20 July Saturday

വിദ്യാർഥികൾക്കായി ‘പാഠം ഒന്ന് പാടത്തേക്ക്’ നടപ്പാക്കും: മന്ത്രി സുനിൽകുമാർ

സ്വന്തം ലേഖകന്‍Updated: Saturday Jun 15, 2019

 

കരുനാഗപ്പള്ളി
മണ്ണിന്റെ മണവും സംസ്കാരവും പുതുതലമുറയിലേക്ക് പകരാൻ വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് പാഠം ഒന്ന് പാടത്തേക്ക് പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ നടപ്പാക്കുന്ന കാർഷിക പദ്ധതി ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. കന്നിമാസത്തിലെ മകം നാളിലെ നെല്ലിന്റെ ജന്മദിനത്തിൽ പദ്ധതി നടപ്പാക്കും. എല്ലാവരും കൃഷി ചെയ്യുക, എല്ലായിടത്തും കൃഷി ചെയ്യുക എന്നതാണ് സർക്കാരിന്റെ കാഴ്ചപ്പാടെന്ന് മന്ത്രി പറഞ്ഞു. 
ആർ രാമചന്ദ്രൻ എംഎൽഎ അധ്യക്ഷനായി. സിറ്റി പൊലീസ് കമീഷണർ മെറിൻ ജോസഫ്,  മുനിസിപ്പൽ ചെയർപേഴ‌്സൺ എം ശോഭന, സാമൂഹ്യനീതി ബോർഡ് ചെയർപേഴ്സൺ സൂസൻകോടി, മുനിസിപ്പൽ വൈസ് ചെയർമാൻ ആർ രവീന്ദ്രൻപിള്ള,  പി ശിവരാജൻ, പനക്കുളങ്ങര സുരേഷ്, വസുമതി, മഞ്ജു, സുബൈദാ കുഞ്ഞുമോൻ,  എം കെ വിജയഭാനു, കരുനാഗപ്പള്ളി എസിപി  ആർ വി അരുൺരാജ്, സിഐ പ്രദീപ്കുമാർ എന്നിവർ സംസാരിച്ചു. 
കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ പരിസരത്ത് ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായാണ് കര നെൽകൃഷിയും വിവിധയിനം പച്ചക്കറിയും കൃഷി ചെയ്യുന്നത്. ഒന്നര ഏക്കറോളം വരുന്ന സ്ഥലത്താണ് കൃഷിക്ക് തുടക്കംകുറിച്ചത്. കര നെൽകൃഷിക്കായി നെൽവിത്ത് വിതച്ച് മന്ത്രി പദ്ധതി ഉദ്ഘാടനംചെയ്തു. കൃഷിയുടെ മേൽനോട്ടവും പരിചരണവും വിദ്യാർഥികൾക്ക് കൈമാറും. കാടും പടലും പടർന്നുകയറിയ പൊലീസ് സ്റ്റേഷൻ പരിസരത്തെ കാർഷിക സമൃദ്ധമാക്കുന്ന മുനിസിപ്പാലിറ്റിയുടെ പദ്ധതി കാക്കിയുടെ കരുതലിൽ കാർഷികപ്പെരുമ എന്ന പേരിലാണ് നടപ്പാക്കുന്നത്.  കൃഷി വകുപ്പിന്റെയും അയ്യൻകാളി തൊഴിലുറപ്പ് പദ്ധതിയുടെയും ഹരിതകേരളം,  പൊലീസ് വകുപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
പ്രധാന വാർത്തകൾ
 Top