27 June Thursday

കശുവണ്ടി വ്യവസായത്തെ തകര്‍ക്കാന്‍ അനുവദിക്കില്ല: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Tuesday May 14, 2019
കൊല്ലം
മൂന്നു ലക്ഷത്തോളം തൊഴിലാളികൾ പണിയെടുക്കുന്ന പരമ്പരാഗത വ്യവസായ രംഗമായ കശുവണ്ടി മേഖല തകർക്കാൻ യുഡിഎഫും സ്ഥാപിത താൽപ്പര്യക്കാരും ബോധപൂർവം നടത്തുന്ന കുപ്രചാരണങ്ങളെ തള്ളിക്കളയുന്നുവെന്ന‌് സിപിഐ എം  ജില്ലാ സെക്രട്ടറി എസ് സുദേവൻ പ്ര സ്താവനയിൽ പറഞ്ഞു. 
ലക്ഷക്കണക്കിന് തൊഴിലാളികളെ തൊഴില്‍ ഉടമകൾ ചൂഷണം ചെയ്തിരുന്ന സന്ദർഭത്തിലാണ് കശുവണ്ടി വ്യവസായത്തിന് മാതൃകയായി പ്രവർത്തിക്കുന്ന കാഷ്യൂ കോർപറേഷനും കാപ്പക‌്സും  രൂപീകരിച്ചത‌്. പൊതുമേഖലാ സ്ഥാപനത്തെ തകർക്കാൻ കുത്തകകളും സ്ഥാപിത താൽപ്പര്യക്കാരും എക്കാലവും പരിശ്രമിക്കുകയാണ്. യുഡിഎഫ‌് ഭരണകാലത്ത് അടച്ചിട്ടിരുന്ന കശുവണ്ടി വികസന കോർപറേഷന്റെയും കാപ്പക്സിന്റെയും ഫാക്ടറികൾ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ഉടൻതന്നെ തുറക്കുകയും മൂന്നുവർഷമായി തുടർച്ചയായി ജോലി നൽകുകയുമാണ്. 
മുപ്പതു വർഷമായി കേരളത്തിലെ നാടൻതോട്ടണ്ടി പൊതുമേഖലാ സ്ഥാപനങ്ങളായ കാപ്പക്സും കാഷ്യൂ കോർപറേഷനും സംഭരിച്ചിരുന്നില്ല. സർക്കാർ തീരുമാനത്തിന്റെ ഭാഗമായി കേരളത്തിലെ സർക്കാർ ഫാമുകളിലെ തോട്ടണ്ടി കാഷ്യൂ കോർപറേഷനും കാപ്പക്സും സംഭരിച്ചു. കേരളത്തിൽ ആവശ്യമായ തോട്ടണ്ടി ലഭിക്കാത്ത സാഹചര്യത്തിലാണ് ആഫ്രിക്കൻ രാജ്യങ്ങളിലെ പ്രതിനിധികളെ ഉൾപ്പെടുത്തി തിരുവനന്തപുരത്ത് കാഷ്യൂ കോൺക്ലേവ് സംഘടിപ്പിച്ചത്. കേരള കാഷ്യൂ ബോർഡ് രൂപീകരിക്കുകയും ചെയ്തു. ഇടനിലക്കാരെ ഒഴിവാക്കി വിദേശരാജ്യങ്ങളിൽനിന്ന് തോട്ടണ്ടി സംഭരിച്ച് പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്വകാര്യ മേഖലയ്ക്കും നൽകാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിനകം കാഷ്യൂ ബോർഡ് തോട്ടണ്ടി സംഭരിച്ചതിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങൾ സ്ഥിരമായി പ്രവർത്തിക്കുകയും പതിനായിരക്കണക്കിന് തൊഴിലാളികൾക്ക് ജോലി ലഭിക്കുകയുമാണ്.
 യുഡിഎഫിന്റെ ഭരണകാലത്ത് 2011 മുതൽ പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് അഞ്ചുവർഷം നൽകാതിരുന്ന ഗ്രാറ്റുവിറ്റി കുടിശ്ശികയിൽ രണ്ടു വർഷത്തെ കുടിശ്ശിക എൽഡിഎഫ് സർക്കാർ നൽകിക്കഴിഞ്ഞു. ബാക്കി കുടിശ്ശികയും നൽകും. 2015 ഡിസംബർ 31ന് സ്റ്റാഫിന്റെ ശമ്പള പരിഷ്കരണ കാലാവധി അവസാനിച്ചിട്ട് പുതുക്കി നിശ്ചയിക്കാൻ യുഡിഎഫ് സർക്കാർ തയ്യാറായിരുന്നില്ല. എൽഡിഎഫ് സർക്കാർ 30 ശതമാനം ശമ്പള വർധന നടപ്പാക്കി. കശുവണ്ടി ഇറക്കുമതിക്ക് കേന്ദ്രസർക്കാർ 9.36 ശതമാനം ചുങ്കം ഏർപ്പെടുത്തിയപ്പോൾ അതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ യുഡിഎഫ് നേതൃത്വമോ പ്രേമചന്ദ്രനോ കൊടിക്കുന്നിൽ സുരേഷോ തയ്യാറായില്ല. പരമ്പരാഗത വ്യവസായമായ കശുവണ്ടി മേഖലയെ സംരക്ഷിക്കുന്നതിന് വേണ്ടി വ്യാപാരികൾക്ക് ബാങ്കുകളിൽനിന്ന് യഥാസമയം വായ്പകൾ ലഭിക്കാനും വ്യവസായം നടത്തുന്നവരെ സഹായിക്കാനുമുള്ള ഒട്ടേറെ നടപടികൾ കേരള സർക്കാർ സ്വീകരിച്ചു. 
തകർച്ചയിലായിരുന്ന കശുവണ്ടി വ്യവസായത്തെ സംരക്ഷിക്കാൻ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരും കശുവണ്ടി വകുപ്പിന്റെ ചുമതലയുള്ള മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മയും ഫലപ്രദമായ നടപടികളാണ് സ്വീകരിച്ചത്. ലക്ഷക്കണക്കിന് തൊഴിലാളികളുടെ താൽപ്പര്യം സംരക്ഷിക്കാൻ എല്ലാ തൊഴിലാളി വിഭാഗങ്ങളും പാർടിയും പ്രവർത്തിക്കുമെന്ന് എസ് സുദേവൻ പ്രസ്താവനയിൽ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top