29 November Monday

മീമീ കൊണ്ടുവരും മീനച്ചാറും ചമ്മന്തിപ്പൊടിയും

വെബ് ഡെസ്‌ക്‌Updated: Thursday Oct 14, 2021
കൊല്ലം
വൃത്തിയാക്കിയ മത്സ്യം മാത്രമല്ല, നല്ലയിനം മീൻ അച്ചാർ, മീൻ വറുത്തത്‌, ചമ്മന്തിപ്പൊടി, മീൻകറി, ഉണക്കമീൻ എന്നിവയും ഇനി വീട്ടുപടിക്കലെത്തും. സംസ്ഥാന തീരദേശ വികസന കോർപറേഷന്റെ മീമീ ആപ്പിലൂടെയാണ്‌ വൈവിധ്യമാർന്ന മൂല്യവർധിത ഉൽപ്പന്നങ്ങളും ലഭ്യമാകുക. മീമീ ആപ്പിന്റെ സേവനം ലഭ്യമാകുന്ന കൊല്ലം കോർപറേഷൻ ഉൾപ്പെടെ ജില്ലയിലെ 29 സ്ഥലങ്ങളിലും മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉപഭോക്താവിന്റെ കൈകളിലേക്കെത്തും. 
ചെമ്മീൻ, കൂന്തൽ, ചൂര, കക്ക, കല്ലുമ്മേക്കായ എന്നിവയാണ് അച്ചാർ ഇനത്തിൽ ലഭിക്കുന്നത്. കൊഴുവ, ഉണക്കച്ചെമ്മീൻ വറുത്തതും ഉണക്കച്ചെമ്മീൻ പൊടിയും ആപ്പിലൂടെ ലഭിക്കും. മീൻകൊണ്ടുള്ള കട്‌ലറ്റ്, സമൂസ, ബർഗർ പട്ടീസ്, റോൾ, ലോലിപോപ്, സൂപ്പ്, നെയ്മീൻ കറി എന്നിവയുമുണ്ട്‌. കൊഴുവ, കിളിമീൻ, ചെമ്മീൻ, ശീലാവ്, ഉലുവ, വാള, സ്രാവ്, കോര, പരവ, മത്തി, അയല, കൂന്തൽ എന്നിവ ഉണക്കിയതും വീട്ടുപടിക്കലെത്തും.
സംസ്ഥാന തീരദേശ വികസന കോർപറേഷൻ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ സഹകരണത്തോടെ വിഭാവനംചെയ്ത പരിവർത്തനം പദ്ധതിയുടെ ഭാഗമായാണ് മീമീ ആപ്പ് പുറത്തിറക്കിയത്. 
ഫ്രഷ്‌ മത്സ്യം കറിവയ്ക്കാൻ പാകത്തിന് വൃത്തിയാക്കി വീട്ടുപടിക്കൽ എത്തിക്കുന്നതിനാണ് ആപ് ആരംഭിച്ചത്. ഈ പദ്ധതിയുടെ തുടർവികസനത്തിന്റെ ഭാഗമായാണ് മൂല്യവർധിത ഉൽപ്പന്നങ്ങൾ കൂടി ഉൾപ്പെടുത്തിയത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top