17 February Monday
മാലിന്യമുക്ത നഗരം

ഒരുമിച്ചുനിന്നാൽ നഗരം ശുചിയാകും: മേയർ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2019
 
കൊല്ലം
മാലിന്യമുക്ത നഗരം പദ്ധതി പ്രവർത്തനങ്ങൾ ഓണത്തിനു മുമ്പുതന്നെ ആരംഭിക്കുമെന്ന് മേയർ വി രാജേന്ദ്രബാബു പറഞ്ഞു. പദ്ധതി പ്രാവർത്തികമാക്കുന്നതിന്‌ 25നു മുമ്പ്‌ ബഹുജന കൺവൻഷൻ ചേരും. തുടർന്ന് ഡിവിഷൻതല പ്രവർത്തനങ്ങൾ ആരംഭിക്കും. കൗൺസിൽ യോഗത്തിൽ അംഗങ്ങളുടെ ചർച്ചയ്‌ക്ക് മറുപടി പറയുകയായിരുന്നു മേയർ. വിവിധ സംഘടനകളുടെ യോഗം ചേർന്ന് പദ്ധതിക്ക് രൂപരേഖ തയ്യാറാക്കിയെങ്കിലും തുടർന്നുള്ള ദിവസങ്ങളിലെ കനത്ത മഴ പദ്ധതി പ്രവർത്തനങ്ങളെ കാര്യമായി ബാധിച്ചു. 
ഗാർഹിക മാലിന്യങ്ങൾ സ്വന്തം മതിൽക്കെട്ടിനു പുറത്തേക്ക് വലിച്ചെറിയുന്നതിനു പകരം അവ ഉറവിടത്തിൽതന്നെ സംസ്കരിക്കുന്ന സംസ്കാരമാണ് മാലിന്യമുക്ത നഗരം. എല്ലാവരും ചേർന്ന് ഒത്തുപിടിച്ചാൽ നഗരം ശുചിയാകും. 
പൊതുഇടങ്ങളിൽ എയ്റോബിക് പ്ലാന്റുകൾ ഉൾപ്പെടെയുള്ള മാലിന്യസംസ്കരണ പ്ലാന്റുകൾ സ്ഥാപിച്ചും വികേന്ദ്രീകൃത മാലിന്യസംസ്കരണനയം നടപ്പാക്കിയും മാലിന്യത്തിന്റെ അളവ് നിയന്ത്രിക്കാൻ കഴിഞ്ഞ മൂന്നു വർഷത്തെ പ്രയത്നത്തിലൂടെ നഗരസഭയ്‌ക്കു കഴിഞ്ഞു. എങ്കിലും പൊതുഇടങ്ങളിലും ആൾത്താമസമില്ലാത്ത പുരയിടങ്ങളിലും ജലാശയങ്ങളിലും വഴിയോരങ്ങളിലും മാലിന്യം നിക്ഷേപിക്കുന്ന രീതി അവസാനിച്ചിട്ടില്ല. 
വീടുകളിൽ ബിന്നുകൾ സ്ഥാപിച്ചും അജൈവ മാലിന്യങ്ങൾ ഹരിതകർമ സേനാംഗങ്ങൾ വീട്ടിൽവന്ന് ശേഖരിച്ചും പദ്ധതി സമ്പൂർണമാക്കും. തെരുവുവിളക്കുകൾ എൽഇഡി ആക്കുന്നതിന്റെ പ്രവർത്തനങ്ങൾ മൂന്നു മാസത്തിനകം പൂർത്തിയാകും. ഓണത്തിനു മുമ്പ്‌ നിലവിലുള്ള ലൈറ്റുകളെല്ലാം പ്രകാശിപ്പിക്കാൻ സംവിധാനമുണ്ടാക്കും. തിരുമുല്ലവാരത്ത് നഗരസഭയുടെ നേതൃത്വത്തിൽ സ്ഥിരം സ്നാനഘട്ടം ഉണ്ടാക്കുന്നത് പരിഗണനയിലാണ്‌. പുതിയ ശുചീകരണത്തൊഴിലാളികളെ നിയമിക്കുന്ന നടപടികൾ അവസാന ഘട്ടത്തിലെത്തി. അനധികൃതമായി പ്രവർത്തിക്കുന്ന തട്ടുകടകൾ നീക്കം ചെയ്യും. നൈറ്റ് സ്ക്വാഡ് സജീവമാക്കും. 
സ്കൂളുകളിലെ പ്രഭാതഭക്ഷണ പരിപാടി സെപ്തംബർ ഒന്നു മുതൽ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ടി ആർ സന്തോഷ് കുമാർ പറഞ്ഞു. പിഎംഎവൈ പദ്ധതിയിൽ 10190 അപേക്ഷകരുടെ ലിസ്റ്റിൽനിന്ന് ഒരു കാർഡിന് ഒരു ഗുണഭോക്താവ് എന്ന നിലയിൽ അനർഹരെ ഒഴിവാക്കുന്നതിന് രേഖകളുടെ പരിശോധന നടത്തുമെന്ന് ക്ഷേമ സ്ഥിരംസമിതി ചെയർമാൻ എസ് ഗീതാകുമാരി പറഞ്ഞു. ബൈപാസിൽ അനധികൃതമായി കൂറ്റൻ പരസ്യബോർഡുകൾ വരുന്നത് തടയാൻ സംവിധാനം ഉണ്ടാകണമെന്ന് വികസന സ്ഥിരം സമിതി ചെയർമാൻ
എം എ സത്താർ പറഞ്ഞു. ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ്, സ്ഥിരം സമിതി ചെയർമാന്മാരായ പി ജെ രാജേന്ദ്രൻ, ചിന്ത എൽ സജിത് എന്നിവർ സംസാരിച്ചു. അംഗങ്ങളായ എ കെ ഹഫീസ്, എസ് ജയൻ, എസ് പ്രസന്നൻ, എം എസ് ഗോപകുമാർ, സുരേഷ് കുമാർ, വിജയലക്ഷ്‌മി, മീനാകുമാരി, ശാന്തിനി, ചന്ദ്രികാദേവി, മോഹനൻ, ഷൈലജ, ബേബി സേവ്യർ, സഹൃദയൻ, റീന സെബാസ്റ്റ്യൻ, ഹണി ബഞ്ചമിൻ, അജിത് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top