16 December Monday

നിലയ്‌ക്കാത്ത സ്‌നേഹപ്രവാഹം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2019
കൊല്ലം
പ്രളയത്തിലും ഉരുൾപൊട്ടലിലും സർവവും നഷ്ടപ്പെട്ട സഹോദരങ്ങളുടെ കണ്ണീരൊപ്പാൻ  കൊല്ലത്തിന്റെ സ്‌നേഹപ്രവാഹം തുടരുന്നു. ചൊവ്വാഴ്‌ച രണ്ടുലോഡ്‌ സാധനസാമഗ്രികളാണ്‌ മലബാർ മേഖലയിലേക്ക്‌ കയറ്റി അയച്ചത്‌. ഇതുവരെ എട്ട്‌ ലോഡ്‌ സാധനങ്ങളാണ്‌ ടി എം വർഗീസ്‌ ഹാളിൽ പ്രവർത്തിക്കുന്ന ജില്ലാ കലക്‌ഷൻ സെന്ററിൽനിന്ന്‌ കയറ്റി അയച്ചത്‌. കോഴിക്കോട്ടേക്ക്‌ നാലു ലോഡും മലപ്പുറത്തേക്ക്‌ മൂന്നു ലോഡും വയനാട്ടിലേക്ക്‌ ഒരു ലോഡും ഇതിൽ ഉൾപ്പെടുന്നു. 
ആദ്യ ദിനങ്ങളിൽ ഭക്ഷണവസ്‌തുക്കളായിരുന്നു സെന്ററിൽ  കൂടുതൽ ലഭിച്ചത്‌. ഇപ്പോൾ ശുചീകരണ സാമഗ്രികളും പാത്രങ്ങളും ആണ്‌ ഏറെയും എത്തുന്നത്‌. സ്‌കൂൾ കുട്ടികളടക്കം സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവർ സാധനങ്ങൾ എത്തിക്കുന്നതിൽ മത്സരിക്കുന്ന കാഴ്‌ചയാണുള്ളത്‌. അഞ്ഞൂറിൽപ്പരം വളന്റിയർമാർ സെന്ററിൽ സാധനങ്ങൾ തരംതിരിക്കുന്നതിൽ വ്യാപൃതരാണ്‌. വിവിധ വകുപ്പുകളിലെ 20ൽപ്പരം സർക്കാർ ജീവനക്കാരും എല്ലാ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിച്ച്‌ ഒപ്പമുണ്ട്‌.  കഴിഞ്ഞ ദിവസം മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ, കെ സോമപ്രസാദ്‌ എംപി എന്നിവർ കലക്‌ഷൻ സെന്റർ സന്ദർശിച്ച്‌ വേണ്ട നിർദേശങ്ങൾ നൽകി. പ്രളയക്കെടുതിയിൽപ്പെട്ടവരുടെ രക്ഷാപ്രവർത്തനത്തിന്‌ ജില്ലയിലെ കടലിന്റെ മക്കളുടെ സംഘവും ആലപ്പുഴയിൽ ഉണ്ട്‌. പത്ത്‌ വള്ളത്തിലായി 30ൽപ്പരം തൊഴിലാളികളാണ്‌ ഇക്കൂട്ടത്തിൽ ഉള്ളത്‌.
പ്രധാന വാർത്തകൾ
 Top