18 September Wednesday

മോഡി അഴിമതി സ്ഥാപനവല്‍ക്കരിച്ചു: എം എ ബേബി

സ്വന്തം ലേഖകന്‍Updated: Friday Mar 15, 2019
കൊല്ലം
നരേന്ദ്രമോഡി നേതൃത്വം നൽകുന്ന ബിജെപി സർക്കാർ രാജ്യത്ത് അഴിമതിയെ സ്ഥാപനവൽക്കരിച്ചിരിക്കുകയാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോഅംഗം എം എ ബേബി പറഞ്ഞു. ആശ്രിത മുതലാളിത്തത്തെ വളർത്തുകയാണ് മോഡിയുടെ മുഖ്യ അജൻഡ. എൽഡിഎഫ് ആലപ്പുഴ പാർലമെന്റ് മണ്ഡലം സ്ഥാനാർഥി എ എം ആരിഫിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി ചേർന്ന കരുനാഗപ്പള്ളി അസംബ്ലി മണ്ഡലം കൺവൻഷൻ  ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. 
രാജ്യത്ത് നിലനിൽക്കുന്ന നിയമവ്യവസ്ഥയിൽ ഭേദഗതി വരുത്തിയാണ് മോഡി അഴിമതി സ്ഥാപനവൽക്കരിക്കുന്നത്. മൂന്നുതരത്തിൽ ഇത് പ്രാവർത്തികമാക്കുന്നു. തെരഞ്ഞെടുപ്പ്  സമയത്ത് കമ്പനികൾ രാഷ്ട്രീയ പാർടികൾക്കു നൽകുന്ന സംഭാവനയാണ് അഴിമതിയുടെ ഒരുവഴി.  വിദേശ കമ്പനികളിൽനിന്ന്  തെരഞ്ഞെടുപ്പ് സംഭാവന സ്വീകരിക്കാൻ നിലവിലുള്ള നിയമം അനുവദിക്കുന്നില്ല. എന്നാൽ,   ഇന്ത്യയിൽ ബന്ധമുള്ള വിദേശ കമ്പനികളുണ്ടെങ്കിൽ ഫണ്ട് സ്വീകരിക്കാം എന്ന്  മോഡി നിയമഭേദഗതി വരുത്തി. തെരഞ്ഞെടുപ്പ് ബോണ്ട് എന്ന പേരിലാണിത്. കടലാസ് കമ്പനികളുടെ പേരിൽ തെരഞ്ഞെടുപ്പ് ഫണ്ട്  സ്വീകരിക്കുന്നതിനും വഴിയൊരുക്കി. 
മൂന്നുവർഷം തുടർച്ചയായി ഏഴര ശതമാനം ലാഭം നേടുന്ന കമ്പനികൾക്ക് ലാഭവിഹിതത്തിൽനിന്ന് രാഷ്ട്രീയ പാർടികൾക്ക് സംഭാവന നൽകാം എന്ന് വ്യവസ്ഥ ഉണ്ടായിരുന്നു. ഇതിലും ഭേദഗതി കൊണ്ടുവന്നു. കടലാസ് കമ്പനികളുടെ പേരിൽ സംഭാവന സ്വീകരിക്കുന്നത് നിയമവിധേയമാക്കുകയാണ് ഇതുവഴി ചെയ്തത്. രാഷ്ട്രീയ പാർടികൾക്ക് ലഭിക്കുന്ന സംഭാവനയും പേരുവിവരവും വെളിപ്പെടുത്തുന്നതിലും ഭേദഗതി വരുത്തി മോഡി അഴിമതിയെ  സ്ഥാപനവൽക്കരിച്ചു. 
 ബോഫോഴ്‌സ് തോക്ക് ഇടപാടിലൂടെ കോൺഗ്രസ് ഭരണകാലത്ത് നടന്നത് 64 കോടി രൂപയുടെ അഴിമതിയായിരുന്നു. എന്നാൽ, റഫേൽ വിമാന ഇടപാടിലെ  കമീഷൻ  മാത്രം 6000 കോടിയായി. 60,000 കോടി രൂപയുടെ ഇടപാടിൽ പത്തു ശതമാനം കണക്കു പറഞ്ഞ് കമീഷൻ വാങ്ങാൻ മോഡിക്ക് മടിയുണ്ടായില്ല. പ്രതിരോധ മേഖലയിലേക്ക്  മോഡി വിശ്വസ്തനായ അദാനിയെ കയറ്റിവിടുന്നു. എന്തിനും സ്വാതന്ത്ര്യം നൽകുന്നു. യുദ്ധവിമാന ഇടപാടിനുശേഷം വിമാനത്താവളവും  വിൽക്കാൻ മോഡി അവസരം ഒരുക്കുന്നു. 
രാജ്യത്തിന്റെ അഭിമാന സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ‌്റോനോട്ടിക്കൽ ലിമിറ്റഡിനെ നോക്കുകുത്തിയാക്കിയാണ് അദാനിയുടെ കമ്പനിക്ക് പ്രതിരോധ മേഖലയിലേക്ക് കടന്നുവരാൻ അവസരം സ്യഷ്ടിക്കുന്നത്. ആശ്രിതമുതലാളിത്തത്തിന്റെ നായകനായി നരേന്ദ്രമോഡി എന്ന ഇന്ത്യൻ ഭരണാധികാരി മാറി. 
കള്ളപ്പണം തിരികെ എത്തിച്ച് ഓരോ ഇന്ത്യൻ പൗരനും അക്കൗണ്ടിലേക്ക് 15,00,000 രൂപ നിക്ഷേപിക്കുമെന്നായിരുന്നു  2014ൽ അധികാരത്തിൽ വരുമ്പോഴുള്ള വാഗ്‌ദാനം. എന്നാൽ, ഓരോ സാധാരണ പൗരന്റെയും അക്കൗണ്ടിൽ നിക്ഷേപിക്കുന്ന തുകയുമായി വിജയ‌്മല്യയെപ്പോലുള്ളവർക്ക് രാജ്യം കടക്കാൻ   അവസരമൊരുക്കുന്ന ഭരണമാണ് കഴിഞ്ഞ നാളുകൾ കണ്ടത്. ബിജെപി സർക്കാർ ഇനിയും അധികാരത്തിൽ വരുന്നത് രാജ്യത്തിന്റെ ഭാവി അപകടപ്പെടുത്തുമെന്നും ബേബി പറഞ്ഞു.
പ്രധാന വാർത്തകൾ
 Top