22 June Tuesday

മഴക്കലി

സ്വന്തം ലേഖകൻUpdated: Saturday May 15, 2021

ആലപ്പാട് തീരത്ത് കടലാക്രമണം രൂക്ഷമായപ്പോൾ

കൊല്ലം
മഹാമാരിക്കിടെ ജില്ലയെ കനത്ത ആശങ്കയിലാഴ്‌ത്തി പേമാരിയും. തുള്ളിക്കൊരു കുടം പോലെ തോരാതെ പെയ്‌തിറങ്ങിയ മഴ കനത്ത നാശം വിതച്ചു‌ തുടരുകയാണ്‌. വ്യാഴാഴ്‌ച രാവിലെ എട്ടുമുതൽ വെള്ളിയാഴ്‌ച രാവിലെ എട്ടുവരെ 85.2 മില്ലിമീറ്റർ മഴയാണ്‌ പെയ്‌തിറങ്ങിയത്‌. വെള്ളിയാഴ്‌ച പകലും തോർന്നില്ല. 
വെള്ളപ്പൊക്കം മൂലം തൃക്കോവിൽവട്ടത്ത്‌ ദുരിതാശ്വാസ ക്യാമ്പ്‌ തുറന്നു. എൻഎസ്‌എസ്‌ യുപിഎസിൽ ഒരുക്കിയ ക്യാമ്പിൽ അഞ്ചു‌ കുടുംബങ്ങളിലെ 24 പേരാണ്‌ കഴിയുന്നത്‌. കടലാക്രമണവും ജില്ലയിൽ അതിരൂക്ഷമാണ്‌. കൊല്ലത്തും ആലപ്പാട്ടും ചെറിയഴീക്കലും കടലാക്രമണം ജനജീവിതത്തെ ബാധിച്ചു. ആലപ്പാട്‌ മേഖലയിൽ കടലിരച്ചുകയറി വൻതോതിൽ കരയിടിഞ്ഞു. വീടും  റോഡും വെള്ളത്തിലായി. ആലപ്പാട്ട്‌ വെള്ളംകയറിയ വീടുകളിൽനിന്ന്‌ ദുരിതാശ്വാസ ക്യാമ്പിലേക്ക്‌ മാറിത്താമസിക്കാൻ ആരും തയ്യാറായില്ല. പൊലീസും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. കനത്തമഴയിലും കാറ്റിലുംപെട്ട്‌  22 വീട് തകർന്നു. കൊല്ലത്ത്‌ ഒരു വീട്‌ പൂർണമായും എട്ട്‌ വീട് ഭാഗികമായും നശിച്ചു. കരുനാഗപ്പള്ളിയിൽ മൂന്നും കുന്നത്തൂരിൽ അഞ്ചും കൊട്ടാരക്കരയിൽ രണ്ടും പുനലൂരിൽ മൂന്നും വീട് തകർന്നു.  എണ്ണം ഇനിയും വർധിക്കാനാണ്‌ സാധ്യത. താഴ്‌ന്നപ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്‌. ഗ്രാമീണ റോഡും വെള്ളക്കെട്ടിലായി. കിഴക്കൻ മേഖലയിൽ ഉൾപ്പെടെ വൻ കൃഷിനാശമാണുണ്ടായത്‌. കര –-വയൽക്കൃഷി പലയിടത്തും പൂർണമായും വെള്ളത്തിലായി. ഇടവിളക്കൃഷികളാണ്‌ വ്യാപകമായി നശിച്ചത്‌. കാറ്റിൽപ്പെട്ട്‌ വ്യാപകമായി മരം കടപുഴകുകയും ചില്ലകൾ ഒടിഞ്ഞുവീഴുകയും വൈദ്യുതിബന്ധം മുടങ്ങുകയും ചെയ്‌തു. പലയിടത്തും രാത്രിവൈകിയും വൈദ്യുതി പുനഃസ്ഥാപിച്ചിട്ടില്ല.
അടിയന്തരഘട്ടത്തിൽ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ 358 ദുരിതാശ്വാസ ക്യാമ്പ്‌ സജ്ജമാക്കി.  ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ആന്റിജൻ ടെസ്റ്റ് നടത്തിയ ശേഷമാണ് ആളുകളെ  ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിക്കുന്നത്.  പുനലൂർ താലൂക്കിൽ 22 ക്യാമ്പാണ്‌ തയ്യാറാക്കിയത്‌.പത്തനാപുരത്ത് 29 സ്‌കൂളുകളിലും സൗകര്യങ്ങൾ ഒരുക്കി. 
ഓഫീസ്  പ്രവർത്തിക്കണം 
പ്രകൃതിക്ഷോഭങ്ങളുടെയും ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെയും പശ്ചാത്തലത്തിൽ എല്ലാ താലൂക്ക്, -വില്ലേജ്,- പഞ്ചായത്ത് ഓഫീസുകളും ആരോഗ്യകേന്ദ്രങ്ങളും ശനിയാഴ്ചയും ഞായറാഴ്‌ചയും തുറന്നുപ്രവർത്തിക്കണം. 
 
