14 December Saturday
കെ ഫോര്‍ കെ സമാപിച്ചു

വോളിബോളില്‍ നമ്മൾ; കബഡിയില്‍ അയല്‍ക്കാര്‍

സ്വന്തം ലേഖകന്‍Updated: Tuesday Nov 12, 2019

കെ ഫോർ കെ വോളിബോൾ മത്സരത്തിൽ വിജയികളായ കേരള പൊലീസ്‌ ടീം ട്രോഫിയുമായി

 
കൊല്ലം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിനായി ജില്ലാ ഭരണകേന്ദ്രവും ജില്ലാ സ്‌പോർട്‌സ് കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച കബഡി, -വോളിബോൾ ദേശീയ ടൂർണമെന്റായ കെ ഫോർ കെ സമാപിച്ചു. പാതിരാവ് പിന്നിട്ട ആവേശനിമിഷങ്ങൾ അവസാനിച്ചപ്പോൾ കേരളത്തിന്റെ പുരുഷ-വനിതാ ടീമുകൾ വോളിബോൾ കിരീടങ്ങൾ സ്വന്തമാക്കി. കബഡിയിൽ ഇരുവിഭാഗത്തിലുമായി ബംഗളൂരു, - മം​ഗളൂരു ടീമുകളാണ് കപ്പ് നേടിയത്.
കനത്ത മഴയെ തുടർന്ന് ഞായറാഴ്ച രാത്രി ഒമ്പതിനാണ് ഫൈനലുകൾക്ക് തുടക്കമായത്. കബഡി മത്സരം ആദ്യം തുടങ്ങി. പുരുഷ വിഭാഗത്തിൽ കേരള പൊലിസിനെ 32 –- -16ന് കീഴടക്കി എംഇജി ബം​ഗളൂരു വിജയിച്ചു. വനിതാ വിഭാഗത്തിൽ കേരളത്തെ 35–-14ന് തകർത്താണ് അൽവാസ് മം​ഗളൂരു വിജയം നേടിയത്.
പിന്നാലെ നടന്ന വനിതാ വോളിബോളിൽ ഏകപക്ഷീയമായ രണ്ട് സെറ്റിന് കേരള പൊലിസ് സെന്റ് ജോസഫ് ഇരിങ്ങാലക്കുടയെ കീഴടക്കി. (സ്‌കോർ 25 –-13, 21- –- 25).പുരുഷ വോളിബോൾ ഫൈനലിൽ കേരള പൊലീസ് കെഎസ്ഇബിയെ തോൽപ്പിച്ച് കെ ഫോർ കെ കിരീടം ചൂടി.
വിജയികൾക്ക് ജില്ലാ ജഡ്ജി എസ്എച്ച് പഞ്ചാപകേശൻ ട്രോഫികൾ സമ്മാനിച്ചു. വലിയൊരു കായിക മാമാങ്കം വിജയിപ്പിക്കാൻ മുൻകൈയെടുത്ത ജില്ലാ ഭരണകൂടവും സ്‌പോർട്‌സ് കൗൺസിലും അഭിനന്ദനം അർഹിക്കുന്നുവെന്ന്‌ ജില്ലാ ജഡ്ജി പറഞ്ഞു. 
എം നൗഷാദ് എംഎൽഎ അധ്യക്ഷനായി. കെ ഫോർ കെ ടൂർണമെന്റ് സ്ഥിരം സംവിധാനമാക്കുന്നത് പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എവർറോളിങ് ട്രോഫി ഏർപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് സ്വാഗതം പറഞ്ഞ കലക്ടർ ബി അബ്ദുൽ നാസർ വ്യക്തമാക്കി. 
ചലച്ചിത്ര താരം നൂറിൻ ഷെരീഫ് അതിഥിയായി. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് എക്‌സ്ഏണസ്റ്റ്, അർജുന അവാർഡ് ജേതാവ് കെ സി ഏലമ്മ, ബോക്‌സിങ്‌ താരം കെ സി ലേഖ, എഡിഎം പി ആർ ഗോപാലകൃഷ്ണൻ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് കെ രാമഭദ്രൻ, എൻ എസ്‌ സഹകരണ ആശുപത്രി സെക്രട്ടറി പി ഷിബു, ഹോട്ടൽ റാവിസ് മാനേജർ അജിത് തുടങ്ങിയവർ പങ്കെടുത്തു.  
വളന്റിയർമാർക്ക് സർട്ടിഫിക്കറ്റുകൾ നൽകി. കലാപരിപാടികളും നടന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top