20 September Friday

ഭൂമിയും വീടും നഷ്‌ടപ്പെട്ടവരെ പുനരധിവസിപ്പിക്കും: മുഖ്യമന്ത്രി

സ്വന്തം ലേഖികUpdated: Wednesday Aug 14, 2019
 
കൽപ്പറ്റ
പ്രളയത്തിൽ വീടും ഭൂമിയും നഷ്ടപ്പെട്ടവരെ കഴിഞ്ഞ വർഷത്തെപ്പോലെ പുനരധിവസിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദുരിതബാധിതരെ  സഹായിക്കാൻ സർക്കാർ എല്ലാ ക്രമീകരണങ്ങളും ഒരുക്കും.  നാട് നേരിട്ട വലിയ ദുരന്തത്തെ ഒറ്റക്കെട്ടായി അതിജീവിക്കുകയാണ് പ്രധാനം. അതിന് പൊതുസമൂഹത്തിന്റെ ശ്രദ്ധയും ജാഗ്രതയും ആവശ്യമാണ്.  
വീട്‌ നഷ്‌ടപ്പെട്ടവർക്ക്‌ നാലു ലക്ഷവും ഭൂമി നഷ്‌ടപ്പെട്ടവർക്ക്‌ ആറുലക്ഷവും രണ്ടും നഷ്‌ടപ്പെട്ടവർക്ക്‌ 10 ലക്ഷം രൂപയുമാണ്‌ നൽകുക.  പെട്ടെന്ന് വീട്ടിലേക്ക് മടങ്ങാൻ കഴിയാത്തവർക്കായി  പ്രത്യേക ക്യാമ്പ് ഒരുക്കും.  ക്യാമ്പുകളുടെ നടത്തിപ്പിൽ ജാഗ്രത പുലർത്തണം. കലക്ടറേറ്റിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയായിരുന്നു അദ്ദേഹം. 
ക്യാമ്പുകളിൽ വിവിധ വിഭാഗത്തിൽപ്പെട്ട ആളുകളാണ് താമസിക്കുന്നത്. ഇവരുടെ മാനസികാവസ്ഥയ്ക്ക് കരുത്ത് പകരുന്ന സമീപനം ക്യാമ്പ് പരിപാലിക്കുന്നവരിൽനിന്നുണ്ടാവണം. ക്യാമ്പുകളിൽ താമസിക്കുന്നവരെ കാണാനെത്തുന്നവർക്കായി പ്രത്യേകം സ്ഥലമൊരുക്കണം.  ശുചിത്വം ഉറപ്പാക്കണം. ക്യാമ്പുകളിൽനിന്ന്‌ തിരിച്ചുപോകുമ്പോഴേക്കും ദുരിത ബാധിതരുടെ വീടുകൾ താമസയോഗ്യമാക്കണം. ഇതിന്‌ തദ്ദേശഭരണ സ്ഥാപനങ്ങൾ മുന്നിട്ടിറങ്ങണം.  കുടിവെള്ളം ഉറപ്പാക്കണം. ആവശ്യമെങ്കിൽ ടാങ്കർ ലോറികളിൽ കുടിവെള്ളമെത്തിക്കണം.  
റോഡുകളിലെ തടസ്സങ്ങൾ നീക്കാനുളള നടപടികൾ വേഗത്തിലാക്കണം. വീടുകളും ഭൂമിയും നഷ്ടപ്പെട്ടവർക്കുള്ള ധനസഹായ വിതരണത്തിന് ആവശ്യമായ ക്രമീകരണങ്ങളൊരുക്കിയിട്ടുണ്ടെന്നും  അദ്ദേഹം പറഞ്ഞു.
  മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, എ കെ ശശീന്ദ്രൻ,  ജില്ലയുടെ ചുമതലയുള്ള മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, എംഎൽഎമാരായ സി കെ ശശീന്ദ്രൻ, ഒ ആർ കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ, ചീഫ് സെക്രട്ടറി ടോം ജോസ്, ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, സംസ്ഥാന പൊലീസ് മേധാവി ലോക്‌ നാഥ്‌ ബഹ്റ, ഉദ്യോഗസ്ഥർ തുടങ്ങിയവർ മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.
പ്രധാന വാർത്തകൾ
 Top