 
വാടിയിൽ വള്ളങ്ങൾ 
ഒഴുകിപ്പോയി
കൊല്ലം
ശക്തമായ കടലാക്രമണത്തിൽ വാടി തീരത്തെ മത്സ്യബന്ധന വള്ളങ്ങൾ ഒഴുകിപ്പോയി. വെള്ളിയാഴ്ച പുലർച്ചയോടെയാണ്‌ കരയ്ക്കടിപ്പിച്ചിരുന്ന വള്ളങ്ങൾ ഒഴുകിപ്പോയത്. തുടർന്ന് മത്സ്യബന്ധനത്തൊഴിലാളികൾ തന്നെ അവയെ തിരികെ കരയ്ക്കടിപ്പിച്ചു. മൂന്ന്‌ വള്ളം പൂർണമായും നശിച്ചു. 
വീടിനു‌ പുറത്ത്‌ നിർത്തിയിട്ടിരുന്ന ആശ്രാമം ലക്ഷ്മണ നഗർ 13 (എ)യിൽ സുനിൽകുമാറിന്റെ ഹോണ്ട സിറ്റി കാർ മരം വീണ്‌ തകർന്നു. ഫയർഫോഴ്സും പൊലീസും ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള സന്നദ്ധപ്രവർത്തകരും മരം നീക്കംചെയ്തു. കാവൽ രാമേശ്വരം നഗർ വൈദ്യ ഫ്ലാറ്റിനു സമീപം മരം വീണതിനെ തുടർന്ന് മൂന്ന് വൈദ്യുതി പോസ്റ്റുകൾ തകർന്നു. ഇവിടെ വ്യാഴാഴ്ച രാത്രി മുതൽ നിലച്ച വൈദ്യുതി പുനഃസ്ഥാപിക്കാനായിട്ടില്ല. 
ശക്തമായ കാറ്റിനെ തുടർന്ന് കൊല്ലം ബീച്ചിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ മുകളിൽ സ്ഥാപിച്ചിരുന്ന ക്ലോക്ക് ടവർ തകർന്നു താഴെ വീണു. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ പലയിടങ്ങളിലും വീടുകളിൽ വെള്ളം കയറി. ജോനകപ്പുറം തോപ്പ് റോഡിൽ മരം റോഡിൽ വീണ് ഗതാഗതം നിലച്ചു. ഡോൺബോസ്കോ പ്രദേശത്തെ വീടിന്റെ മേൽക്കൂര കാറ്റിൽ പറന്നുപോയി. കലക്ടറേറ്റിനു ചുറ്റുമുള്ള റോഡിൽ മരച്ചില്ല വീണ് ഗതാഗതം തടസ്സപ്പെട്ടു. വാടി തീരദേശ റോഡിൽ ശക്തമായ കാറ്റിൽ വീണ മരങ്ങൾ ഡിവൈഎഫ്ഐ പ്രവർത്തകർ നീക്കംചെയ്തു. ചാമക്കട, കടപ്പാക്കട ഫയർഫോഴ്സ് നേതൃത്വത്തിൽ നിരത്തുകളിൽ അപകടഭീഷണി ഉയർത്തിയ മരങ്ങളും ചില്ലകളും മുറിച്ചുമാറ്റി.
 
