28 November Saturday

അരുമകൾക്കും കരുതൽ @24

വെബ് ഡെസ്‌ക്‌Updated: Wednesday Oct 14, 2020
കരുനാഗപ്പള്ളി
വളർത്തുമൃഗങ്ങൾ അപ്രതീക്ഷിതമായി അപകടത്തിൽപ്പെടുകയോ രോഗബാധയുണ്ടാകുകയോ ചെയ്‌താൽ ഭയപ്പെടേണ്ട. അരുമകൾക്ക്‌ ഇനി 24 മണിക്കൂറും വെറ്ററിനറി ഡോക്ടർമാരുടെ കരുതൽ ലഭിക്കും. സംസ്ഥാനത്തെ മൃഗാശുപത്രികൾ ഇനി മുതൽ 24 മണിക്കൂറും പ്രവർത്തിക്കും. ‘ശോഭനം’ എന്ന പേരിലാണ് മൃഗചികിത്സാ രംഗത്തെ വിപ്ലവകരമായ ചുവടുവയ്‌പ്‌. 
ആദ്യഘട്ടമായി വിവിധ ജില്ലകളിലെ 26 മൃഗാശുപത്രികളാണ് 24 മണിക്കൂറും പ്രവർത്തിക്കുന്നവയായി മാറുക. ജില്ലയിൽ  കരുനാഗപ്പള്ളി, പുനലൂർ, കുളത്തൂപ്പുഴ പോളിക്ലിനിക്കുകളാണ്‌ ഇതിൽ ഉൾപ്പെട്ടത്‌. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വെള്ളിയാഴ്‌ച വൈകിട്ട് അഞ്ചിന് കരുനാഗപ്പള്ളി വെറ്ററിനറി പോളിക്ലിനിക്കിൽ മന്ത്രി കെ രാജു നിർവഹിക്കുമെന്ന് ആർ രാമചന്ദ്രൻ എംഎൽഎ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 
നിലവിൽ രാവിലെ ഒമ്പതുമുതൽ പകൽ മൂന്നുവരെയാണ് മൃഗാശുപത്രികളുടെ പ്രവർത്തനം. രാത്രികാലങ്ങളിൽ മൃഗങ്ങൾക്കുണ്ടാകുന്ന രോഗങ്ങൾക്ക് യഥാസമയം ചികിത്സ ലഭ്യമാക്കുന്നതിനാണ്‌ ആശുപത്രികളുടെ പ്രവർത്തനം 24 മണിക്കൂറായി ദീർഘിപ്പിക്കുന്നത്. രാവിലെ എട്ടുമുതൽ രണ്ടുവരെയും രണ്ടുമുതൽ രാത്രി എട്ടുവരെയും എട്ടുമുതൽ രാവിലെ വരെയുമുള്ള മൂന്നു ഷിഫ്റ്റുകളായാണ് പ്രവർത്തനം ക്രമീകരിക്കുക. ഒരു ഡോക്ടർ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ, അറ്റൻഡർ എന്നിവരുടെ സേവനം ലഭ്യമാകുക.  രാത്രിയിൽ ഡോക്ടറും അറ്റൻഡറും മാത്രമാണ്‌ ഉണ്ടാകുക. 
കൊല്ലം വെറ്ററിനറി ക്ലിനിക്കിൽ നിലവിൽ 24 മണിക്കൂർ സേവനം നൽകി വരുന്നുണ്ട്. ഇതിനുപുറമെയാണ്‌ ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളിൽകൂടി 24 മണിക്കൂർ സേവനം ലഭ്യമാക്കുന്നത്‌. 
ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എ മജീദ്, തൊടിയൂർ പഞ്ചായത്ത് പ്രസിഡന്റ്‌ കടവിക്കാട്ട് മോഹനൻ, സീനിയർ വെറ്ററിനറി സർജൻ ഡോ. സാബു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top