18 September Wednesday

ദൈവമേ... ഞാനിതിങ്ങെടുക്കുവാ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2019
കരുനാഗപ്പള്ളി
ആലപ്പാട്ടെ  വിവിധ ക്ഷേത്രങ്ങളിൽ മോഷണം നടത്തിയയാളെ ഒടുവിൽ പൊലീസ്‌ കുടുക്കി. അമ്പലക്കള്ളൻ  എന്ന പേരിൽ പ്രസിദ്ധനായ ആലപ്പുഴ പുന്നപ്ര പേരൂർകോളനിയിൽ എസ് സുമേഷ് (36)ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. മോഷണക്കേസിൽ ജയിലിലായിരുന്ന ഇയാൾ കഴിഞ്ഞ 29നാണ് ജയിൽ മോചിതനായത്‌.  
കഴിഞ്ഞ അഞ്ചിനു രാത്രിയിലാണ് ആലപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലും ശ്രായിക്കാട് പശ്ചിമേശ്വര ക്ഷേത്രത്തിലും വഞ്ചികൾ കുത്തിത്തുറന്ന് മോഷണം നടന്നത്. തുടർന്നുള്ള ദിവസങ്ങളിൽ പൂക്കോട്ട് ദേവീക്ഷേത്രം, അഴീക്കൽ ക്ഷേത്രത്തിന്റെ റോഡരികിലിരുന്ന വഞ്ചി എന്നിവയും മോഷ്ടിച്ചു. 
ആലപ്പാട് ക്ഷേത്രത്തിലെ സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. തുടർന്നു നടത്തിയ  അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ചവറയിലും കായംകുളത്തിനടുത്തും  നടന്ന മോഷണത്തിനും പിന്നിൽ ഇയാളാണെന്നും സംശയിക്കുന്നു. സുമേഷിനെ ആലപ്പാട് ക്ഷേത്രത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇയാളുടെ വീട്ടിൽനിന്ന്‌ 8350 രൂപയും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തു. പ്രതിയെ ചൊവ്വാഴ്ച ഓച്ചിറ പൊലീസ് കസ്റ്റഡിയിൽ വാങ്ങി മറ്റു ക്ഷേത്രങ്ങളിൽ തെളിവെടുപ്പിന് എത്തിക്കും. കരുനാഗപ്പള്ളി സിഐ മുഹമ്മദ് ഷാഫി, എസ്ഐമാരായ വി ശിവകുമാർ, അലോഷ്യസ്, രാംലാൽ, എഎസ്ഐ ഷാഫി, എസ്‌സിപിഒമാരായ ശ്രീകുമാർ, സുമേഷ്, ഷിനു, രിപു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രധാന വാർത്തകൾ
 Top