24 October Thursday
അയൽവാസികളുടെ തർക്കം

മധ്യസ്ഥതയ്‌ക്ക്‌ എത്തിയ യുവാവിനെ കുത്തിക്കൊന്നു

സ്വന്തം ലേഖകന്‍Updated: Thursday Sep 12, 2019
കരുനാഗപ്പള്ളി
കുലശേഖരപുരം  കുഴിവേലി ജങ്‌ഷനു സമീപം  നീലികുളം  വാർഡിൽ അയൽവാസികൾ  തമ്മിലുള്ള വാക്‌തർക്കം പരിഹരിക്കാൻ എത്തിയ യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിൽ രണ്ടുപേരെ പൊലീസ് പിടികൂടി. നീലികുളം ലാലിഭവനിൽ ഉത്തമന്റെയും  സുശീലയുടെയും  മകൻ സുജിത്‌ എന്ന  ലാലുക്കുട്ടൻ (35)കൊല്ലപ്പെട്ട കേസിൽ  നീലികുളം വെളുത്തേരിൽ ഷെഹിംഷ (26), അലി അഷ്കർ (21) എന്നിവരാണ്  പിടിയിലായത്. ചൊവ്വാഴ്‌ച രാത്രി പത്തോടെയായിരുന്നു സംഭവം. അയൽവാസികൾ തമ്മിലുള്ള പ്രശ്‌നമാണ്‌ കൊലപാതകത്തിൽ കലാശിച്ചതെങ്കിലും സംഭവത്തെ വർഗീയവൽക്കരിക്കാനുള്ള ശ്രമം പൊലീസ്‌ ഇടപെടലോടെയാണ്‌ ഇല്ലാതായത്‌.  
കുഴിവേലി ജങ്‌ഷനിൽ  മത്സ്യക്കച്ചവടം  നടത്തുന്ന  സരസനും  അയൽവാസിയായ വെളുത്തേരിൽ ഷംസുദീന്റെ ഭാര്യ മണിയെന്ന  ഷൈലജാബീവിയുമായി വാക്‌തർക്കം ഉണ്ടായിരുന്നു.  സരസന്റെ അയൽവാസിയും  ഡ്രൈവറുമായ ലാലുക്കുട്ടനെ പ്രശ്നം പരിഹരിക്കാൻ വിളിച്ചുവരുത്തുകയായിരുന്നു.  ഷൈലജാബീവിയുടെ മക്കളായ ഷെഹിംഷ, അലി അഷ്‌കർ എന്നിവരുമായി  സംസാരിക്കുന്നതിനിടെ വാക്കേറ്റമുണ്ടാകുകയും  സംഘർഷത്തിലെത്തുകയുമായിരുന്നു.  ഇതിനിടെ  അലിഅഷ്കർ ഇറച്ചിക്കടയിലുണ്ടായിരുന്ന  കത്തിയെടുത്ത് സുജിത്തിനെ കുത്തുകയായിരുന്നുവെന്ന്‌ പൊലീസ് പറഞ്ഞു.  സുജിത്തിനെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും  രക്ഷിക്കാനായില്ല. ഇരുവീട്ടുകാരും തമ്മിൽ നേരത്തെയും വഴക്കുണ്ടായിരുന്നു.  
കൊലപാതകത്തെ തുടർന്ന്‌ പ്രദേശത്ത്‌ നിരവധി വീടുകൾ ആക്രമിക്കപ്പെട്ടു. കരുനാഗപ്പള്ളി എസിപി വിദ്യാധരന്റെയും സിഐ മുഹമ്മദ് ഷാഫിയുടെയും നേതൃത്വത്തിൽ വൻ പൊലീസ് സംഘം പ്രദേശത്ത് ക്യാമ്പുചെയ്യുകയാണ്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽകോളേജ്‌ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബുധനാഴ്ച വൈകിട്ടോടെ പുത്തൻതെരുവിൽനിന്നു വിലാപയാത്രയായി വീട്ടുവളപ്പിലെത്തിച്ച്‌ സംസ്കാരിച്ചു. ഭാര്യ: ചിത്ര. മക്കൾ: അനഘ (10), വൈഗ (രണ്ട്‌).
 
പ്രധാന വാർത്തകൾ
 Top