25 March Monday

കലാലയങ്ങൾ യുക്തിഭദ്രമായി ചിന്തിക്കണം: കെ എൻ ബാലഗോപാൽ

സ്വന്തം ലേഖികUpdated: Friday Feb 15, 2019

 

 
കൊല്ലം
കലാലയങ്ങൾ യുക്തിഭദ്രമായി ചിന്തിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ‌് അംഗം കെ എൻ ബാലഗോപാൽ പറഞ്ഞു. കേരള സർവകലാശാല ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റുഡന്റ് സർവീസസിന്റെ നേതൃത്വത്തിൽ കൊല്ലം എസ്എൻ വനിതാ കോളേജിൽ സംഘടിപ്പിച്ച പ്രഭാഷണ പരിപാടി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ശാസ്ത്രകോൺഗ്രസിൽ പോലും യുക്തിരഹിതമായ അഭിപ്രായങ്ങൾ ഉയർന്നുവരികയാണ്. മതത്തെ രാഷ്ട്രീയാധികാരത്തിനായി വർഗീയവാദികൾ ഉപയോഗിക്കുന്നു. സ്വാമി വിവേകാനന്ദൻ ഭ്രാന്താലയമെന്നു വിളിച്ച കേരളം ഇന്ന് ലോകത്തിനു  മാതൃകയാണ്. യുക്തിബോധത്തോടെ ചിന്തിക്കാൻ ഒരു തലമുറ ഇവിടെ ഉണ്ടായതാണ് അതിനു കാരണം. എന്നാൽ, ഇന്ന് കേരളത്തെ പിറകോട്ടടിക്കാൻ ചിലർ ശ്രമിക്കുന്നു. വിദ്യാർഥികൾ ഇതിനെതിരെ രംഗത്തിറങ്ങണം. യുക്തിഭദ്രമായ നിലപാടുകളെ ക്യാമ്പസുകളിൽ  കൂടുതൽ സജീവമാക്കാൻ സംവാദവും ചർച്ചകളും സംഘടിപ്പിക്കണം. ഇതിനായി അധ്യാപകരും വിദ്യാർഥികളും രംഗത്തുവരണമെന്നും ബാലഗോപാൽ പറഞ്ഞു.
‘യുക്തിഭദ്രമായ ക്യാമ്പസ്‌ സുസ്ഥിര കേരളം’ എന്ന വിഷയത്തിൽ മാധ്യമ പ്രവർത്തകൻ അഭിലാഷ് മോഹൻ പ്രഭാഷണം നടത്തി.കോളേജ് പ്രിൻസിപ്പൽ കെ അനിരുദ്ധൻ അധ്യക്ഷനായി. സിൻഡിക്കേറ്റ്അംഗം എം ശ്രീകുമാർ സംസാരിച്ചു. സിൻഡിക്കേറ്റ‌്അംഗം എം ഹരികൃഷ്ണൻ സ്വാഗതവും കോളേജ് യൂണിയൻ ചെയർപേഴ്സൺ എസ‌് സുമി നന്ദിയും പറഞ്ഞു.
നിലമേൽ എൻഎസ്എസ് കോളേജിൽ കവി കുരീപ്പുഴ ശ്രീകുമാർ പ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ കെ ആർ മധുസൂദനൻപിള്ള അധ്യക്ഷനായി. സിൻഡിക്കേറ്റ‌്അംഗം കെ ഷാജി, ഡോ. ആർ രാജേഷ്, എസ‌്ര സൗരഭ് എന്നിവർ സംസാരിച്ചു. സിൻഡിക്കേറ്റ‌്അംഗം എം ലെനിൻ ലാൽ സ്വാഗതവും കോളേജ് യൂണിയൻ ചെയർമാൻ യു എ അക്ഷയ് നന്ദിയും പറഞ്ഞു.

 

പ്രധാന വാർത്തകൾ
 Top