14 December Saturday

പൈസയില്ല, വേണമെങ്കിൽ ഒരു പാമ്പിനെ തരാം...

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2019

 

പത്തനാപുരം
എടിഎം കൗണ്ടറിൽ പണമെടുക്കാൻ ചെന്ന യുവാവ്‌ പാമ്പിനെക്കണ്ട്‌ ജീവനുംകൊണ്ടോടി. നടുക്കുന്നത്തെ എടിഎമ്മിൽ പണം പിൻവലിക്കാനെത്തിയ ചേകം സ്വദേശി  രഞ്ജിത്തിനെയാണ്‌ പാമ്പ്‌ പേടിപ്പിച്ചത്‌. ഉഗ്രവിഷമുള്ള ശംഖുവരയനായിരുന്നുവെന്ന്‌ രഞ്ജിത്‌ പറഞ്ഞു.  എടിഎം കൗണ്ടറിനകത്ത്‌  മെഷീന്റെ സമീപത്തായി ഇഴഞ്ഞുനീങ്ങുമ്പോഴാണ്‌ രഞ്ജിത്‌ കയറിച്ചെന്നത്‌. കാർഡ്‌ ഇടാൻ  തുടങ്ങിയതും പാമ്പിനെ കണ്ടതും ഒരുമിച്ചായിരുന്നു.  പരിഭ്രാന്തനായതോടെ യുവാവ്‌ കതകും തുറന്നോടുകയായിരുന്നു. സമീപത്തുണ്ടായിരുന്ന നാട്ടുകാരെ വിവരം അറിയിച്ചതനുസരിച്ച്‌ നോക്കിയപ്പോഴാണ്‌ ശംഖുവരയനായിരുന്നുവെന്ന്‌ മനസ്സിലായത്‌. രഞ്ജിത്തിനു മുമ്പ്‌ സ്‌ത്രീകളടക്കമുള്ളവർ പണം പിൻവലിക്കാൻ കൗണ്ടറിനുള്ളിൽ കയറിയിരുന്നു. ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ്‌ യുവാവ്‌. അറിയതെ പാമ്പിനെ ചവിട്ടിയിരുന്നെങ്കിൽ കഥ മാറിയേനെയെന്ന്‌ നാട്ടുകാരും പറഞ്ഞു. 
എന്നാലും  തല്ലിക്കൊല്ലാൻ  മുതിരാതെ ബഹളമുണ്ടാക്കി പാമ്പിനെ കൗണ്ടറിന്‌ പുറത്തെ കാട്ടിലേക്ക്‌ കയറ്റിവിടുകയായിരുന്നു.  വിവരമറിഞ്ഞ്‌ വനം അധികൃതർ എത്തിയെങ്കിലും പാമ്പ്‌ കളംവിട്ടു.  കൗണ്ടറിന്റെ പരിസര പ്രദേശം വൃത്തിയാക്കണമെന്ന ആവശ്യവും ഇതോടെ  ശക്തമായി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top