18 June Friday

ഇനിയില്ല 
ആ തണൽ

സ്വന്തം ലേഖകന്‍Updated: Saturday May 15, 2021
ഓയൂർ
മാഞ്ഞുപോയത്‌ ചെങ്കൂർ രഞ്ജുഭവനിലുള്ളവരുടെ തണലാണ്‌. ചെറുപ്പത്തിൽതന്നെ കുടുംബത്തിന്റെ പ്രാരാബ്ധങ്ങളെല്ലാം സ്വന്തം ചുമലിലേറ്റി ദൂരേക്ക്‌ പറന്ന മാലാഖ. 
കൂലിപ്പണിക്കാരനായ അച്ഛൻ രഘുവിന്റെയും കശുവണ്ടിത്തൊഴിലാളിയായ അമ്മ വത്സലയുടെയും വരുമാനംകൊണ്ട്‌ മാത്രം പുതിയ വീട്‌ ഉൾപ്പെടെയുള്ള സ്വപ്നങ്ങൾ സഫലമാകില്ലെന്ന്‌ രഞ്ജുവിന്‌ ഉറപ്പായിരുന്നു. കൊല്ലം എൻ എസ്‌ സഹകരണ ആശുപത്രിയിൽനിന്ന്‌ മികച്ച മാർക്കോടെ നേഴ്‌സിങ്‌ പഠനം പൂർത്തിയാക്കിയശേഷം മുംബൈയിലായിരുന്നു ആദ്യം ജോലി കിട്ടിയത്‌. നാട്ടിൽതന്നെ ജോലിക്കു ശ്രമിക്കാനുള്ള സാവകാശമില്ലാത്തതിനാൽ മുംബൈക്ക്‌ ട്രെയിൻ കയറി.  കുറച്ചുകൂടെ മികച്ച അവസരം കൊൽക്കത്തയിൽ ലഭിച്ചതോടെ വൈകാതെ മുംബൈ വിട്ടു.   
എല്ലാ മാസവും ശമ്പളത്തിൽനിന്ന്‌ വലിയൊരു തുക മിച്ചംപിടിച്ച്‌ നാട്ടിലേക്ക്‌ അയച്ചു. പഴയ വീടിനു പകരം ചെറുതെങ്കിലും പുതിയതൊന്ന്‌ പണിതു. സ്വന്തം വിവാഹം പിന്നത്തേക്കു മാറ്റിവച്ച്‌ സഹോദരിയുടെ വിവാഹവും നടത്തി. സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ്‌ അഞ്ചുമാസം മുമ്പ്‌ അവസാനമായി കൊൽക്കത്തയിൽനിന്ന്‌ നാട്ടിലെത്തിയതും. 
നോയിഡയിലെ ആശുപത്രിയിൽ ജോലിക്കു കയറിയിട്ട്‌ ഒരുമാസമായതേയുള്ളൂ. ഈ ആശുപത്രിയിലെ ജോലിക്കിടെയാണ് രഞ്ജു രോഗബാധിതയായത്‌. കോവിഡ്‌ രോഗികൾ ഉൾപ്പെടെയുള്ളവരുമായി നിരന്തരം ബന്ധപ്പെട്ട്‌ രോഗബാധിതയായപ്പോൾ ഇതേ ആശുപത്രിയിൽ തനിക്കു മികച്ച ചികിത്സ ലഭിച്ചില്ലെന്നാണ്‌ രഞ്ജു സഹോദരിയെ അറിയിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top