23 September Wednesday

പിന്നോട്ടരുത്‌

സ്വന്തം ലേഖകൻUpdated: Thursday Aug 13, 2020
കൊല്ലം
നിയന്ത്രണങ്ങൾ കടുപ്പിക്കുകയും ജനങ്ങൾ ആത്മാർഥമായി സഹകരിക്കുകയും ചെയ്‌തതോടെ ജില്ലയിൽ കോവിഡ്‌ പ്രതിരോധം ഫലം കാണുന്നു. ബുധനാഴ്‌ച അഞ്ചുപേർക്കു‌ മാത്രമാണ്‌ രോഗം സ്ഥിരീകരിച്ചത്‌. രോഗവ്യാപനം ഉണ്ടാകാതിരിക്കാൻ ഏർപ്പെടുത്തിയ സമ്പർക്കനിയന്ത്രണം രോഗികളുടെ എണ്ണം കുറച്ചു. സമ്പർക്കരോഗികളുള്ള സ്ഥലങ്ങളെ കണ്ടെയ്‌മെന്റ്‌ സോണുകളാക്കി മാറ്റിയത്‌ വലിയ വിജയം കണ്ടു. സർക്കാർ സംവിധാനങ്ങളുടെ ജാഗ്രതയാണ്‌ ഇതിനു‌ സഹായമായത്‌. ജില്ലാ ജയിലിൽ അന്തേവാസികൾക്ക്‌ കൂട്ടത്തോടെ കോവിഡ്‌ സ്ഥിരീകരിച്ചതാണ്‌ കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ രോഗബാധിതരുടെ എണ്ണം കൂടുന്നതിന്‌ വഴിയൊരുക്കിയത്‌. ഇതിൽ ചികിത്സയിലായിരുന്ന ജയിൽ അന്തേവാസികളിൽ 49 പേർ ബുധനാഴ്‌ച രോഗമുക്തരായത്‌ ആശ്വാസമായി‌. ജില്ലയിൽ തുറന്ന 12 പ്രഥമ ചികിത്സാകേന്ദ്രത്തിൽ ആറെണ്ണത്തിൽ  രോഗികൾ ആരുമില്ല. ഉണ്ടായിരുന്നവർ രോഗമുക്തരായി.  അവശേഷിക്കുന്ന ആറെണ്ണത്തിൽ 318 കോവിഡ്‌ രോഗികളാണ്‌ ചികിത്സയിലുള്ളത്‌. ചന്ദനത്തോപ്പ്‌ ഗവ. ഐടിഐ, കരുനാഗപ്പള്ളി  ഫിഷറീസ്‌ ഹോസ്റ്റൽ എന്നിവിടങ്ങളിലെ പ്രഥമ ചികിത്സാകേന്ദ്രങ്ങളിലാണ്‌ ജില്ലാ ജയിലിലെ അന്തേവാസികൾ കഴിയുന്നത്‌. ഇതിൽ ചന്ദനത്തോപ്പിൽ 35, കരുനാഗപ്പള്ളിയിൽ 36 തടവുകാരുമാണുള്ളത്‌.
ജില്ലയിൽ ക്ലസ്റ്ററുകളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്‌. അവശേഷിക്കുന്നത്‌ ആറ്‌ ക്ലസ്റ്ററാണ്‌. ചവറ, അഞ്ചൽ, ഏരൂർ എന്നിവിടങ്ങളിൽ ലാർജ്‌ ക്ലസ്റ്ററും കുളത്തൂപ്പുഴ, നീണ്ടകര എന്നിവിടങ്ങളിൽ ലിമിറ്റഡ്‌ ക്ലസ്റ്ററും ജില്ലാ ജയിൽ ഇൻസ്റ്റിറ്റ്യൂഷൻ ക്ലസ്റ്ററുമാണ്‌. രോഗവ്യാപനത്തിൽ മുന്നിലായിരുന്ന തലച്ചിറയിൽ പ്രതിരോധത്തിന്‌ ശക്തമായ നടപടികളാണ്‌ ആരോഗ്യവകുപ്പും പൊലീസും സ്വീകരിച്ചത്‌. ജില്ലയിൽ ഏറ്റവും കൂടുതൽ കോവിഡ്‌ പോസിറ്റീവ്‌ കേസുകൾ റിപ്പോർട്ട്‌ ചെയ്‌തത്‌ ഇവിടെയാണ്‌. ശാസ്‌താംകോട്ട, ഇടമുളയ്‌ക്കൽ എന്നിവിടങ്ങളിലും സമ്പർക്കം തടയാൻ ഫലപ്രദമായി കഴിഞ്ഞു. ലാർജ്‌ ക്ലസ്റ്ററുകളിൽ 30 ശതമാനവും ലിമിറ്റഡ് ക്ലസ്റ്ററുകളിൽ 15ശതമാനവുമാണ് രോഗവ്യാപനം. ജില്ലാ ജയിലിൽ 92 പേർക്കാണ്‌  രോഗം സ്ഥിരീകരിച്ചിരുന്നത്‌. കൊട്ടാരക്കര മുനിസിപ്പാലിറ്റി ഏരിയയിൽ എഴുപതിലധികം പേർക്കും ചവറയിൽ അറുപതിലധികം പേർക്കും കോവിഡ്‌ സ്ഥിരീകരിച്ചിരുന്നു. 
ജില്ലയിൽ പ്രതിരോധ പ്രവർത്തനം കൂടുതൽ കടുപ്പിക്കേണ്ട മേഖലയായി അധികൃതർ വിലയിരുത്തിയിട്ടുള്ളത്‌ ചടയമംഗലമാണ്‌. രോഗവ്യാപനം ജില്ലയിൽ പൊതുവെ തടഞ്ഞുനിർത്താൻ ജനങ്ങളുടെ സഹകരണത്തോടെ കഴിഞ്ഞെന്ന്‌ ഡിഎംഒ ശ്രീകല പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top