23 August Friday

കെഎസ്ഇബിയെ പരാജയപ്പെടുത്തി കേരള പൊലീസ്

സ്വന്തം ലേഖകന്‍Updated: Saturday Jul 13, 2019

കേരള പൊലീസ് അസോസിയേഷൻ സമ്മേളനത്തിന്റെ ഭാഗമായി നടന്ന ഫുട്ബോൾ മത്സരത്തിൽനിന്ന്

 

 
കൊല്ലം
കേരള പൊലീസിന്റെയും കെഎസ്ഇബിയുടെയും താരങ്ങൾ കളിമികവുമായി ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയം നിറഞ്ഞപ്പോൾ ഇന്ത്യൻ ഫുട്ബോളിനെ മുന്നേറ്റത്തിന്റെ ബൂട്ടണിയിച്ച കെ ടി ചാക്കോയും കുരികേശ് മാത്യുവും ഗാലറിയിൽ ആവേശത്തിന്റെ ആരവങ്ങളായി. അവസാന നിമിഷം വരെയും കാൽപ്പന്തിൽ ആവേശം നിറച്ച് കാണികളെ നിരാശരാക്കാതെ നടന്ന മത്സരത്തിനൊടുവിൽ ടൈ ബ്രേക്കറിൽ 4-–-3ന് കെഎസ്ഇബിയെ കേരള പൊലീസ് പരാജയപ്പെടുത്തി. 
കേരള പൊലീസ് അസോസിയേഷൻ 35–--ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി  വെള്ളിയാഴ‌്ച വൈകിട്ട് നടന്ന സൗഹൃദ ഫുട്ബോൾ മത്സരം കാണാൻ സമാനതകളില്ലാത്ത ആവേശവുമായി നൂറുകണക്കിന് ഫുട്ബോൾ പ്രേമികളാണ‌് എത്തിയത്. ഇരു ടീമുകൾക്കുമായി ദേശീയ–-- സംസ്ഥാന ഫുട്ബോൾ താരങ്ങളാണ് ബൂട്ടണിഞ്ഞത്.  ഗോൾ വഴങ്ങാതെ ഇരു ടീമുകളും  മികച്ച കളി  പുറത്തെടുത്തപ്പോൾ മത്സരം ടൈ ബ്രേക്കറിലേക്ക് നീങ്ങി. തുടർന്നായിരുന്നു  കേരള പൊലീസിന്റെ വിജയം. 
വിജയികൾക്ക് ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്‌സ് ഏണസ്റ്റ് ട്രോഫി സമ്മാനിച്ചു. റണ്ണേഴ്സ് അപ്പ് ആയ കെഎസ്ഇബി കുരികേശ് മാത്യുവിൽനിന്ന് ട്രോഫി ഏറ്റുവാങ്ങി. വിജയികൾക്കുള്ള മെഡൽ കെ ടി ചാക്കോയും റണ്ണേഴ്സ് അപ്പിനുള്ള മെഡൽ കൊല്ലം എസിപി എ പ്രദീപ്കുമാറും സമ്മാനിച്ചു. കുരികേശ് മാത്യുവിനെ മുൻ എസ‌്പി  വിജയകുമാറും കെ ടി ചാക്കോയെ എആർ ക്യാമ്പ് ഡെപ്യൂട്ടി കമാൻഡന്റ് വി എസ് ചിത്രസേനനും ആദരിച്ചു. 
കേരള ടീമിന്റെ മുൻകോച്ച് കെ കെ ഗോപാലകൃഷ്‌ണൻ, ആറുതവണ രഞ്ജിട്രോഫി കളിച്ച ഹരിദാസ് എന്നിവരെ കൊല്ലം എസിപി എ പ്രദീപ്കുമാർ ആദരിച്ചു.  പൊലീസ് അസോസിയേഷൻ സംസ്ഥാന ട്രഷറർ എസ് ഷൈജു,  ജിജു സി നായർ,  എസ് അജിത് കുമാർ എന്നിവർ പങ്കെടുത്തു.  21 മുതൽ 23 വരെ കൊല്ലം സി കേശവൻ മെമ്മോറിയൽ ടൗൺ ഹാളിലാണ് സമ്മേളനം.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top