18 August Sunday

നാലേക്കറിൽ ഹരിതവിപ്ലവമൊരുക്കി ബാലരാമപുരം സർവീസ് സഹകരണ ബാങ്ക്

സ്വന്തം ലേഖകൻUpdated: Sunday Apr 14, 2019
ബാലരാമപുരം
സ്പിന്നിങ‌് മിൽ വളപ്പിലെ മണ്ണിൽ വിഷരഹിത പച്ചക്കറി കൃഷിയൊരുക്കി ബാലരാമപുരം സർവീസ് സഹകരണ ബാങ്ക്. വിഷുവിന് വിഷരഹിത പച്ചക്കറി പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ ജൈവ പച്ചക്കറികളുടെ വിപണനോദ്ഘാടനം സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആർ എസ് വസന്തകുമാരി അധ്യക്ഷയായി.
കാടും പടർപ്പും പിടിച്ച് ഇഴജന്തുക്കളുടെ താവളമായിരുന്ന നാലേക്കർ ഭൂമിയിലാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്തി കൃഷിയിറക്കിയത്. 
 
മാലിന്യക്കൂമ്പാരമായി കാടുകയറിയ ഭൂമി തരിശ് രഹിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ‌് എട്ട് മാസം മുമ്പ് ഹരിത കേരളം പദ്ധതിയുടെ ഭാഗമായി കൃഷിയിറക്കിയത്. നീർത്തടത്തിന്റെ സമഗ്ര പരിപാലനത്തിനുതകുന്ന കോണ്ടൂർ ട്രഞ്ചുകൾതിരിക്കൽ, തട്ടുകളാക്കൽ, ബണ്ടു നിർമാണം എന്നിവയും പദ്ധതിയിലുൾപ്പെടുത്തി പഞ്ചായത്ത് തുക വകയിരുത്തിയപ്പോൾ പൊതുനന്മാ ഫണ്ടിൽനിന്ന് ധനം വിനിയോഗിച്ച് കൃഷിയിറക്കാമെന്നറിയിച്ച് ബാലരാമപുരം സർവീസ് സഹകരണ ബാങ്കും ഒപ്പം ചേരുകയായിരുന്നു. 
 
പദ്ധതിയുടെ ഭാഗമായി 271 തൊഴിലാളികൾക്ക് 1791 തൊഴിൽ ദിനങ്ങൾ ലഭ്യമായി. കല്ലിയൂർ പഞ്ചായത്ത് ഹരിതസമൃദ്ധി കാർഷിക കർമസേന, വെള്ളായണി കാർഷിക സർവകലാശാല എന്നിവയുടെ മേൽനോട്ടത്തിലാണ് ഭൂമി കൃഷിക്ക‌് ഉപയുക്തമാക്കി മാറ്റാൻ ആദ്യഘട്ടത്തിൽ പ്രവർത്തനങ്ങൾ നടന്നത്. ഉല്പാദിപ്പിക്കുന്ന പച്ചക്കറികൾ വിളവെടുക്കുന്ന ദിവസം തന്നെ വിറ്റഴിക്കാനുള്ള വിപണനകേന്ദ്രം ബാങ്കിന്റെ പ്രധാന ശാഖയിൽ സ്ഥാപിച്ച് എല്ലാ ദിവസവും രാവിലെ മുതൽ വിപണനം നടത്തിയിരുന്നു.
 
വിഷരഹിത ജൈവ കൃഷിരീതിയിലൂടെ ഉൽപ്പാദിപ്പിച്ച വെണ്ട, ചീര, പയർ, പാവൽ, വെള്ളരി, പപ്പായ, വാഴക്കുലകൾ, സാലഡ് വെള്ളരി, മുളകിനങ്ങൾ എന്നിവയെല്ലാം വിപണനത്തിനായി ഒരുക്കിയിരുന്നു. അടുത്ത ഘട്ടത്തിൽ ആരംഭിക്കുന്ന മത്സ്യക്കൃഷിയുടെ ഉദ്ഘാടനവും ആനാവൂർ നാഗപ്പൻ നിർവഹിച്ചു. കന്നുകാലി പരിപാലനം, കൃഷി, കോഴിക്കുഞ്ഞ് വളർത്തൽ എന്നിവയ്ക്കും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്‌.
 
യോഗത്തിൽ കർഷകസംഘം ജില്ലാ സെക്രട്ടറി കെ സി വിക്രമൻ, ട്രിവാൻഡ്രം സ്പിന്നിങ‌് മിൽ ചെയർമാൻ എം എം ബഷീർ, സിപിഐ എം നേമം ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ, സിപിഐ എം നേതാക്കളായ പി രാജേന്ദ്രകുമാർ, ബാലരാമപുരം കബീർ, ജി വസുന്ധരൻ, ബ്ലോക്ക് പഞ്ചായത്തംഗം എസ് ജയചന്ദ്രൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ ഷാമിലാ ബീവി, ജനപ്രതിനിധികൾ, സഹകാരികൾ, ഡയറക്ടർ ബോർഡംഗങ്ങൾ എന്നിവർ പങ്കെടുത്തു. ബാങ്ക് പ്രസിഡന്റ് അഡ്വ. എ പ്രതാപചന്ദ്രൻ സ്വാഗതവും സെക്രട്ടറി ജാഫർ ഖാൻ നന്ദിയും പറഞ്ഞു.

 

പ്രധാന വാർത്തകൾ
 Top