ആലപ്പാട്ട്‌ വീടുകൾ വെള്ളത്തിൽ
കരുനാഗപ്പള്ളി 
തീരദേശ ഗ്രാമമായ ആലപ്പാട്ട് ശക്തമായ കടൽകയറ്റത്തിൽ നിരവധി വീടുകളിൽ വെള്ളം കയറി. വെള്ളിയാഴ്ച രാവിലെ മുതൽ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ശക്തമായ കടൽകയറ്റമാണ് ഉണ്ടായത്. ഉച്ചയോടെ കരയിലേക്ക് തിരമാലകൾ ശക്തമായി അടിച്ചുകയറി. 
വെള്ളനാതുരുത്ത്, പണിക്കർകടവ്, ചെറിയഴീക്കൽ, ആലപ്പാട്, കുഴിത്തുറ, പറയകടവ്, അഴീക്കൽ പ്രദേശങ്ങളിലെല്ലാം കടൽക്ഷോഭം രൂക്ഷമായിരുന്നു. ചെറിയഴീക്കൽ ഭഗവതി ക്ഷേത്രത്തിന്റെ മതിൽ തകർന്നു. കുരുക്കുശേരി ക്ഷേത്രം മുതൽ വടക്കോട്ട് കുഴിത്തുറ സ്കൂളിനു സമീപം വരെ കടൽകയറി. നിരവധി വീടുകൾ വെള്ളത്തിലായി. അഴീക്കൽ മേഖലയിലും കടൽകയറ്റം ശക്തമാണ്. തീരദേശ റോഡിലേക്ക് കടൽവെള്ളം ഇരച്ചുകയറിയതിനെ തുടർന്ന് ഗതാഗതവും തടസ്സപ്പെട്ടു. അഞ്ചോളം വീട്‌ തകർന്നു. റവന്യൂ അധികൃതർ സ്ഥലത്തെത്തി അടിയന്തര നടപടികൾക്ക് നേതൃത്വം നൽകി. 
നാലു കേന്ദ്രത്തിൽ ക്യാമ്പുകൾ തുടങ്ങാൻ സജ്ജീകരണമായതായി റവന്യു അധികൃതർ പറഞ്ഞു. ചെറിയഴീക്കൽ കെവികെവിഎം യുപി സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് അഞ്ച്‌ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പലരും ബന്ധുവീടുകളിലേക്ക് താമസം മാറ്റി. ആവശ്യമായ ഘട്ടത്തിൽ മറ്റു ക്യാമ്പുകളിലേക്കും ആളുകളെ മാറ്റിപ്പാർപ്പിക്കുമെന്ന്‌ തഹസിൽദാർ അറിയിച്ചു. രാത്രി വൈകിയും ശക്തമായ കടൽക്ഷോഭം തുടരുകയാണ്‌.
 
വൈദ്യുതി തകരാർ: 
കൺട്രോൾ റൂം  തുറന്നു
കൊല്ലം
കൊല്ലം, കൊട്ടാരക്കര ഇലക്ട്രിക്കൽ സർക്കിൾ പരിധിയിലെ വൈദ്യുതി തടസ്സം പരിഹരിക്കാൻ കൺട്രോൾ റൂം തുറന്നു. 9496010101, 9496018381, 9496018385 നമ്പരുകളിലോ 1912 ടോൾഫ്രീ നമ്പരിലോ അപകടവിവരം അറിയിക്കാം. 9496001912 (വാട്‌സാപ് നമ്പർ). കോവിഡ് പശ്ചാത്തലത്തിൽ ഉപയോക്താക്കൾ നേരിട്ട് കെഎസ്ഇബി ഓഫീസുകളിൽ പോകാതെ ഫോൺ സേവനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് കൊല്ലം ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയർ പ്രസന്നകുമാരി അറിയിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top