19 October Saturday

കര്‍മസമിതി സംഘപരിവാറിന്റെ മുഖംമൂടി: എം വിജയകുമാര്‍

വെബ് ഡെസ്‌ക്‌Updated: Sunday Apr 14, 2019

 തിരുവനന്തപുരം

ശബരിമല കർമസമിതി സംഘപരിവാറിന്റെ മുഖമൂടിയെന്ന് എൽഡിഎഫ് തിരുവനന്തപുരം ലോക‌്സഭാ മണ്ഡലം കമ്മിറ്റി ചെയർമാൻ എം വിജയകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മതം ഉപയോ​ഗിച്ച് പ്രചാരണം നടത്തുന്നതിനെതിരെ പരാതി നൽകിയതിനുശേഷവും ഇവർ ഇത്തരം പ്രചാരണം തുടരുകയാണ്. സ്ഥാനാർഥിതന്നെ ഇത്തരം പ്രചാരണങ്ങൾ നടത്തുന്നുണ്ട്. 
 
കര്‍മസമിതിയുടെ  വരുമാന ശ്രോതസ്സ‌് കണ്ടെത്തണം. വലിയ ബോർഡുകളും പോസ്റ്ററുകളുമാണ് ഇവർ സ്ഥാപിക്കുന്നത്. മണ്ഡലത്തിൽ തെരഞ്ഞെടുപ്പുരം​ഗത്ത് വർ​ഗീയമായ ചേരിതിരിവ് ലക്ഷ്യമിട്ട് ആസൂത്രിതമായ പ്രചാരവേലയാണ് ബിജെപി നടത്തുന്നത്. സുപ്രീംകോടതി വിധിയെ ദുർവ്യാഖ്യാനം ചെയ്യലാണിത‌്. 
 ഇതിനായി സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെവരെ ദുരുപയോ​ഗം ചെയ്യുന്നു. സമൂഹത്തിൽ മതസ്പർദ വളർത്തുന്ന പ്രവർത്തനങ്ങൾക്കെതിരെ തെരഞ്ഞെടുപ്പ് കമീഷൻ ശക്തമായി ഇടപെടണം.
 
തിരുവനന്തപുരം മണ്ഡലത്തിൽ നേമം മോഡൽ ആവർത്തിക്കാൻ ശ്രമം നടക്കുകയാണെന്നും കോൺ​ഗ്രസിന്റെ രണ്ട് മുൻമന്ത്രിമാരുടെ നേതൃത്വത്തിലാണ് കോൺ​ഗ്രസ്------------ --- ബിജെപി രഹസ്യധാരണയുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.  ഇതിന്റെ സൂചനയാണ് മണ്ഡലത്തിൽ കോൺ​ഗ്രസ് പ്രവർത്തകർ പ്രചാരണത്തിന് ഇറങ്ങാതെയിരിക്കുന്നത്. സ്ഥാനാർഥിതന്നെ പ്രചാരണം നടക്കുന്നില്ലെന്ന് നേതൃത്വത്തിന് പരാതി നൽകിയതും ഇതേത്തുടർന്നാണ‌്. 
 
ഡോ. ബി ആർ അംബേദ‌്കറുടെ ജന്മദിനം ഭരണഘടനാ സംരക്ഷണ ദിനമായി ആഘോഷിക്കുന്നതിന്റെ  ഭാ​ഗമായി മണ്ഡലത്തിൽ വിവിധ ഇടങ്ങളിൽ എൽഡിഎഫ് പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെ ഏഴരയ്ക്ക് രാജാജി ന​ഗറിൽ അംബേദ്കർ പ്രതിമയിൽ സി ദിവാകരൻ പുഷ്പാർച്ചന നടത്തും. ഇതിന‌ുശേഷം കോളനികൾ കേന്ദ്രീകരിച്ച് ഭരണഘടനാ സംരക്ഷണ സമ്മേളനങ്ങൾ നടത്തുമെന്ന് എം വിജയകുമാർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ മണ്ഡലം കമ്മിറ്റി സെക്രട്ടറി ജി ആർ അനിലും പങ്കെ‌ടുത്തു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top