 
125ഗ്രാം കഞ്ചാവ്, 70 ലിറ്റർ കോട, 600 മില്ലിലിറ്റർ വിദേശമദ്യം, 17.4 കിലോഗ്രാം നിരോധിത പുകയില ഉൽപ്പന്നങ്ങൾ എന്നിവ പിടിച്ചെടുത്തു. 8600രൂപ പിഴയും ഈടാക്കി.കൊല്ലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഐ നൗഷാദിന്റെ നേതൃത്വത്തിൽ ഇരവിപുരം പുത്തൻചന്ത ഭാഗത്ത് നടത്തിയ റെയ്ഡിൽ 50ഗ്രാം കഞ്ചാവുമായി  അജ്മൽ ഷാ എന്നയാളെ അറസ്റ്റ്ചെയ്തു.
 പത്തനാപുരം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പ്രിൻസ് ബാബുവിന്റെ നേതൃത്വത്തിൽ പിറവന്തൂരില്‍ നടത്തിയ റെയ്ഡിൽ 50ഗ്രാം കഞ്ചാവുമായി ഷമീർ എന്ന അജയകുമാറിനെയും പിടികൂടി.പത്തനാപുരം എക്സ്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെ എസ് രാജേഷിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ തലവൂർ  ഇരുവേലിക്കൽ അമ്പിയിൽ വേളൂർ ഏലായിൽ നിന്നാണ്‌ 70  ലിറ്റർ കോട കണ്ടെത്തിയത്‌. 
ചടയമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ മുഹമ്മദ് റാഫിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ സുന്ദരിമുക്ക് ഭാഗത്തുനിന്ന് അജയകുമാർ, കുമ്മിൾ ഭാഗത്തുനിന്ന് മണിരാജൻ എന്നിവരെ പൊതുസ്ഥലത്ത് മദ്യപിച്ച കുറ്റത്തിനു അറസ്റ്റ്‌ചെയ്തു. 
ഇവർക്കെതിരെ ചടയമംഗലം എക്സൈസ് റേഞ്ച് ഓഫീസിൽ കേസ്‌ രജിസ്റ്റർ ചെയ്തു.കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജോസ് പ്രതാപിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി വെള്ളനാതുരുത്തിൽ നടത്തിയ പരിശോധനയിൽ പണിക്കരുകടവ് സ്വദേശികളായ അരുൺ, ഫഹദ് ശങ്കർ എന്നിവർ 25 ഗ്രാം കഞ്ചാവുമായി പിടിയിലായി. റേഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 13 കിലോഗ്രാം നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. 
25 കോട്പാ കേസുകളിലായി 5000രൂപ പിഴയും ഈടാക്കി. ഡെപ്യൂട്ടി എക്സൈസ് കമീഷണർ ജേക്കബ് ജോണും അസിസ്റ്റന്റ് എക്സൈസ് കമീഷണർ ജെ താജുദീൻകുട്ടിയുമാണ്‌ പരിശോധനകൾ ഏകോപിപ്പിച്ചത്‌. തുടർദിവസങ്ങളിലും പരിശോധന കർശനമായി തുടരും.
പ്രധാന വാർത്തകൾ
 Top