27 September Sunday

മാസ്‌ക്‌ ഉപേക്ഷിക്കലോ... ഡോണ്ട്‌ വറി

സ്വന്തം ലേഖകന്‍Updated: Wednesday Aug 12, 2020

ഉപയോഗിച്ച മാസ്‌ക്‌ അണുവിമുക്തമാക്കി നശിപ്പിക്കാൻ സഹായിക്കുന്ന വൈറസ് ഇൻസിനറേറ്റർ ബിൻ

കൊല്ലം
ഉപയോഗം കഴിഞ്ഞ മാസ്‌ക്‌ ചില്ലറ തലവേദനയല്ല ഉണ്ടാക്കുന്നത്‌. വൈറസ്‌ പേടിയിൽ‌  ഉപേക്ഷിക്കലും റിസ്‌ക്‌. അപ്പോ പിന്നെ നശിപ്പിച്ചു‌കളയലേ നിവൃത്തിയുള്ളൂ. അതും അണുവിമുക്തമാക്കി നശിപ്പിക്കണം. അതിനുള്ള “വൈറസ് ഇൻസിനറേറ്റർ ബിൻ’ അഥവാ വൈബിൻ എന്ന ഉപകരണവുമായാണ്‌ പാരിപ്പള്ളി വികെസിഇടി എൻജിനിയറിങ്‌ കോളേജിലെ  ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിദ്യാർഥി എ ബി അനന്തുവിന്റെ വരവ്‌. 
അൾട്രാവയലറ്റ് ഡിഡ്‌ ഇൻഫെക്‌ഷൻ ടെക്നോളജി ഉപയോഗിച്ചാണ്  അണുവിമുക്തമാക്കൽ.  ഉപകരണത്തിൽ സ്പർശിക്കാതെ മാസ്ക് നിക്ഷേപിച്ച്‌‌ ഓട്ടോമാറ്റിക് സാനിറ്റൈസറിൽ കൈ ശുചീകരിക്കാം. ഉപകരണത്തിന്റെ  കൂടെ “വൈബിൻ കണക്റ്റ്’ എന്ന മൊബൈൽ ആപ്ലിക്കേഷനും നിർമിച്ചിട്ടുണ്ട്.
അണുവിമുക്തമാക്കുന്ന മാസ്കുകൾ യൂണിറ്റിലെ മറ്റൊരു ചേംബറിൽ  ശേഖരിക്കും. 
മാസ്കുകൾ നിശ്ചിത എണ്ണമാകുമ്പോൾ  ഇലക്ട്രിക് ഇൻസിനറേറ്റർ യൂണിറ്റിലേക്ക് മാറ്റുകയും കത്തിചാരമാകുകയും ചെയ്യും. അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ചുള്ള ഡിസ് ഇൻഫെക്‌ഷന്‍ ആയതിനാൽ ഉപഭോക്താവിന്റെ സുരക്ഷ ഉറപ്പാക്കുന്നു. മാതൃകാരൂപം നിർമിക്കാൻ 10,000 രൂപയാണ്‌ ചെലവ്‌. വൈബിനിന്റെ കോംപാക്ട് യൂണിറ്റ് വാണിജ്യാടിസ്ഥാനത്തിൽ കുറഞ്ഞ ചെലവിൽ നിർമിക്കാം. സൗരോർജത്തിൽ പ്രവർത്തിക്കുന്നതിനാൽ പൊതുസ്ഥലങ്ങളിലും സ്ഥാപിക്കാമെന്ന്‌ അനന്തു വാർത്താസമ്മേളനത്തിൽ പറഞ്ഞു.  
കോളേജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ്‌ അസിസ്റ്റന്റ് പ്രൊഫസർമാരായ ഹരിൻ എം മോഹൻ, എം അഭിജിത് എന്നിവരുടെ  മാർഗ നിർദേശമനുസരിച്ചാണ് രൂപകൽപ്പന. കോളേജ് മാനേജർ എ അനീഷ്‌കുമാർ, ജോയിന്റ്‌ സെക്രട്ടറി എസ്‌ സുജിത് ‌ എന്നിവരും വാർത്താസമ്മേളനത്തിൽ 
പങ്കെടുത്തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top