16 January Saturday
കൊല്ലം ഗവ. മെഡിക്കല്‍ കോളേജിൽ സൂപ്പര്‍ സ്‌പെഷ്യാലിറ്റി

വളർച്ച സൂപ്പർ സ്‌പീഡിൽ

സ്വന്തം ലേഖകൻUpdated: Thursday Jan 14, 2021

കൊല്ലം ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രി

 

കൊല്ലം
കൊല്ലം ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രി മറ്റൊരു വികസനക്കുതിപ്പിനൊരുങ്ങുന്നു. സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കുന്നതിനുള്ള തീരുമാനമാണ്‌ മെഡിക്കൽ കോളേജിന്റെ വളർച്ചയിൽ പുതിയൊരു പടിയാകുക. കൊല്ലം സർക്കാർ മെഡിക്കൽ കോളേജിന്റെ വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ത്വരിതപ്പെടുത്താനും ഒപ്പം സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കുന്നതിനാവശ്യമായ പ്രൊപ്പോസൽ സമർപ്പിക്കാനും ആരോഗ്യമന്ത്രി കെ കെ ശൈലജ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മെഡിക്കൽ കോളേജിൽ നടക്കുന്ന നിർമാണപ്രവർത്തനങ്ങൾ വേഗത്തിലാക്കാനും എട്ടുകോടി രൂപ ചെലവഴിച്ചുള്ള കാത്ത് ലാബിന്റെ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാനും തിരുവനന്തപുരത്ത്‌ നടന്ന ഉന്നതതല അവലോകന യോഗത്തിൽ മന്ത്രി നിർദേശിച്ചു. 
മെഡിക്കൽ കോളേജിൽ മികച്ച ട്രോമകെയർ സംവിധാനമാണ് ലക്ഷ്യം. ഇതിനായി അഞ്ചുകോടി രൂപ അനുവദിച്ചു. ദേശീയ പാതയോട് ചേർന്നുള്ള മെഡിക്കൽ കോളേജ് ആയതിനാൽ ധാരാളം അപകടങ്ങൾക്ക് ചികിത്സ തേടിയെത്താറുണ്ട്. ഇവർക്കും തദ്ദേശവാസികൾക്കും അടിയന്തര വിദഗ്ധ പരിചരണം ഉറപ്പാക്കുന്നതിനാണ് ട്രോമകെയർ സംവിധാനം. ലെവൽ ടു നിലവാരത്തിലുള്ള ട്രോമകെയറിൽ എമർജൻസി മെഡിസിൻ വിഭാഗവും മികച്ച ട്രയേജ് സംവിധാനവുമുണ്ടാകും. പേ വാർഡ്, എംആർഐ സ്‌കാനിങ് സംവിധാനം എന്നിവയും സജ്ജമാക്കും. മികച്ച കോവിഡ്-ചികിത്സ നൽകിയ മെഡിക്കൽ കോളേജിലെ ജീവനക്കാരെ മന്ത്രി അഭിന്ദിച്ചു. അഭിമാനകരമായ പ്രവര്‍ത്തനങ്ങളാണ് മെഡിക്കല്‍ കോളേജ് നടത്തിയത്. 
മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കലക്ടർ ബി അബ്ദുല്‍ നാസർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ എൻ റോയ്, ആശുപത്രി സൂപ്രണ്ട് ഹബീബ് നസീം, ജില്ലാ പ്രോഗ്രാം മാനേജർ ഹരികുമാർ, എൻഎച്ച് എം ചീഫ് എന്‍ജിനിയർ അനില, പിഡബ്ല്യുഡി ചീഫ് എൻജിനിയർ തുടങ്ങിയവർ പങ്കെടുത്തു.
 
കൈപിടിച്ചുയർത്തി എൽഡിഎഫ്‌ സർക്കാർ
എൽഡിഎഫ്‌ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പാരിപ്പള്ളിയിൽ ഇഎസ്ഐ ഡിസ്‌പെന്‍സറി മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്. 100 എംബിബിഎസ് വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നതിനാവശ്യമായ സൗകര്യങ്ങളൊരുക്കി. 300 കിടക്കകളുള്ള ആശുപത്രി ആരംഭിക്കുകയും 600 ലേറെ തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്തുകൊണ്ടാണ് മെഡിക്കല്‍ കോളേജിന്റെ മുന്നേറ്റത്തിന് ഈ സര്‍ക്കാര്‍ വഴിയൊരുക്കിയത്. അത്യാധുനിക സൗകര്യങ്ങളുള്ള അത്യാഹിത വിഭാഗം, ഓപ്പറേഷന്‍ തിയറ്ററുകള്‍, ലേബര്‍ റൂം, കാരുണ്യ ഫാര്‍മസി, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ബ്ലഡ് ബാങ്ക് എന്നിവയെല്ലാം ഈ സര്‍ക്കാര്‍ വന്നതിനു ശേഷമാണ് ഒരുക്കിയത്. 10 കിടക്കകളുള്ള ഡയാലിസ് യൂണിറ്റ് പ്രവര്‍ത്തനസജ്ജമായി. മെഡിക്കല്‍ കോളേജിനെ കോവിഡ് ആശുപത്രിയാക്കി പൂര്‍ണ സജ്ജമാക്കാന്‍ 300ല്‍ നിന്ന് 500 ലേക്ക് കിടക്കകള്‍ ഉയര്‍ത്തി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top