15 October Tuesday
ഓണത്തിനു വിറ്റത്‌ 5.5 കോടി

കാശുവാരി കശുവണ്ടി

സ്വന്തം ലേഖകന്‍Updated: Thursday Sep 12, 2019
കൊല്ലം
ഈ ഓണക്കാലത്ത്‌ കശുവണ്ടി വികസന കോർപറേഷൻ വിറ്റത്‌ അഞ്ചരക്കോടിയുടെ പരിപ്പ്‌. ആഭ്യന്തര, വിദേശ മാർക്കറ്റുകളിലായി പത്തുദിവസത്തെ വിൽപ്പനയാണിത്‌. സർക്കാർ തോട്ടങ്ങളിൽ ജൈവകൃഷിയിലൂടെ ഉൽപ്പാദിപ്പിച്ച നാടൻ തോട്ടണ്ടിയാണ് നേട്ടം കൊയ്തത്. കഴിഞ്ഞവർഷം 85 ലക്ഷമായിരുന്നു ഓണക്കാല വിൽപ്പന. എല്ലായിനത്തിനും 25ശതമാനം ഓണ സബ്‌സിഡിയുണ്ട്. ഔട്ട്‌ലെറ്റുകൾ വഴി സബ്‌സിഡി നിരക്കിൽ പ്രഖ്യാപിച്ച വിൽപ്പന 20വരെ തുടരും. ഓൺലൈൻ വഴിയും സിഡിസി (കാഷ്യൂ ഡെവലപ്‌മെന്റ്‌ കോർപറേഷൻ) ലഭ്യമാണ്.  
കിലോയ്ക്ക് 1835 രൂപയുള്ള മുന്തിയയിനമാണ്  കൂടുതൽ വിറ്റത്‌. 150 ഗ്രേഡിലുള്ള ഈ പരിപ്പ് സബ്‌സിഡി നിരക്കിൽ 1335 രൂപയ്ക്കാണ് വിറ്റത്. ആറളംഫാമിൽ വിളഞ്ഞ നാടൻ തോട്ടണ്ടി പരമ്പരാഗത രീതിയിൽ സംസ്‌കരിച്ചെടുത്തതിനാൽ വൻഡിമാന്റുണ്ടായി. മാർക്കറ്റ്ഫെഡ് മുഖേന വിവിധ സംസ്ഥാനങ്ങളിലും ലുലുമാൾ വഴി വിദേശ വിപണിയിലും കരാറുണ്ടാക്കി. 
കാഷ്യൂ കോർപറേഷന്റെ 30 ഫാക്ടറി ഔട്ട്‌ലെറ്റുകൾ,  സഹകരണബാങ്ക് ഓണച്ചന്തകളുടെ ഔട്ട്‌ലെറ്റുകൾ, ബേക്കറികൾ, കാഷ്യൂ കോർപറേഷന്റെ 75 ഫ്രാഞ്ചൈസികൾ,  മാർക്കറ്റിങ്‌  ഫെഡറേഷന്റെ ഡൽഹി, മുംബൈ, കൊൽക്കത്ത വിൽപ്പനകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വൻതോതിൽ വിറ്റു. 
ഫാക്ടറി ഔട്ട്‌ലെറ്റ് വഴി ഒന്നരക്കോടി രൂപയും മാർക്കറ്റിങ്‌ ഫെഡറേഷൻ വഴി രണ്ടുകോടിയും ലുലുമാളിന്റെ വിദേശവിപണി വഴി രണ്ടുകോടിയുടെയും പരിപ്പ് വിറ്റു. ജംബോ പാക്കറ്റ് കൂടാതെ 20, 50, 100, 250ഗ്രാം പാക്കറ്റുകളിലും ലഭ്യമാക്കിയതിനാൽ  സാധാരണ ഉപയോക്താക്കളുടെ എണ്ണംകൂടി.  കാഷ്യൂ ജാം, കാഷ്യൂ സൂപ്പ്, കാഷ്യൂ വിറ്റ, കാഷ്യൂ സോഡ എന്നിവയുടെ വിൽപ്പനയും വർധിച്ചു. 
വിദേശ മാർക്കറ്റിൽ 37ശതമാനം എത്തുന്നത് വിയറ്റ്‌നാമിൽനിന്നാണ്.  സംസ്‌കരണം പൂർണമായും യന്ത്രവൽകൃതമാകയാൽ രുചിയും ഗുണവും കുറയും. മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മയുടെ ഇടപെടലിലൂടെ  ഓണക്കാല സബ്‌സിഡി ലഭ്യമായി.
 ദീപാവലി, കൃസ്തുമസ് ആഘോഷങ്ങൾക്കും വൻതോതിലുള്ള പരിപ്പ് വിൽപ്പനയ്ക്ക് കോർപറേഷൻ തയ്യാറെടുക്കുന്നതായി ചെയർമാൻ എസ് ജയമോഹൻ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top