20 September Friday
മഴക്കെടുതി

കൃഷിയിൽ കണ്ണീർ നഷ്ടം 7.24കോടി

സ്വന്തം ലേഖികUpdated: Tuesday Aug 13, 2019

 

കൊല്ലം
ജില്ലയിൽ മഴ കുറഞ്ഞെങ്കിലും കാർഷികമേഖലയിൽ കണ്ണീർപ്പെയ്‌ത്ത്‌. 7.24 കോടി രൂപയുടെ കൃഷിനാശമാണ്‌ ഉണ്ടായത്‌. 646 കർഷകരുടെ 217.87 ഹെക്ടറിലെ വിളകൾ നശിച്ചു. ഏത്തക്കൃഷിയിലാണ്‌ ഏറ്റവും കൂടുതൽ നാശം. 24.61 ഹെക്ടറിലെ 61,525 കുലച്ച ഏത്തവാഴയും 15.36 ഹെക്ടറിലെ  38,402 കുലയ്‌ക്കാത്ത വാഴയും നിലംപൊത്തി. 5.22 കോടി രൂപയുടെ നഷ്ടമാണ്‌ ഏത്തക്കൃഷിയിൽ കണക്കാക്കിയത്‌. 85.67 ഹെക്ടറിലെ നെൽക്കൃഷിയും നശിച്ചു. നഷ്ടം 1.28 കോടി രൂപ. 
 കിഴക്കൻ മലയോര മേഖലയിലെ പ്രധാന കൃഷിയായ റബറിലും വൻ നഷ്ടം ഉണ്ടായി. ടാപ്പിങ്‌ നടത്തിയിരുന്ന 1017 റബർ മരവും ടാപ്പിങ്‌ തുടങ്ങാത്ത 482 മരവും കാറ്റിൽ തകർന്നടിഞ്ഞു. 27.57 ലക്ഷം രൂപയുടെ കൃഷിനാശമാണ്‌ ഇതിലുണ്ടായത്‌. കേര കർഷകർക്കും കാര്യമായ നഷ്ടമുണ്ടായി. കായ്‌ഫലമുള്ള 103 തെങ്ങും കുലയ്‌ക്കാത്ത 95 തെങ്ങും നിലംപൊത്തി. 33.22 ഹെക്ടറിലെ പച്ചക്കറികൃഷിയും നശിച്ചു. ഇതിലൂടെ 13.28 ലക്ഷം രൂപയുടെ നാശം കണക്കാക്കുന്നു. ഓണത്തിന്‌ ഒരു മുറം പച്ചക്കറി പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി ചെയ്‌ത വെണ്ട, പാവൽ, പടവലം, വഴുതന, പയർചീര, മുളക്‌ എന്നിവ ഉൾപ്പെടെ നശിച്ചു. 23.80 ഹെക്ടറിലെ കപ്പക്കൃഷിയും 4.30 ഹെക്ടറിലെ വെറ്റിലക്കൊടിയും നാമാവശേഷമായി. 14 ലക്ഷമാണ്‌ നഷ്ടം. ജില്ലയിലെ കാർഷിക മേഖലയിലെ നഷ്ടം സംബന്ധിച്ച റിപ്പോർട്ട്‌ കഴിഞ്ഞ ദിവസം കൃഷി ഡയറക്ടർ ഓഫീസിനു നൽകി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top