24 January Friday
പ്ലാസ്റ്റിക്കിൽ പിഴ ഇന്നു മുതൽ

പൊക്കോ, ഈ വഴി കണ്ടേക്കരുത്‌

സ്വന്തം ലേഖികUpdated: Wednesday Jan 15, 2020
കൊല്ലം
പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി പിഴ ഈടാക്കാനുള്ള സർക്കാർ തീരുമാനം ബുധനാഴ്‌ച നിലവിൽ വരും. എന്നാൽ, അതിനു കാത്തുനിൽക്കാതെ ജില്ലയിലെ വ്യാപാര സ്ഥാപനങ്ങൾ, വീടുകൾ എന്നിവയിൽനിന്ന്‌ പ്ലാസ്റ്റിക് പടിയിറങ്ങിക്കഴിഞ്ഞു. 
നിരോധനം നിലവിൽവന്ന്‌ ആഴ്ചകൾക്കുള്ളിൽ ജനങ്ങൾ ബദൽ രീതികളിലേക്ക്‌ ചുവടുവച്ചു. നഗര, ഗ്രാമ വ്യത്യാസമില്ലാതെ കടകളിലേക്ക്‌ എത്തുന്നവരുടെ കൈകളിൽ  തുണിസഞ്ചി മാത്രം. 
കുടുംബശ്രീയുടെ തുണിസഞ്ചികളാണ്‌ പ്ലാസ്റ്റിക്കിനു പകരം വിപണി കീഴടക്കിയത്‌. ഇതോടെ പ്ലാസ്റ്റിക്‌ കവറുമായി പുറത്തിറങ്ങുന്നവരെ കാണാനില്ലെന്ന്‌ ശുചിത്വ മിഷൻ.  
കുടുംബശ്രീക്ക്‌ ഒരുലക്ഷം സഞ്ചിക്കുള്ള ഓർഡർ
കടകളേറെയും പേപ്പർ കവറുകളിലേക്കും തുണിസഞ്ചികളിലേക്കും മാറിയതോടെ കുടുംബശ്രീ പ്രവർത്തകർക്ക്‌ തിരക്കോട്‌ തിരക്ക്‌. ഒരു ലക്ഷം തുണിസഞ്ചി നിർമിക്കാനുള്ള ഓർഡറാണ്‌ വിവിധ സ്ഥാപനങ്ങളിൽനിന്നായി കുടുംബശ്രീക്കു ലഭിച്ചത്‌. 
വ്യാപാര സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവയും ഓർഡർ നൽകിയവരിൽ ഉൾപ്പെടുന്നു. 
ജില്ലയിലെ 140 യൂണിറ്റിൽ 700 വനിതകളാണ്‌ സഞ്ചിനിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്‌.
 ആവശ്യക്കാർ ഏറിയതോടെ കോട്ടൺതുണി ബൾക്കായി എടുക്കാൻ തമിഴ്‌നാട്ടിലെ മില്ലുകളുമായി കുടുംബശ്രീ ജില്ലാമിഷൻ ധാരണയായി. മധുര, ഈറോഡ്‌ എന്നിവിടങ്ങളിലെ മില്ലുകളുമായാണ്‌ ധാരണയായത്‌. 
മീറ്ററിന്‌ 10മുതൽ 50രൂപ വരെ വിലയുള്ള വിവിധ വർണത്തിലുള്ള തുണികളാണ്‌ എടുക്കുക. അഞ്ചുരൂപ മുതൽ 500രൂപ വരെ  വിലയുള്ള സഞ്ചികളാണ്‌ നിർമിക്കുക. 
ജില്ലയിലെ യൂണിറ്റുകൾ  പ്രതിദിനം 25000 സഞ്ചി പുറത്തിറക്കാൻ ശേഷിയുള്ളവയാണെന്ന്‌ കുടുംബശ്രീ മിഷൻ ജില്ലാ കോ–-ഓർഡിനേറ്റർ എ ജി സന്തോഷ്‌ പറഞ്ഞു.
പാളപ്പാത്രവും പാളസഞ്ചിയും 
പാളകൊണ്ടുള്ള  പാത്രം വിപണിയിലെത്തിക്കാൻ ശുചിത്വ മിഷൻ. കുടുംബശ്രീയുടെ കീഴിലുള്ള പരമ്പരാഗത യൂണിറ്റുകളാണ്‌ പാളപ്പാത്രം നിർമിക്കാൻ രംഗത്തുള്ളത്‌. 
പാളജില്ലയുടെ കിഴക്കൻ മേഖലകളിൽ മത്സ്യം വാങ്ങാൻ എത്തുന്നവർ പാളസഞ്ചിയാണ്‌ ഉപയോഗിക്കുന്നത്‌. 
വാഴയിലയും ചേമ്പിലയും തിരിച്ചെത്തുന്നു
മീനും ഇറച്ചിയും ഉൾപ്പെടെയുള്ള സാധനങ്ങൾ പൊതിയാൻ  മാർക്കറ്റുകളിൽ വാഴയിലയും ചേമ്പിലയും തിരിച്ചെത്തി. 
മത്സ്യവ്യാപാരികൾ രണ്ടും മൂന്നും പേപ്പറുകൾ  ചേർത്ത്‌ മീൻ പൊതിയുന്നതും പതിവായി. ഹോട്ടലുകളിൽനിന്നുള്ള പാഴ്‌സലുകൾ,  ഓൺലൈൻ ഫുഡ്‌ ഡെലിവറി എന്നിവയ്‌ക്ക്‌ പ്ലാസ്റ്റിക്‌ കവറുകൾക്കു പകരം വാഴയില ഉപയോഗിക്കണമെന്നാണ്‌ നിർദേശം.
പ്രധാന വാർത്തകൾ
 Top