23 August Friday

ഫയർഫോഴ്‌സിന്റെ ആക്‌ഷൻ ഹീറോ വാട്ടർ ബ്രൗസർ

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019

 

കരുനാഗപ്പള്ളി 
പന്ത്രണ്ടുനില കെട്ടിടത്തിനു മുകളിൽ വെള്ളം ചീറ്റാൻ കഴിയുന്ന 12500 ലിറ്റർ വെള്ളം സംഭരിക്കാനാകുന്നതിനു പുറമേ  5000 ലിറ്റർ ഫോമും നിറയ്ക്കാവുന്ന ഫയർഫോഴ‌്സിന്റെ  പുലിക്കുട്ടിയുടെ പേരാണ‌് വാട്ടർ ബ്രൗസർ. ദുരന്തമുഖങ്ങളിൽ സേനയുടെ വജ്രായുധമായി മാറിയിരിക്കുകയാണിത‌്. ഏറ്റവുമൊടുവിൽ കരുനാഗപ്പള്ളിയിലെ വ്യാപാര സ്ഥാപനങ്ങളിലുണ്ടായ തീപിടിത്തത്തിലും വാട്ടർ ബ്രൗസർ ശ്രദ്ധേയ സേവനം നടത്തിയത‌്. ഫയർഫോഴ്സ് സേനയെ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി നൽകിയതാണ് വാട്ടർ ബ്രൗസർ വാഹനം. സാധാരണ മൊബൈൽ ടാങ്കർ യൂണിറ്റുകളിൽ (എംടിയു) 3000 മുതൽ 4000 ലിറ്റൽ വരെ വെള്ളമാണ് ശേഖരിക്കാൻ കഴിയുക. എന്നാൽ വാട്ടർ ബ്രൗസറിൽ 12500 ലിറ്റർ വരെ വെള്ളം ശേഖരിക്കാൻ കഴിയും. കൂടാതെ 5000 ലിറ്റർ ഫോമും നിറയ്ക്കാം (അഗ്നി പടരാതിരിക്കുന്നതിനുള്ള പ്രത്യേക ദ്രാവകം). വാഹനത്തിനു മുകളിൽ സജ്ജീകരിച്ചിരിക്കുന്ന പ്രത്യേക ഉപകരണം വഴിയാണ് വെള്ളം ചീറ്റിക്കുന്നത്.12 നില കെട്ടിടത്തിനു മുകളിൽ വരെ ഇതുകൊണ്ട് വെള്ളം ചീറ്റാൻ കഴിയും 75 അടി വിസ്തൃതിയിൽ 4000 ലിറ്റർവെള്ളം ചീറ്റിക്കുന്നതിനു കഴിയും. ഡ്രൈവർക്ക് നേരിട്ട് ഇത് നിയന്ത്രിക്കാം. അത്യാവശ്യ സന്ദർഭങ്ങളിൽ റിമോട്ട് കൺട്രോൾ ഉപയോഗിച്ച് ഇത് നിയന്ത്രിക്കാൻ കഴിയും. ഒരുകോടി രൂപയാണ് ഇതിന് വില. കൊല്ലത്ത് മാത്രമാണ് ഇപ്പോൾ ഈ യൂണിറ്റുള്ളത്. കരുനാഗപ്പള്ളി തീപിടുത്തത്തിൽ അഗ്നി പടരാതെ നിയന്ത്രണ വിധേയമാക്കിയതും ഈ ഉപകരണംതന്നെ.  അഗ്നിബാധയുടെ പശ്ചാത്തലത്തിൽ വ്യാപാര സ്ഥാപനങ്ങൾക്ക് വീണ്ടും നോട്ടീസ് നൽകുമെന്ന് ഫയർഫോഴ്സ് അറിയിച്ചു. അപകടങ്ങളെ നേരിടുന്നതിനുള്ള സുരക്ഷാ ക്രമീകരങ്ങൾ ഒരുക്കിയിട്ടുണ്ടോ എന്നതു സംബന്ധിച്ചാണ് നോട്ടീസ് നൽകുക. മുൻകരുതലുകൾ കർശനമായി പാലിക്കാൻ ആവശ്യപ്പെടും. ഇത്തരത്തിലുള്ള അറിയിപ്പ് നേരത്തേ തന്നെ നൽകിയിട്ടുള്ളതാണെന്നും ഫയർഫോഴ്സ് അധികൃതർ അറിയിച്ചു.
പ്രധാന വാർത്തകൾ
 Top