20 September Friday

വിടാതെ മഴ; വീടുകൾ തകർന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2019

ഇടമുളയ്ക്കൽ പുത്താറ്റ് ചരണംകോട്ട് പുത്തൻവീട്ടിൽ വസന്തയുടെ വീടിന്റെ അടുക്കള തകർന്നനിലയിൽ

അഞ്ചൽ
തുടർച്ചയായി പെയ്യുന്ന മഴയിൽ അഞ്ചലിൽ വ്യാപകനാശം. ഇടമുളയ്ക്കൽ പുത്താറ്റ് ചരണംകോട്ട് പുത്തൻവിള വീട്ടിൽ വസന്തയുടെ വീടിന്റെ അടുക്കള  മഴയിൽ തകർന്നു. ഏറം പെരിഞ്ഞേലിക്കോണത്ത് ഉദയരാജിൽ രാജലക്‌ഷ്‌മിയുടെ വീടിനോട് ചേർന്ന സ്ഥലത്തെ മണ്ണിടിഞ്ഞ് വീടിന്റെ അടുക്കളയിൽനിന്ന്‌ ഇറങ്ങാനാകാത്ത നിലയിലായി. ലൈഫ്പദ്ധതിയിൽ പഞ്ചായത്ത്‌ നൽകിയതാണ് വീട്‌. 
 ചോരനാട് വാർഡിൽ  മലവട്ടത്ത് വീടിന്റെ മേൽക്കൂരയിലേക്ക്  മരംവീണ് ഷീറ്റുകൾ തകർന്നു. ഏറം രോഹിണിയിൽ സനൽകുമാറിന്റെ വീട്ടുമുറ്റത്തെ കിണറ്റിലേക്ക് അടുത്ത പുരയിടത്തിലെ ഉയർച്ചയിലുള്ള മണ്ണ് ഇടിഞ്ഞുവീണ് കിണർ തകർന്നു.  സംഭവം സ്ഥലം ഇടമുളയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ്  വി രവീന്ദ്രനാഥ്,  അഞ്ചൽ പഞ്ചായത്ത് പ്രസിഡന്റ് മിനി സുരേഷ് എന്നിവർ സന്ദർശിച്ചു.
തുടർച്ചയായി പെയ്യുന്ന മഴയിൽ കിഴക്കൻമേഖലയിൽ കനത്ത നാശനഷ്ടം.  പത്തനാപുരം, വിളക്കുടി, തലവൂര്‍ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളില്‍  ജലനിരപ്പ് താഴ്ന്നു തുടങ്ങിയത് ആശങ്കയകറ്റുന്നു.  
പത്തനാപുരം കല്ലുംകടവ് ചെങ്കിലാത്ത് വീടിനോട്‌ ചേര്‍ന്ന കോണ്‍ക്രീറ്റ് കെട്ടിടം  തകര്‍ന്നു.  ചെങ്കിലാത്ത് മേക്കണ്ടത്തില്‍ യോഹന്നാന്റെ വീടിനോട് ചേര്‍ന്ന കെട്ടിടമാണ് തകര്‍ന്നത്. പാചകം ചെയ്യുന്നതിനും സാധനങ്ങള്‍ സൂക്ഷിക്കുന്നതിനുമായി നിര്‍മിച്ച കെട്ടിടം കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടോടെയാണ്‌ തകര്‍ന്നത്‌.  ശാലേംപുരം ഇളങ്ങാട്ട്‌ ജി പാപ്പച്ചന്റെ വീടിന്റെ സംരക്ഷണഭിത്തിയും കഴിഞ്ഞ ദിവസത്തെ മഴയില്‍ തകര്‍ന്നു.കരുനാഗപ്പള്ളി പള്ളിക്കലാർ കരകവിഞ്ഞൊഴുകി ശൂരനാട് പടിഞ്ഞാറ്റുമുറിയിലെ നിരവധി വീടുകളിൽ വെള്ളം കയറി. 26 കുടുംബങ്ങളെ പടിഞ്ഞാറ്റുമുറി  71 -–-ാം  നമ്പർ അങ്കണവാടിയിൽ ആരംഭിച്ച ക്യാമ്പിലേക്കു മാറ്റി. 
 പത്തനംതിട്ടയിൽനിന്ന് ഒഴുകിയെത്തുന്ന പള്ളിക്കലാറ്റിൽ തിങ്കളാഴ്‌ച വൈകിട്ടാണ്‌  ജലനിരപ്പ്‌  ഉയർന്നത്‌.തഹസിൽദാർ എൻ സാജിദബീഗത്തിന്റെ നേതൃത്വത്തിലുളള സംഘംസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കൂടുതൽ വീടുകളിലേക്ക് വെള്ളം കയറിയാൽ ദുരിതാശ്വാസ ക്യാമ്പ്‌ തുറക്കും.
പ്രധാന വാർത്തകൾ
 Top