22 October Tuesday

മൈനാഗപ്പള്ളിക്ക്‌ പുതിയ വില്ലേജ് ഓഫീസ്‌ ഉയരും

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2019

മൈനാഗപ്പള്ളി വില്ലേജ് ഓഫീസ്

ശാസ്താംകോട്ട
 സ്മാർട്ടാകാൻ മൈനാഗപ്പള്ളി വില്ലേജ് ഓഫീസും. ഇതിനായി പുതിയ കെട്ടിടം പണിയും.  സ്മാർട്ട് വില്ലേജ് പദ്ധതിയിൽ ഉൾപ്പെടുത്തി 45 ലക്ഷം രൂപ ചെലവഴിച്ചാണ്  1650 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള പുതിയ  കെട്ടിടം  നിർമിക്കുന്നത്.  സർക്കാർ ഉത്തരവ് പുറത്തിറങ്ങി. നിലവിലെ കെട്ടിടം പൊളിച്ചുനീക്കുന്നതിനുള്ള ടെൻഡർ നടപടികളും പൂർത്തിയായി. ഇതിന്റെ ഭാഗമായി ഓഫീസ്‌  പ്രവർത്തനം 16 മുതൽ മൈനാഗപ്പള്ളി വിഎംകെ ഓഡിറ്റോറിയത്തിനു സമീപമുള്ള വാടകക്കെട്ടിടത്തിലേക്ക് മാറും. പഴയ കെട്ടിടം പൊളിച്ചുമാറ്റി ആറുമാസത്തിനുള്ളിൽ പുതിയ കെട്ടിടം നിർമിച്ചു പ്രവർത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. പൊതുമരാമത്ത് വകുപ്പിനാണ് നിർമാണച്ചുമതല.
വർഷങ്ങൾ പഴക്കമുള്ളതും ഇടിഞ്ഞുപൊളിഞ്ഞ് വീഴാറായതുമായ കെട്ടിടം  പൊളിച്ചുമാറ്റി പുതിയ കെട്ടിടം നിർമിക്കണമെന്നത് വർഷങ്ങളായുള്ള ആവശ്യമായിരുന്നു. ദിവസവും നൂറുകണക്കിന് ആളുകൾ വിവിധ ആവശ്യത്തിന് എത്തുന്ന മൈനാഗപ്പള്ളി വില്ലേജ് ഓഫീസിൽ നിലവിലെ ചെറിയ കെട്ടിടത്തിൽ നിന്നുതിരിയാൻ ഇടമില്ലാതെ ഉദ്യോഗസ്ഥരും പൊതുജനങ്ങളും ഏറെ ബുദ്ധിമുട്ടുകയായിരുന്നു. ഇപ്പോഴുള്ള കെട്ടിടത്തിന്റെ കോൺക്രീറ്റ് ഭാഗം അടർന്നുവീണ് വില്ലേജ് ഓഫീസിലെത്തിയ വീട്ടമ്മയ്‌ക്ക് അടുത്ത സമയത്ത് പരിക്കേറ്റിരുന്നു. പുതിയ കെട്ടിടം ഉണ്ടാകുന്നതോടെ എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം ഉണ്ടാകും.
ഈ കോമ്പൗണ്ടിൽ തന്നെയാണ് മൃഗാശുപത്രി, ആയുർവേദാശുപത്രി, ഹോമിയോ ക്ലിനിക്, വില്ലേജ് ഓഫീസ്‌ എന്നിവ സ്ഥിതി ചെയ്യുന്നത്. ദിനംപ്രതി നൂറുകണക്കിന് ജനങ്ങൾ എത്തുന്ന ഇവിടെ വിശ്രമിക്കാനായി കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന്‌ 15 ലക്ഷം രൂപ ചെലവഴിച്ച്‌ വിശ്രമകേന്ദ്രവും നിർമിക്കുന്നുണ്ട്. മുലയൂട്ടൽ കേന്ദ്രം ഉൾപ്പെടെ നിർമിക്കുന്ന കെട്ടിടത്തിന്റെ നിർമാണം 80 ശതമാനം പൂർത്തീകരിച്ചു.
പ്രധാന വാർത്തകൾ
 Top