കൊല്ലം
ഇതാ കാത്തിരുന്ന ആ ദിവസമെത്തി. കോവിഡ് പ്രതിരോധത്തിലെ നാഴികക്കല്ലായി പ്രതീക്ഷയുടെ ആയിരം ഡോസുകൾ നൽകി, 25,960 ഡോസ് വാക്സിൻ വ്യാഴാഴ്ച ജില്ലയിലെത്തും. ഇതിൽ പകുതി ആരോഗ്യ പ്രവർത്തകർക്കാണ്. പകുതി വാക്സിൻ രണ്ടാംഘട്ടത്തിൽ കുത്തിവയ്ക്കും. ഒരാൾക്ക് രണ്ട് വാക്സിൻ വീതമാണ് നൽകുക.
ഡൽഹിയിൽനിന്ന് ബുധനാഴ്ച വൈകിട്ട് കൊച്ചി വിമാനത്താവളത്തിൽ എത്തിച്ച വാക്സിൻ രാത്രിയോടെ തിരുവനന്തപുരത്ത് സുരക്ഷിതമായി എത്തിച്ചു. അവിടെനിന്ന് വ്യാഴാഴ്ച രാവിലെ കൊല്ലം ജില്ലാ മെഡിക്കൽ സംഘം പോയി ഏറ്റുവാങ്ങും. ഇമ്യൂണൈസേഷൻ സൗകര്യമുള്ള പ്രത്യേക വാഹനത്തിലാണ് വാക്സിൻ കൊണ്ടുവരിക. പത്തനംതിട്ട ജില്ലയ്ക്കുള്ള വാക്സിനും കൊല്ലത്താണ് എത്തിക്കുന്നത്. അവിടുന്നുള്ള മെഡിക്കൽ സംഘം കൊല്ലത്തെത്തി വാക്സിൻ സ്വീകരിക്കും. കൊല്ലത്തെ വാക്സിൻ സൂക്ഷിക്കുന്നത് ആശ്രാമം നേഴ്സിങ് സ്കൂളിലെ ശീതീകരണ ശൃഖലയിലാണ് (കോൾഡ് ചെയിൻ സിസ്റ്റം). ജില്ലയിൽ 16ന് ഒമ്പത് കേന്ദ്രങ്ങളിലായാണ് കുത്തിവയ്പ്പ്. ഒരു ദിവസം 100 പേർക്ക് വാക്സിൻ നൽകും.
50 നു താഴെയുള്ളവരുടെ കണക്കെടുത്തു
കോവിഡ് പ്രതിരോധ വാക്സിൻ സാധാരണക്കാർക്കും വൈകാതെ ലഭിക്കും. ഇതിനു മുന്നോടിയായി 50 വയസ്സിന് താഴെയുള്ളവരുടെ വിവരം ആരോഗ്യ വകുപ്പ് ശേഖരിച്ചു. വോട്ടർ പട്ടികയിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ സംസ്ഥാന ആരോഗ്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥർക്ക് വ്യാഴാഴ്ച കൈമാറി. എന്നാൽ,രജിസ്ട്രേഷൻ ആരംഭിക്കുന്നതിൽ വ്യക്തതയായില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..