23 July Tuesday

ഇന്ന‌് ലോക രക്തദാന ദിനം; വിപുലമായ പരിപാടികളുമായി ആരോഗ്യവകുപ്പ‌്

പ്രത്യേക ലേഖകൻUpdated: Friday Jun 14, 2019
പ്രത്യേക ലേഖകൻ
കൊല്ലം
ലോക രക്തദാന ദിനമായ വെള്ളിയാഴ‌്ച ബോധവൽക്കരണത്തിനും രക്തശേഖരണത്തിനും വിപുലമായ പരിപാടികളുമായി ആരോഗ്യവകുപ്പ‌്. രക്തദാനം, പ്രദർശനം, സെമിനാർ എന്നിവയാണ‌് പ്രധാന പരിപാടികളെന്ന‌് ഡെപ്യൂട്ടി ഡിഎംഒ  ആർ സന്ധ്യ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജീവൻ നിലനിർത്താൻ  ജീവനോളം തന്നെ പ്രാധാന്യം ഉള്ളതാണ് രക്തമെന്ന ക്യാമ്പയിനുമായാണ‌് ജില്ലാ മെഡിക്കൽ ഓഫീസ‌് പരിപാടികൾ ഏറ്റെടുത്തിരിക്കുന്നത‌്.  
 രക്തദാതാക്കളുടെ രക്തം സ്ഥിരമായി പരിശോധിക്കാൻ സാഹചര്യം ഒരുങ്ങും. ഇതുവഴി ഇവർക്ക് രക്തത്തിലൂടെ പകരുന്ന രോഗങ്ങൾ ഇല്ലെന്ന് ഉറപ്പിക്കാം.  ഉണ്ടായാൽ തന്നെ പ്രാരംഭ ദിശയിൽ കണ്ടെത്തുകയും ചികിത്സ ഉറപ്പാക്കുകയും ആകാം. സ്ഥിരമായി രക്തംദാനം ചെയ്യുന്നവർ കൊളസ്ട്രോൾ വിമുക്തരാകും. രക്തത്തിൽ ഇരുമ്പിന്റെ അംശം അടിഞ്ഞുകൂടുന്നത് ഒഴിവാകും. എച്ച‌്ഐവി അണുബാധ, മലേറിയ, ലൈംഗിക രോഗങ്ങൾ എന്നിവയാണ‌് രക്തദാന സമയത്ത‌് കണ്ടെത്താൻ കഴിയുന്നത്‌. സന്നദ്ധ രക്തദാനത്തിലൂടെ ലഭിക്കുന്ന രക്തം സുരക്ഷിതമാണെന്ന് ഉറപ്പിക്കാൻ സാധിക്കുന്നു എന്നതും നേട്ടമാണ‌്.  
പ്രായപൂർത്തിയായ ആളിൽ ശരാശരി അഞ്ച‌ുലിറ്റർ രക്തമാണുള്ളത്. അതിൽ 350 മുതൽ 450 മില്ലി ലിറ്റർ രക്തം  ദാനംചെയ്യാം. 18നും 60നും ഇടയിലുള്ള ആർക്കും രക്തം ദാനംചെയ്യാം.
‘സുരക്ഷിത രക്തം എല്ലാവർക്കും’ എന്നതാണ് ദിനാചരണത്തിന്റെ സന്ദേശം. 
ജില്ലാ മെഡിക്കൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ രക്തദാന ദിനാചരണ പ്രദർശനം വെള്ളിയാഴ‌്ച രാവിലെ 9.30ന് കൊല്ലം റെയിൽവേ സ്റ്റേഷനിൽ മേയർ വി രാജേന്ദ്രബാബു  ഉദ‌്ഘാടനംചെയ്യും. തുടർന്ന് നേഴ്സിങ‌് വിദ്യാർഥികൾ അവതരിപ്പിക്കുന്ന ഫ്ലാഷ് മോബ് അരങ്ങേറും. പകൽ 11ന‌്  കൊല്ലം ആർപി മാളിൽ സന്നദ്ധ രക്തദാനം  കലക്ടർ എസ് കാർത്തികേയൻ ഉദ‌്ഘാടനംചെയ്യും. തുടർന്നു നടക്കുന്ന സെമിനാറിൽ  ജില്ലാ ആശുപത്രി ബ്ലഡ്‌ ബാങ്ക് മെഡിക്കൽ ഓഫീസർ ലാലു സുന്ദർ ‘സന്നദ്ധ രക്തദാനം’ എന്ന വിഷയം  അവതരിപ്പിക്കും.
 
പ്രധാന വാർത്തകൾ
 Top