24 August Saturday
സദാചാര പൊലീസ് ചമഞ്ഞ് ക്രൂരമർദനവും കവർച്ചയും

യൂത്ത് കോൺഗ്രസ് പ്രവർത്തകനടക്കം 4 പേർ പിടിയിൽ

സ്വന്തം ലേഖകൻUpdated: Sunday Apr 14, 2019
വർക്കല
സദാചാര പൊലീസ് ചമഞ്ഞ് ക്രൂരമായി മർദിക്കുകയും കവർച്ച നടത്തുകയും ചെയ‌്ത കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനും കൊലക്കേസ് പ്രതിയുമടക്കം നാലുപേർ പിടിയിൽ. 
 
യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകനായ വർക്കല വില്ലേജിൽ തിരുവമ്പാടി ദേശത്ത് ഇസ്മയിൽ മൻസിലിൽ ബെദിൻഷാ (34), തിരുവമ്പാടി വാറിൽ വീട്ടിൽ ജസ്മീർ (20), കുരയ്ക്കണ്ണി ഐഷാ ഭവനിൽ ബസ്സാം (20), പുന്നക്കുളം ചരുവിള വീട്ടിൽ ആഷിഖ് (20)എന്നിവരാണ് പിടിയിലായത്. ചില പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ ഇടപെടലിലും ഭീഷണിയിലും കേസ് ഒതുക്കാൻ ശ്രമിച്ചെങ്കിലും പരാതിക്കാരനും പൊലീസും തയ്യാറായില്ല. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 12നാണ് സംഭവം. കൊല്ലം കൊട്ടാരക്കര പുത്തുർ തേവലപുറം നന്ദനം വീട്ടിൽ പ്രശാന്തി(35)നെയാണ് തട്ടിക്കൊണ്ട് പോയി  ക്രൂരമായി മർദിച്ചത‌്.മെക്കാനിക്കായ പ്രശാന്ത് സുഹൃത്തിനെ കാണാൻ ഓടയം അഞ്ച്മുക്കിൽ ബൈക്കിൽ എത്തിയതായിരുന്നു. രാത്രി റോഡിൽനിന്ന‌് പ്രശാന്ത‌് ഫോണിൽ സംസാരിക്കുന്നത‌് ചോദ്യം ചെയ‌്തായിരുന്നു തുടക്കം. 
തുടർന്ന് പ്രതികൾ സഞ്ചരിച്ച കാറിൽ ബലപ്രയോഗത്തിലൂടെ പ്രശാന്തിനെയും കയറ്റി തിരുവമ്പാടി ബീച്ചിലെ ആളൊഴിഞ്ഞ പുരയിടത്തിൽ കൊണ്ടുപോയി അഞ്ചംഗ സംഘം ഇരുമ്പുവടിയും മറ്റും ഉപയോഗിച്ചാണ‌് മർദിച്ചത‌്. തുടർന്ന് പ്രശാന്തിന്റെ കഴുത്തിൽ കിടന്ന രണ്ടര പവന്റെ മാലയും 7500 രൂപയും 10,000 രൂപ വില പിടിപ്പുള്ള മൊബൈൽ ഫോണും കവർന്നെടുത്തു. അറസ്റ്റിലായ ബദിൻഷ 2014ൽ പാപനാശം ഹെലിപ്പാഡ് നോർത്ത് ക്ലിഫിൽ വച്ച് തമിഴ്നാട് സ്വദേശിയായ യുവാവിനെ കൊക്കയിലേക്ക‌് തള്ളിയിട്ട‌് കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ‌്. അക്രമിസംഘത്തിൽനിന്ന‌് രക്ഷപ്പെട്ട പ്രശാന്ത് വെള്ളിയാഴ്ച രാവിലെയോടെ വർക്കല പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്‌പി ഫേമസ് വർഗീസിന്റെ നിർദേശാനുസരണം വർക്കല എസ്എച്ച്ഒ ജി ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ശ്യാംജി, ജയകുമാർ, എഎസ്ഐ വിജയകുമാർ, എസ്‌സിപിഒമാരായ ഇർഷാദ്, മുരളീധരൻ, നവാസ്, സിപിഒ നാഷ് എന്നിവർ ഉൾപ്പെട്ട പൊലീസ് സംഘം വിവിധ സ്ഥലങ്ങളിൽനിന്ന‌് അറസ്റ്റുചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കന്യാകുമാരിയിലേക്ക് കടന്ന മറ്റൊരു പ്രതി ഉടൻ പിടിയിലാകുമെന്നും വർക്കല സിഐ ജി ഗോപകുമാർ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top