21 August Wednesday

തിരുവനന്തപുരത്ത്‌ ബിജെപി–-കോൺഗ്രസ‌് രഹസ്യധാരണ: ആനാവൂർ

വെബ് ഡെസ്‌ക്‌Updated: Sunday Apr 14, 2019
തിരുവനന്തപുരം
തിരുവനന്തപുരം ലോക‌്സഭാ മണ്ഡലത്തിലെ കോൺഗ്രസ‌് നിഷ‌്ക്രിയത്വം ബിജെപി–-കോൺഗ്രസ‌് രഹസ്യധാരണയുടെ തെളിവാണെന്ന‌് സിപിഐ എം ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ പ്രസ‌്താവനയിൽ പറഞ്ഞു.  
 
കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ നേമത്തടക്കം ചില മണ്ഡലങ്ങളിൽ നടന്ന രഹസ്യധാരണയുടെ തുടർച്ചയായാണ‌് ഇപ്പോൾ തിരുവനന്തപുരം മണ്ഡലത്തിൽ ബിജെപിയും ഒരുവിഭാഗം കോൺഗ്രസും തമ്മിലുള്ളത‌്. തിരുവനന്തപുരം ലോക‌്സഭാ മണ്ഡലത്തിലെ കോൺഗ്രസ‌് സ്ഥാനാർഥിയുടെ പരാതിയിൽ എഐസിസി പ്രത്യേക നിരീക്ഷകനെ നിയോഗിച്ച വാർത്തയാണ‌് ഏറ്റവും ഒടുവിലായി പുറത്തുവന്നിരിക്കുന്നത‌്. 
 
വടകരയിലെ യുഡിഎഫ‌് സ്ഥാനാർഥിക്ക‌് ആർഎസ‌്എസ‌് നൽകുന്ന രഹസ്യസഹായത്തിന്റെ പ്രത്യുപകാരമായാണ‌് കോൺഗ്രസിലെ ഒരു മുൻമന്ത്രിയടക്കമുള്ള ഉന്നതരുടെ ആശിർവാദത്തോടെ തിരുവനന്തപുരത്ത‌് ബിജെപിയുമായുള്ള രഹസ്യധാരണ എന്ന പരസ്യമായ രഹസ്യം ഇതോടെ കൂടുതൽ വ്യക്തമാകുകയാണ‌്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വി എസ‌് ശിവകുമാറിന‌് ആർഎസ‌്എസ‌് നൽകിയ സഹായത്തിന‌് പകരമാണ‌് കോൺഗ്രസിലെ ഒരുപക്ഷം ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കുന്നത‌് എന്നാരോപിച്ച‌്  ഐഎൻടിയുസി സെക്രട്ടറിയടക്കമുള്ളവർ രാജിവച്ച‌് പരസ്യമായി ബിജെപിയിൽ ചേർന്നു. 
 
എൽഡിഎഫ‌് സ്ഥാനാർഥി ചിട്ടയായ പ്രവർത്തനത്തിലൂടെ നേടിയ മുൻതൂക്കം ഒാരോ ഘട്ടത്തിലും കൂടുതൽ വ്യക്തമാവുകയാണ‌്. ആവേശകരമായ സ്വീകരമാണ‌് സി ദിവാകരന‌് ലഭിക്കുന്നത‌്. പരാജയം മുന്നിൽ കണ്ടാണ‌് ബിജെപി–-കോൺഗ്രസ‌് കൂട്ടുകെട്ട‌് ‘നേമം മോഡൽ' ആവർത്തിക്കാൻ ശ്രമിക്കുന്നത‌്. ഈ അപകടം മനസ്സിലാക്കാൻ തിരുവനന്തപുരം ലോക‌്സഭാ മണ്ഡലത്തിലെ ജനാധിപത്യ വിശ്വാസികളും യുഡിഎഫിലെ മതേതര ജനാധിപത്യവിശ്വാസികളും തയ്യാറാകണമെന്നും ആർഎസ‌്എസിന്റെ വർഗീയതയ‌്ക്ക‌് എതിരെയുള്ള പോരാട്ടത്തിൽ എൽഡിഎഫിനൊപ്പം അണിനിരക്കണമെന്നും ആനാവൂർ അഭ്യർഥിച്ചു.
പ്രധാന വാർത്തകൾ
 Top