09 August Sunday

108 ദിവസം, 527 രോഗികൾ

സ്വന്തം ലേഖകന്‍Updated: Tuesday Jul 14, 2020
കൊല്ലം
ജില്ലയിൽ കോവിഡ്‌ രോഗം ആദ്യമായി സ്ഥിരീകരിച്ച്‌ 108 ദിവസം പിന്നിടുമ്പോൾ രോഗികളുടെ എണ്ണം 500 കവിഞ്ഞു. മാർച്ച്‌ 27നാണ്‌ ജില്ലയിൽ ആദ്യം പോസിറ്റീവ്‌ സ്ഥിരീകരിക്കുന്നത്‌. തിങ്കളാഴ്ച 108 ദിവസം പിന്നിട്ടപ്പോൾ രോഗികൾ 527ആയി. ഇതിൽ 316പേർ രോഗമുക്തി നേടിയെങ്കിലും സമ്പർക്കം മൂലമുള്ള കോവിഡ്‌ ബാധ വൻ ഭീഷണി ഉയർത്തുന്നു. നാലുപേർ ഇതിനകം മരിച്ചു. ചവറ, പന്മന, ശാസ്‌താംകോട്ട, പോരുവഴി എന്നിവിടങ്ങളിൽ രോഗം അതിവേഗം പടരുകയാണ്‌.‌ തിങ്കളാഴ്ച 33 പേർക്ക്‌ രോഗം സ്ഥിരീകരിച്ചത് ജില്ലയിലെ‌ ഒറ്റദിവസത്തെ ഏറ്റവും ഉയർന്ന നിരക്കാണ്‌. 10ന് 28 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായിരുന്നു ഇതുവരെയുള്ള കൂടിയ കണക്ക്. അന്ന് 10 പേര്‍ക്കാണ് സമ്പര്‍ക്കം സംശയിച്ചത്. കഴിഞ്ഞ 10നാണ്‌ ആദ്യമായി വിദേശത്തുനിന്ന് വന്നവരുടെ എണ്ണത്തില്‍ കടത്തി സമ്പര്‍ക്ക രോഗികള്‍ കൂടിയത്.സമ്പര്‍ക്ക രോഗവ്യാപനം കണക്കിലെടുത്ത് ജില്ലയില്‍ കടുത്ത നടപടികളാണ് സ്വീകരിച്ചത്. പ്രതിരോധ നടപടികളുടെ ഭാഗമായി ആരോഗ്യ വകുപ്പ് പരിശോധനയുടെ എണ്ണം വര്‍ധിപ്പിച്ചു. കോവിഡ് രോഗികളെ ചികിത്സിക്കുന്നതിന് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് പുറമേ വാളകം മേഴ്‌സി ആശുപത്രി സജ്ജമാക്കി. ആശ്രാമം ഹോക്കി സ്റ്റേഡിയം ഉള്‍പ്പെടെ എട്ടു കേന്ദ്രങ്ങളിൽ 777 കിടക്കകള്‍ സജ്ജമാക്കുന്നുണ്ട്‌. 1000 കിടക്കകളാണ് ഒന്നാംഘട്ടത്തില്‍ സജ്ജമാക്കുക. ഏത് അടിയന്തരഘട്ടത്തെയും നേരിടാന്‍ തയ്യാറെടുക്കുകയാണ്‌ ജില്ല.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top