25 May Monday

എത്തീ, തുണിയുടുത്ത ‘ഫ്ലക്‌സ്‌’

വെബ് ഡെസ്‌ക്‌Updated: Tuesday Jan 14, 2020

കപ്പലണ്ടിമുക്കിലെ കടയിൽ തുണിപ്പരസ്യം അച്ചടിക്കുന്ന തൊഴിലാളി

സ്വന്തം ലേഖിക
കൊല്ലം
പ്ലാസ്റ്റിക്‌ നിരോധനം നിലവിൽവന്നതോടെ ഫ്ലക്‌സുകളുടെ കാര്യത്തിലും തീരുമാനമായി. മുക്കിലും മൂലയിലും തുണിയാണിപ്പോൾ ഫ്ലക്‌സിനെ തുരത്തിയോടിക്കുന്നത്‌. പരിസ്ഥിതി സൗഹൃദമായതിനാൽ തുണിയിൽ പരസ്യം നൽകാനാണ്‌ ഇപ്പോൾ എല്ലാവർക്കും താൽപ്പര്യം.  തുണിപ്പരസ്യങ്ങൾക്ക്‌ വില കൂടുതലാണെങ്കിലും പൂർണ പിന്തുണയുമായി ജില്ലയിലെ ഫ്ലക്‌സ്‌ യൂണിറ്റ്‌ ഉടമകളും ഉപയോക്താക്കളും രംഗത്തുണ്ട്‌. എല്ലാവരും പഴയ ഫ്ലക്‌സ്‌ മെഷീൻ മാറ്റി തുണി അടിക്കുന്ന മെഷീൻ സ്ഥാപിച്ചുതുടങ്ങി. ഫ്ലക്സിന്‌ സ്‌ക്വയർഫീറ്റിന്‌  15 രൂപയായിരുന്നു ഈടാക്കിയിരുന്നതെങ്കിൽ തുണിക്കാകട്ടെ 30 രൂപയാണ്‌. ഗുണമേന്മയേറിയ തുണിയിലുള്ള പരസ്യങ്ങൾക്ക്‌  35രൂപ നൽകേണ്ടി വരും.  ഉയർന്ന ഗുണമേന്മയും മൂന്നുവർഷം ആയുസ്സും കടയുടമകൾ ഉറപ്പുനൽകുന്നുണ്ട്‌. 
92 യൂണിറ്റുകളിലായി പ്രതിദിനം 50,000 ചതുരശ്ര അടി ഫ്ലക്‌സാണ്‌  ജില്ലയിൽ  അടിച്ചിരുന്നത്‌.  വിഷമയമായ  പോളിവിനൈൽ ക്ലോറൈഡാണ്‌ ഫ്ലക്‌സ്‌.  കത്തിച്ചാൽ സൾഫേറ്റും നൈട്രേറ്റും ഉൾപ്പെടെ വിഷപദാർഥങ്ങൾ അന്തരീക്ഷത്തിൽ കലരാൻ ഇത്‌  കാരണമാകും. പ്ലാസ്റ്റിക്ക്‌ നിരോധനം ഫ്ലക്‌സ്‌ പ്രിന്റിങ്‌, ഹോർഡിങ്‌ വ്യവസായങ്ങളെ  ആശങ്കയിലാക്കിയിരുന്നെങ്കിലും തുണിപ്പരസ്യങ്ങൾക്ക്‌ പ്രിയമേറിയത്‌ ആശ്വാസമായിട്ടുണ്ട്‌. കൂറ്റൻ ഹോർഡിങ്ങുകളുടെ മുന്നിൽ ചായപ്പാട്ടകളുമായിനിന്ന്‌ പരസ്യ ചിത്രം വരയ്‌ക്കുന്ന കലാകാരന്മാരും ഇപ്പോൾ  അപ്രത്യക്ഷമായി.
ജില്ലയിൽ 70ശതമാനം പരസ്യങ്ങളും സ്ഥിരമാണെന്ന്‌ ഉടമകൾ പറയുന്നു. പൊതുമേഖലാ ബാങ്കുകൾ ഉൾപ്പെടെയുള്ള പരസ്യദാതാക്കൾ അഞ്ച്‌–-ആറ്‌ വർഷം വരെയുള്ള ഓർഡറുകളാണ്‌ നൽകുന്നതെങ്കിലും തുണികൾക്ക്‌ മൂന്നുവർഷം വരെ മാത്രമാണ്‌ ആയുസ്സ്‌.  ഇതിനാൽ പരസ്യംനൽകാൻ  ദാതാക്കൾക്ക്‌   വിമുഖതയുണ്ടെന്ന്‌ കപ്പലണ്ടിമുക്കിലെ ഷാഡോ സൈൻ   ഉടമ രഞ്ജിത്‌ പറഞ്ഞു.  ഫ്ലക്‌സ്‌ സംസ്കരിച്ച്‌ പുനരുപയോഗിക്കുന്ന പ്ലാന്റ്‌ ഉത്തരാഖണ്ഡിൽ ഉണ്ടെന്നും ഭൂമി ലഭ്യമാക്കിയാൽ പ്ലാന്റ്‌ സ്ഥാപിക്കാൻ തയ്യാറാണെന്നും സൈൻ പ്രിന്റിങ്‌ ഇൻഡസ്‌ട്രീസ്‌ അസോസിയേഷൻ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ സഞ്ജയ്‌പണിക്കർ പറഞ്ഞു.   താൽക്കാലിക ആവശ്യങ്ങൾക്കുള്ള പ്രചാരണത്തിന്‌ തുണിയിലുള്ള പ്രിന്റ്‌ ഉപയോഗിക്കുന്നതിനൊപ്പം സ്ഥിരം ആവശ്യങ്ങൾക്ക്‌ ഫ്ലക്‌സ്‌ ഉപയോഗിക്കാൻ അനുമതി വേണമെന്നും അദ്ദേഹം പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top