18 August Sunday

ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന് താല്‍പ്പര്യമില്ല: എസ് ആര്‍ പി

വെബ് ഡെസ്‌ക്‌Updated: Sunday Apr 14, 2019
കൊല്ലം
പാർലമെന്റ‌് തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസിന് താൽപ്പര്യമില്ലെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള പറഞ്ഞു. ഡൽഹി ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ ബിജെപി വിരുദ്ധ കൂട്ടായ്മ പരാജയപ്പെടുത്തിയത് കോൺഗ്രസാണ്. കോൺഗ്രസിന് ബിജെപിയെക്കാൾ താൽപ്പര്യം ഇടതുപക്ഷത്തെ പരാജയപ്പെടുത്താനാണ‌്. കൊല്ലം ലോക‌്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ എൻ ബാലഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം ചവറ, കുരീപ്പള്ളി,  ഉമയനല്ലൂർ എന്നിവിടങ്ങളിൽ സംസാരിക്കുകയായിരുന്നു എസ് രാമചന്ദ്രൻപിള്ള.
ബിജെപിയെ പരാജയപ്പെടുത്താൻ കർണാടകത്തിലോ തമിഴ്‌നാട്ടിലോ  മത്സരിക്കാൻ രാഹുൽഗാന്ധി തയ്യാറാവുന്നില്ല. ബിജെപി-, ശിവസേന സഖ്യമുള്ള മഹാരാഷ്ട്രയിൽ പോകുന്നില്ല. യുപിയിൽ ആംആദ്മി പാർടിയുടെ സഖ്യത്തിനുള്ള നിർദേശം കോൺഗ്രസ് സ്വീകരിച്ചില്ല. കേരളത്തിൽ വന്ന് ഇടതുപക്ഷത്തിന‌് എതിരെ മത്സരിക്കുന്നത് എന്ത‌് അടിസ്ഥാനത്തിലാണ്.
ചില വിഷയങ്ങളിൽ ബിജെപിയുടെ നിലപാട് തന്നെയാണ് കോൺഗ്രസിന്. ഗോവധ നിരോധനം തങ്ങളാണ്കൂടുതൽ സംസ്ഥാനങ്ങളിൽ നടപ്പിലാക്കിയതെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. മധ്യപ്രദേശിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി കമൽനാഥ് ഗോവധത്തിന്റെ പേരിൽ മതന്യൂനപക്ഷ വിഭാഗങ്ങളിലെ 15 ചെറുപ്പക്കാരെയാണ് ജയിലിലിട്ടിരിക്കുന്നത്. ബിജെപി ഗോവധ നിരോധന നിയമമാണ് നടപ്പിലാക്കുന്നതെങ്കിൽ കോൺഗ്രസ‌് ജാമ്യം ലഭിക്കാത്ത  ദേശീയ സുരക്ഷാ നിയമമാണ് ഇവർക്കു മേൽ ചുമത്തിയിരിക്കുന്നത്.
ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ ജനാധിപത്യവും  ഭരണഘടനയും മതനിരപേക്ഷതയും അട്ടിമറിക്കപ്പെടും. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ഭരണഘടന സ്ഥാപനങ്ങളുടെയെല്ലാം വിശ്വാസ്യത ഇല്ലാതാക്കുന്ന സമീപനമായിരുന്നു ബിജെപി സർക്കാരിന്റേത്.  ചരിത്രത്തിൽ ആദ്യമായി നാല് സുപ്രീംകോടതി ജഡ്ജിമാർ വാർത്താസമ്മേളനം നടത്തി തങ്ങളുടെ സ്വാതന്ത്ര്യത്തിൽ സർക്കാർ കൈകടത്തുന്നതായി ആരോപിച്ചു.  സിബിഐ, റിസർവ്ബാങ്ക് തുടങ്ങിയവയുടെ പ്രവർത്തനങ്ങളെല്ലാം താളംതെറ്റിച്ചു.  
കഴിഞ്ഞ അഞ്ചുവർഷം ദളിതരും പട്ടികജാതി- പട്ടികവർഗക്കാരും മതന്യൂനപക്ഷങ്ങളും വ്യാപകമായി വേട്ടയാടപ്പെട്ടു.  ഇതിൽ പ്രതിഷേധിക്കാൻ കോൺഗ്രസ് തയ്യാറായില്ല.  ഇടതുപക്ഷമാണ് പ്രതിഷേധം ഉയർത്തിയതെന്നും എസ് ആർ പി പറഞ്ഞു.
പ്രധാന വാർത്തകൾ
 Top