24 February Monday
ലാട വൈദ്യനും സഹായിയും കുടുങ്ങി

വ്യാജമരുന്ന്‌ വിൽപ്പനക്കേസിൽ എല്ലാ പ്രതികളും പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Feb 14, 2020

പിടിയിലായ പ്രതികൾ

അഞ്ചൽ
വ്യാജമരുന്നു കഴിച്ച്‌ നിരവധിപേർ ചികിത്സയിലായ സംഭവത്തിൽ ഒളിവില്‍ പോയ ലാട വൈദ്യനും സഹായിയും അറസ്റ്റിൽ. കേസിലെ പ്രധാനിയും ലാട വൈദ്യനുമായ തെലങ്കാന ഖമ്മം ജില്ലയിലെ മുൾക്കന്നൂർ ഗുംബേലഗുഡം ചെന്നൂരി പ്രസാദ് (34), അനുജൻ ചെന്നൂരി ഏലാദി (30) എന്നിവരാണ് അറസ്റ്റിലായത്. പുനലൂർ റെയിൽവേ സ്‌റ്റേഷനിൽനിന്നാണ്‌ ഇവരെ പിടികൂടിയത്‌. ഇതോടെ കേസിലെ എല്ലാവരും അറസ്റ്റിലായി.
ഏരൂർ, പത്തടി പ്രദേശത്ത് ചെന്നൂരി പ്രസാദിന്റെ നേതൃത്വത്തിലുള്ള ലാട വൈദ്യസംഘം നിരവധിയാളുകൾക്ക്  മെർക്കുറിയും വേദനസംഹാരി മരുന്നുകളും വലിയ അളവിൽ ചേർത്തുണ്ടാക്കിയ മരുന്നു നൽകി ചികിത്സിച്ചു വരികയായിരുന്നു. ഇവരുടെ മരുന്നു കഴിച്ച നാലു വയസ്സുള്ള കുട്ടി ഗുരുതരാവസ്ഥയിലാകുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു. 
ആശുപത്രിയിലെ പരിശോധനയിലാണ് രോഗകാരണം ലാടമരുന്നാണെന്ന്‌ കണ്ടെത്തിയത്‌. ഇതേത്തുടർന്ന് പ്രദേശത്തെ നിരവധിയാളുകൾ വിവിധ ആശുപത്രികളിൽ ചികിത്സതേടി. നാഡീവൈദ്യന്മാരാണെന്നു പരിചയപ്പെടുത്തിയായിരുന്നു മരുന്നുവിൽപ്പന. മരുന്നിനു വലിയ തുകയാണ്‌ ഈടാക്കിയിരുന്നത്‌.
 കേസിൽ നേരത്തെ പിടിയിലായവരെ ചോദ്യംചെയ്തതിൽ നിന്നാണ് ഒളിവിൽ പോയ പ്രധാനികളുടെ വിവരങ്ങൾ പൊലീസിന് ലഭിച്ചത്. 
തുടർന്ന്‌ നടത്തിയ അന്വേഷണത്തിൽ  പ്രസാദും ഏലാദിയും കേരളത്തിലുണ്ടെന്ന് കണ്ടെത്തുകയും ഇവരെ പിടികൂടുകയുമായിരുന്നു. ഏരൂർ എസ്എച്ച്ഒ സുബാഷ് കുമാർ, എസ്ഐ സജികുമാർ, സിപിഒ മാരായ  അഭീഷ്, അനസ്, അജയകുമാർ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
 പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്‌ ചെയ്തു.
പ്രധാന വാർത്തകൾ
 Top