25 August Sunday

യുഡിഎഫ് സമരനാടകം തീരദേശ പദ്ധതികളെ അട്ടിമറിക്കാൻ: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Jul 14, 2019

 

കൊല്ലം
തീരസംരക്ഷണത്തിനായി എൽഡിഎഫ് ഗവൺമെന്റ് ആവിഷ്കരിച്ച ശാസ്ത്രീയ സംവിധാനങ്ങളെ അട്ടിമറിക്കുന്നതിനാണ് യുഡിഎഫ് നുണപ്രചാരണങ്ങളുമായി രംഗത്തിറങ്ങിയതെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. തീരസംരക്ഷണമെന്നാൽ കടലിൽ കല്ലിടുക എന്നത‌ു മാത്രമാണ് യുഡിഎഫ് നയം. കൊല്ലത്തിന്റെ പ്രമാണിത്തവുംപേറി എംഎൽഎയും എംപിയും മന്ത്രിയുമൊക്കെയായി കാലം കഴിച്ചവരുടെ ഭാവനാശൂന്യതയാണ് കൊല്ലത്തിന്റെ വികസന പിന്നോക്കാവസ്ഥയ്ക്ക് കാരണമായത്. എംപിയുടെ സമര നാടകത്തിനെതിരെ തീരവും തൊഴിലും സംരക്ഷിക്കാൻ ഇരവിപുരത്ത് സിപിഐ എം നേതൃത്വത്തിൽ സംഘടിപ്പിച്ച ബഹുജന സംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. തീരദേശം സംരക്ഷിക്കാൻ മദ്രാസ് ഐഐടിയിലെ വിദ​ഗ്ധര്‍ നടത്തിയ ദീർഘമായ പഠനത്തെ തുടർന്നാണ് സർക്കാർ വിവിധ പദ്ധതികൾ ആവിഷ്കരിച്ചത്. കടലാക്രമണം രൂക്ഷമായ ഇരവിപുരത്ത് 35.8കോടി രൂപ ചെലവിൽ 23 പുലിമുട്ടുകൾ നിർമിക്കാനും നിലവിലുള്ള ആറ് പുലിമുട്ടുകൾ 3.25കോടി ചെലവാക്കി നവീകരിക്കാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. കടലാക്രമണത്തെ തടയാനുള്ള സംവിധാനങ്ങൾ പൂർത്തിയാക്കിയശേഷം ആധുനിക ശാസ്ത്രീയ സംവിധാനങ്ങളോടെ റോഡ് നിർമാണം പൂർത്തിയാക്കും. എല്ലാ വികസന പ്രവർത്തനങ്ങളും മത്സ്യത്തൊഴിലാളികളെ സംരക്ഷിച്ചുകൊണ്ടായിരിക്കും തീരത്ത് നടപ്പാക്കുക.
പുലിമുട്ട് നിർമിക്കുന്നതിനു പാറയുടെ ദൗർലഭ്യം മറികടക്കാൻ വെളിയത്ത് ഹാർബറിന്റെ ഉടമസ്ഥതയിലുള്ള ക്വാറിയിൽ നിന്നു പാറകൊണ്ടുവന്ന് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ സിപിഐ എം കൊല്ലം ഈസ്റ്റ് ഏരിയ സെക്രട്ടറി എസ് പ്രസാദ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം എക്സ് ഏണസ്റ്റ്, എം നൗഷാദ് എംഎൽഎ, മത്സ്യത്തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി ടി മനോഹരൻ, എ പുഷ്പരാജൻ, കെ പി സജിനാഥ്, എം നൗഷാദ്, വി പത്മനാഭൻ, എം എ സത്താർ, ബേബി സേവ്യർ, എ ഷാജി, എസ് അശോക് കുമാർ എന്നിവർ സംസാരിച്ചു. യോഗത്തിനു മുമ്പ് ഡിവൈഎഫ്ഐ നേതൃത്വത്തിൽ പ്രകടനം നടത്തി.
പ്രധാന വാർത്തകൾ
 Top