28 February Friday

സിഎജി റിപ്പോര്‍ട്ട്‌ ചോർന്നു: ചീഫ് സെക്രട്ടറി

സ്വന്തം ലേഖകൻUpdated: Saturday Feb 15, 2020
തിരുവനന്തപുരം 
സിഎജി റിപ്പോർട്ട്‌  നിയമസഭയിൽ വയ്ക്കുംമുമ്പ്‌ വിശദാംശം പുറത്തായതായി സംശയമുയർന്നിട്ടുണ്ടെന്ന്‌ ചീഫ്‌ സെക്രട്ടറി ടോം ജോസ്‌ വാർത്താകുറിപ്പിൽ പറഞ്ഞു. നിയമസഭയിൽ അവതരിപ്പിക്കുന്നതോടെയാണ് റിപ്പോർട്ട്‌ പൊതുരേഖയാകുന്നത്. ഇതിനു ശേഷമാണ് റിപ്പോർട്ട് മാധ്യമങ്ങൾക്ക് ഉൾപ്പെടെ നൽകുന്നത്.
റിപ്പോർട്ടിലെ പരാമർശങ്ങൾ വകുപ്പുകൾ പരിശോധിച്ച് മറുപടി നൽകും. ഇക്കാര്യത്തിൽ വ്യവസ്ഥാപിത നടപടിക്രമം പാലിക്കും.  2013 ഏപ്രിൽ മുതൽ 2018 മാർച്ച് വരെ രണ്ടു സർക്കാരുകളുടെ കാലത്തു നടന്ന പ്രവർത്തനങ്ങളെ കുറിച്ചുള്ള റിപ്പോർട്ടാണ് സിഎജി സമർപ്പിച്ചത്. സിഎജിയുടെ റിപ്പോർട്ടിന്റെ പേരിൽ ഏതെങ്കിലും ഉദ്യോഗസ്ഥനെ വ്യക്തിഹത്യ ചെയ്യുന്നത് കീഴ്‌വഴക്കമല്ല. ചീഫ് സെക്രട്ടറി പൊലീസ് വകുപ്പിന്റെ വാഹനം ഉപയോഗിക്കുന്നുവെന്നത് തെറ്റായ രീതിയിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നു. വിവിധ വകുപ്പുകളുടെ മേധാവിയെന്ന നിലയിൽ ചീഫ് സെക്രട്ടറി ഏതെങ്കിലുമൊരു വകുപ്പിന്റെ വാഹനം ഉപയോഗിക്കുന്നതിൽ തെറ്റില്ല. ഇത് നിയമവിരുദ്ധവുമല്ല. സിഎജി റിപ്പോർട്ട് പരിശോധിച്ച് നടപടി സ്വീകരിക്കാൻ കൃത്യമായ വ്യവസ്ഥകളുണ്ട്. ഇതിനിടെ, തിടുക്കപ്പെട്ട് ഉദ്യോഗസ്ഥരെ കുറ്റക്കാരായി ചിത്രീകരിച്ച്‌ മാധ്യമവിചാരണ ചെയ്യുന്നത് ജനാധിപത്യമര്യാദയുടെ ലംഘനമാണെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
പ്രധാന വാർത്തകൾ
 Top