20 September Friday

കൊല്ലം ടു മലബാർ വണ്ടി നിറയെ സ്‌നേഹം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2019

എസ്‌എഫ്‌ഐ നേതൃത്വത്തിൽ എസ്‌ എൻ കോളേജിൽ പ്രവർത്തിക്കുന്ന സംഭരണ കേന്ദ്രം സന്ദർശിക്കുന്ന കെ സോമപ്രസാദ്‌ എംപി

കൊല്ലം
പ്രളയദുരിത ബാധിതർക്കായി  കൊല്ലത്തുനിന്നുള്ള സഹായ പ്രവാഹം തുടരുന്നു. ആദ്യ ദിവസം രണ്ടു വാഹനം നിറയെ സഹായ വസ്തുക്കളാണ് പുറപ്പെട്ടതെങ്കിൽ തിങ്കളാഴ്‌ച വാഹനങ്ങളുടെ എണ്ണം മൂന്നായി.  കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലേക്ക് വീണ്ടും ലോഡ് അയച്ചതിന് പുറമേ വയനാട്ടിലേക്കും വാഹനം അയക്കാനായി. 
ആവശ്യങ്ങൾ മുൻനിർത്തി മുൻഗണനാ ക്രമത്തിൽ  കലക്ടർ ബി അബ്ദുൽ നാസർ തയ്യാറാക്കിയ പട്ടിക പ്രകാരമാണ് ആശ്വാസ വസ്തുക്കൾ പ്രധാന ശേഖരണകേന്ദ്രമായ ടി എം  വർഗീസ് ഹാളിലേക്ക് എത്തിക്കുന്നത്. ഏതൊക്കെയാണ് വേണ്ടതെന്ന് നേരിട്ടും സന്ദേശങ്ങൾ മുഖേനയും പ്രചരിപ്പിച്ചാണ് ഇതു സാധ്യമാക്കിയത്. ക്ലീനിങ്‌ മോപ്പ് - ബ്രഷ്, ഗ്ലൗസ്, ബ്ലീച്ചിങ്‌ പൗഡർ, മാസ്‌ക്, ബക്കറ്റ്, കാലുറ എന്നിവ  ആവശ്യമുണ്ടെന്ന്‌  കലക്ടർ അറിയിച്ചു. 
വിദ്യാർഥികളുടെ അഞ്ഞൂറിലധികം വരുന്ന കൂട്ടായ്മ സന്നദ്ധസേവനത്തിനായി സജീവമാണ്. കേന്ദ്രത്തിലേക്ക് എത്തിക്കുന്ന വസ്തുക്കൾ തരം തിരിക്കുന്നത് മുതൽ വാഹനങ്ങളിലേക്ക് കയറ്റുന്നതും യുവസംഘം. ഓരോ ഉൽപ്പന്നത്തിന്റെയും കാലാവധി പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തും.  ആരോഗ്യവകുപ്പ്‌  അവശ്യ മരുന്നുകളുടെ വലിയ ശേഖരവും ലഭ്യമാക്കി. മെഴുകുതിരിയും തീപ്പെട്ടിയും മുതൽ അണുവിമുക്തിക്കുള്ള ഡെറ്റോൾ വരെയും ലോഷനും ചൂലും പായും പുതപ്പുകളും അടക്കം ക്യാമ്പുകളിലേക്ക് ആവശ്യമുള്ളവയെല്ലാം സുമനസ്സുകൾ എത്തിക്കുകയാണ്. 
താലൂക്കുതല ശേഖരണകേന്ദ്രങ്ങളിൽനിന്നുള്ള സഹായവസ്തുക്കളും സന്നദ്ധസംഘടനകളും കോളേജ് വിദ്യാർഥികളും ക്ലബ്ബുകളും സമാഹരിക്കുന്നവയും  എത്തിക്കുന്നുണ്ട്. തുടർന്നുള്ള ദിവസങ്ങളിലും അവശ്യവസ്തുക്കൾ ശേഖരിക്കുന്നത് തുടരും. 
കെ സോമപ്രസാദ് എംപി വിതരണകേന്ദ്രം സന്ദർശിച്ച്‌ സഹായ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തി. അസിസ്റ്റന്റ് കലക്ടർ മാമോനി ഡോലെ, എഡിഎം പി ആർ ഗോപാലകൃഷ്ണൻ, തഹസിൽദാർമാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ നേതൃത്വം നൽകി. സ്‌കൂൾ–- - കോളജ് വിദ്യാർഥികൾ, നെഹ്‌റു യുവകേന്ദ്ര വളന്റിയർമാർ, നാഷണൽ സർവീസ് സ്‌കീം, വിവിധ  സന്നദ്ധസംഘടനകൾ തുടങ്ങിയവയുടെ പ്രതിനിധികളാണ് രാപ്പകൽ പ്രവർത്തിക്കുന്നത്.
പ്രധാന വാർത്തകൾ
 Top